മുംബൈ: യുവതാരം പൃഥ്വി ഷായുടെ ബാറ്റിംഗിലെ പിഴവുകള്‍ ചൂണ്ടിക്കാട്ടി സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍. അഡലെയ്ഡ് ടെസ്റ്റിന്റെ രണ്ട് ഇന്നിംഗ്‌സിലും പൂര്‍ണ പരാജയമായതോടെയാണ് ഓപ്പണറായ പൃഥ്വിക്കെതിരെ കടുത്ത വിമര്‍ശനങ്ങള്‍ ഉയര്‍ന്നത്. ആദ്യ ഇന്നിംഗ്‌സില്‍ പൂജ്യത്തിനും രണ്ടാം ഇന്നിംഗ്‌സില്‍ നാല് റണ്ണിനുമാണ് മുംബൈ ഓപ്പണര്‍ പുറത്തായത്. പ്രതിഭയുള്ള താരമാണെങ്കിലും പൃഥ്വിയുടെ ബാറ്റിംഗിലെ സാങ്കേതിക പിഴവാണ് ഇപ്പോഴത്തെ മോശംപ്രകടനത്തിന് കാരണമെന്ന് സച്ചിന്‍ ചൂണ്ടിക്കാട്ടുന്നു. 

''പൃഥ്വി ബാറ്റ് ചെയ്യുമ്പോള്‍ കൈകള്‍ ശരീരത്തില്‍ നിന്ന് അകുന്നുപോകുന്നു. കൈകള്‍ ശരീരത്തോട് അടുത്ത് നില്‍ക്കണം. അല്ലെങ്കില്‍ ഇപ്പോള്‍ പുറത്താവുന്നതുപോലെ പൃഥ്വിയെ വീഴ്ത്താമെന്ന് ബൗളര്‍മാര്‍ കരുതും. പൃഥ്വിയുടെ ബാക്ക് ലിഫ്റ്റ് ഫോര്‍ത്ത് സ്ലിപ്പ് മുതല്‍ ഗള്ളി വരെ പോകുന്നു. ഇത് ബാറ്റിനും പാഡിനും ഇടയിലൂടെ പന്ത് പോകാന്‍ കാരണമാവും. പന്ത് എത്തുന്നതിന് കുറച്ച് മുന്‍പേ ഷോട്ടിന് തയ്യാറെടുക്കുന്നതാവും പൃഥ്വിക്ക് ഗുണം ചെയ്യില്ല.'' സച്ചിന്‍ പുറഞ്ഞു.

അടുത്ത മൂന്ന് ടെസ്റ്റുകളില്‍ ടീമിനെ നയിക്കുന്ന അജിന്‍ക്യ രഹാനയേയും സച്ചിന്‍ പുകഴ്ത്തി. കോലിയുടെ അഭാവത്തിലും ഇന്ത്യയെ മികച്ച  രീതിയില്‍ നയിക്കാന്‍ രഹാനെയ്ക്ക് കഴിയുമെന്നാണ് സച്ചിന്റെ അഭിപ്രായം. ''കാഴ്ചയില്‍ രഹാനെ ശാന്തനാണ്. എന്നാല്‍ സന്ദര്‍ഭത്തിന് അനുസരിച്ച് ആക്രമണോത്സുകതയോടെ കളിക്കാനും തീരുമാനം എടുക്കാനും രഹാനെയ്ക്ക് കഴിയും. ക്യാപ്റ്റന്‍സിയില്‍ കോലിയുടെ അഭാവം അറിയാത്ത രീതിയില്‍ തന്നെ രഹാനെ ടീമിനെ നയിക്കും.'' സച്ചിന്‍ കൂട്ടിച്ചേര്‍ത്തു. 

നാട്ടിലേക്ക് മടങ്ങിയ കോലിക്ക് പകരം രഹാനെയാണ് ഇനിയുള്ള മൂന്ന് ടെസ്റ്റുകളില്‍ ഇന്ത്യയെ നയിക്കുക. രഹാനെയ്ക്ക് കീഴില്‍ കളിച്ച രണ്ട് ടെസ്റ്റിലും ഇന്ത്യ ജയിച്ചിരുന്നു. 2017ല്‍ ഓസ്‌ട്രേലിയയെയും രഹാനെയുടെ നേതൃത്വത്തില്‍ ഇറങ്ങിയ ഇന്ത്യ തോല്‍പ്പിച്ചിരുന്നു.