അഞ്ച് വിക്കറ്റെടുത്ത അമയ് മനോജിന് പുറമെ മൂന്ന് വിക്കറ്റ് വീഴ്ത്തിയ തോമസ് മാത്യുവിൻ്റെ പ്രകടനവും കേരള ബൗളിങ് നിരയിൽ ശ്രദ്ധേയമായി.

ഹസാരിബാ​ഗ്: 19 വയസ്സിൽ താഴെയുള്ളവർക്കായുള്ള കൂച്ച് ബെഹാർ ട്രോഫിയിൽ ജാ‍ർഖണ്ഡിനെതിരെ കേരളത്തിന് 187 റൺസ് വിജയലക്ഷ്യം. ആദ്യ ഇന്നിങ്സിൽ 127 റൺസിൻ്റെ ലീഡ് വഴങ്ങിയ ജാർഖണ്ഡ് രണ്ടാം ഇന്നിങ്സിൽ 313 റൺസിന് ഓൾഔട്ടായി. തുട‍ർന്ന് മറുപടി ബാറ്റിങ് തുടങ്ങിയ കേരളം കളി നിർത്തുമ്പോൾ ഒരു വിക്കറ്റ് നഷ്ടത്തിൽ 11 റൺസെന്ന നിലയിലാണ്. കേരളത്തിന് വേണ്ടി അഞ്ച് വിക്കറ്റുകൾ വീഴ്ത്തിയ അമയ് മനോജിൻ്റെയും ജാർഖണ്ഡിന് വേണ്ടി സെഞ്ച്വറി നേടിയ അൻമോൽ രാജിൻ്റെയും പ്രകടനമായിരുന്നു മൂന്നാം ദിവസം ശ്രദ്ധേയമായത്. സ്കോ‍ർ: ജാർഖണ്ഡ് 206, 313, കേരളം 333,11/1.

രണ്ട് വിക്കറ്റിന് 55 റൺസെന്ന നിലയിൽ മൂന്നാം ദിവസം കളി തുടങ്ങിയ ജാർഖണ്ഡിന് ഒൻപത് റൺസ് കൂടി കൂട്ടിച്ചേർക്കുന്നതിനിടെ രണ്ട് വിക്കറ്റ് കൂടി നഷ്ടമായി. അ‍ർജുൻ പ്രിയദ‍ർശി 16ഉം സാകേത് കുമാ‍ർ പൂജ്യത്തിനും പുറത്തായി. അമയ് മനോജായിരുന്നു രണ്ട് വിക്കറ്റുകളും വീഴ്ത്തിയത്. ഇതോടെ നാല് വിക്കറ്റിന് 64 റൺസെന്ന നിലയിലായ ജാർഖണ്ഡിനെ യഷ് റാഥോറും അൻമോൽ രാജും ചേ‍ർന്ന അഞ്ചാം വിക്കറ്റ് കൂട്ടുകെട്ടാണ് കരകയറ്റിയത്. 174 റൺസാണ് ഇരുവരും ചേ‍ർന്ന് കൂട്ടിച്ചേ‍ർത്തത്. ഒടുവിൽ 133 റൺസെടുത്ത അൻമോലിനെ പുറത്താക്കി തോമസ് മാത്യുവാണ് ഈ കൂട്ടുകെട്ടിന് അവസാനമിട്ടത്.

ഏഴ് ബൗണ്ടറികളും പത്ത് സിക്സും അടങ്ങുന്നതായിരുന്നു അൻമോലിൻ്റെ ഇന്നിങ്സ്. 77 റൺസെടുത്ത യഷ് റാഥോറിനെ ജോബിൻ ജോബി റണ്ണൗട്ടാക്കി. തുട‍ർന്നെത്തിയവർ കാര്യമായ ചെറുത്തുനില്പില്ലാതെ മടങ്ങിയതോടെ 313 റൺസിന് ജാർഖണ്ഡിൻ്റെ ഇന്നിങ്സിന് അവസാനമായി. അഞ്ച് വിക്കറ്റെടുത്ത അമയ് മനോജിന് പുറമെ മൂന്ന് വിക്കറ്റ് വീഴ്ത്തിയ തോമസ് മാത്യുവിൻ്റെ പ്രകടനവും കേരള ബൗളിങ് നിരയിൽ ശ്രദ്ധേയമായി.

രണ്ടാം ഇന്നിങ്സിൽ ബാറ്റിങ് തുടങ്ങിയ കേരളത്തിന് ഓപ്പണർ സം​ഗീത് സാ​ഗറിൻ്റെ വിക്കറ്റ് തുടക്കത്തിൽ തന്നെ നഷ്ടമായി. കളി നി‍ർത്തുമ്പോൾ ഒരു വിക്കറ്റിന് 11 റൺസെന്ന നിലയിലാണ് കേരളം. ജോബിൻ ജോബിയും ദേവ​ഗിരിയുമാണ് ക്രീസിൽ.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക