സൂപ്പര്‍ ഓവര്‍ നിയമത്തിലെ ചരിത്ര മാറ്റം സ്വാഗതം ചെയ്ത് മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍

മുംബൈ: സൂപ്പര്‍ ഓവറിലെ ടൈ നിയമം മാറ്റിയതിനെ പിന്തുണച്ച് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെന്‍ഡുൽക്കര്‍. സൂപ്പര്‍ ഓവറിലും ടൈ ആയാല്‍ വീണ്ടും സൂപ്പര്‍ ഓവര്‍ കളിക്കണമെന്ന പുതിയ ഭേദഗതി സ്വാഗതാര്‍ഹമാണെന്ന് മാസ്റ്റര്‍ ബ്ലാസ്റ്റര്‍ അഭിപ്രായപ്പെട്ടു. രണ്ട് ടീമുകള്‍ ഒപ്പത്തിനൊപ്പമെങ്കില്‍ വിജയിയെ കണ്ടെത്താന്‍ പുതിയ നിയമമാണ് ഉചിതമായ മാര്‍ഗമെന്നും സച്ചിന്‍ ട്വീറ്റ് ചെയ്തു. 

ലോകകപ്പ് ഫൈനല്‍ വിവാദത്തിന് തൊട്ടുപിന്നാലെ സൂപ്പര്‍ ഓവര്‍ നിയമത്തെ വിമര്‍ശിച്ച് സച്ചിന്‍ രംഗത്തെത്തിയിരുന്നു. സൂപ്പര്‍ ഓവറിലും ടൈ ആയാല്‍ കൂടുതൽ ബൗണ്ടറികള്‍ നേടുന്ന ടീം വിജയിക്കുന്നതായിരുന്നു പഴയനിയമം. എന്നാൽ വീണ്ടും സൂപ്പര്‍ ഓവര്‍ കളിക്കുകയാണ് വേണ്ടതെന്ന് സച്ചിന്‍ അന്നേ അഭിപ്രായപ്പെട്ടിരുന്നു.

ലോകകപ്പ് ഫൈനലില്‍ ഇംഗ്ലണ്ടിന്റെയും ന്യൂസിലന്‍ഡിന്റെയും സ്‌കോര്‍ നിശ്ചിത ഓവറുകളിലും സൂപ്പര്‍ ഓവറിലും ടൈ ആയതിനെത്തുടര്‍ന്ന് കൂടുതല്‍ ബൗണ്ടറികള്‍ നേടിയ ടീമെന്ന നിലയ്‌ക്ക് ഇംഗ്ലണ്ടിനെ വിജയികളായി പ്രഖ്യാപിക്കുകയായിരുന്നു. ഈ നിയമം അന്ന് വന്‍ വിവാദങ്ങള്‍ക്കാണ് വഴിതുറന്നത്.