Asianet News MalayalamAsianet News Malayalam

സച്ചിന് ഇത്തവണ ആഘോഷങ്ങളില്ലാത്ത പിറന്നാള്‍

നേരത്തെ കൊവിഡ് ബാധിതരെ സഹായിക്കാനായി സച്ചിന്‍ പ്രധാനമന്ത്രിയുടെ പി എം കെയേഴ്സ് ഫണ്ടിലേക്കും മഹാരാഷ്ട്ര മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുമായി 25 ലക്ഷം രൂപ വീതം സംഭാവന നല്‍കിയിരുന്നു.

Sachin Tendulkar will not celebrate 47th birthday
Author
Mumbai, First Published Apr 22, 2020, 9:06 PM IST

മുംബൈ: ബാറ്റിംഗ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ 47-ാം ജന്‍മദിനമാണ് വെള്ളിയാഴ്ച.  എന്നാല്‍ ഇത്തവണ പിറന്നാളിന് ആഘോഷങ്ങളൊന്നുമുണ്ടാകില്ലെന്ന് സച്ചിന്‍ വ്യക്തമാക്കിക്കഴിഞ്ഞു. കൊവിഡ് വൈറസ് രോഗബാധക്കെതിരായ പോരാട്ടത്തില്‍ മുന്‍നിരയിലുള്ളവര്‍ക്ക് ഐക്യദാര്‍ഢ്യവും പിന്തുണയും അറിയിക്കാനായാണ് പിറന്നാളാഘോഷം ഒഴിവാക്കുന്നതെന്ന് സച്ചിന്‍ പറഞ്ഞു.

ഇത് ആഘോഷത്തിന്റെ സമയമല്ലെന്ന് സച്ചിന്‍ അറിയിച്ചതായി അദ്ദേഹത്തോട് അടുത്തവൃത്തങ്ങളെ ഉദ്ധരിച്ച് പിടിഐ റിപ്പോര്‍ട്ട് ചെയ്തു. കൊവിഡിനെതിരായ പോരാട്ടത്തില്‍ മുന്‍നിരയിലുള്ള ഡോക്ടര്‍മാര്‍, നേഴ്സുമാര്‍, പാരാമെഡിക്കല്‍ സ്റ്റാഫുകള്‍, പൊലീസുകാര്‍, സൈനികര്‍ എന്നിവര്‍ക്ക് ആദരമര്‍പ്പിക്കാനുളള ഏറ്റവും വലിയ അവസരമായാണ് സച്ചിന്‍ ഇതിനെ കാണുന്നതെന്നും അടുത്തവൃത്തങ്ങള്‍ വ്യക്തമാക്കി.

നേരത്തെ കൊവിഡ് ബാധിതരെ സഹായിക്കാനായി സച്ചിന്‍ പ്രധാനമന്ത്രിയുടെ പി എം കെയേഴ്സ് ഫണ്ടിലേക്കും മഹാരാഷ്ട്ര മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുമായി 25 ലക്ഷം രൂപ വീതം സംഭാവന നല്‍കിയിരുന്നു. മഹാരാഷ്ട്രയിലെ 5000 പേര്‍ക്ക് ഒരു മാസത്തെ സൗജന്യ റേഷന്‍ നല്‍കാനും സച്ചിന്‍ മുന്നോട്ടുവന്നിരുന്നു.

സച്ചിന്റെ 47-ാം പിറന്നാള്‍ ആഘോഷമാക്കാന്‍ അദ്ദേഹത്തിന്റെ ആരാധകര്‍ ഒരുക്കങ്ങള്‍ തുടങ്ങിയിരുന്നു. സമൂഹമാധ്യമങ്ങളിലെ ആരാധക കൂട്ടായ്മകളിലും ഇതിനായുള്ള പ്രവര്‍ത്തനങ്ങള്‍ ആരാധകര്‍ സജീവമാക്കിയിരുന്നു. ഇതിനിടെയാണ് ഇത്തവണ ആഘോഷങ്ങളില്ലാത്ത പിറന്നാളായിരിക്കുമെന്ന് സച്ചിന്‍ അറിയിച്ചത്.

ഇന്ത്യയില്‍ 20000ല്‍ അധികേ പേര്‍ക്കാണ് ഇതുവരെ കൊവിഡ് 19 വൈറസ് രോഗബാധ സ്ഥിരീകരിച്ചത്. 650 പേരാണ് ഇതുവരെ രോഗബാധമൂലം മരിച്ചത്.

Follow Us:
Download App:
  • android
  • ios