മുംബൈ: ഇന്ത്യ-ദക്ഷിണാഫ്രിക്ക ടെസ്റ്റിനിടെയാണ് അജിങ്ക്യാ രഹാനെ പെണ്‍കുഞ്ഞിന്റെ അച്ഛനായത്. ഭാര്യ രാധികയ്ക്കൊപ്പം കുഞ്ഞിനെ എടുത്തുകൊണ്ടു നില്‍ക്കുന്ന ചിത്രം രഹാനെ കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തിരുന്നു.

ഇതിന് പിന്നാലെ ക്രിക്കറ്റ് ലോകത്തുനിന്ന് നിരവധിപേര്‍ ആശംസയുമായി എത്തി. എന്നാല്‍ വ്യത്യസ്തമായതും രസകരമായതുമായ അഭിനന്ദനം ഇതിഹാസതാരം സച്ചിന്‍ ടെന്‍ഡുല്‍ക്കറുടേത് ആയിരുന്നു. രാധികയ്ക്കും അജിങ്ക്യക്കും അഭിനന്ദനങ്ങള്‍. ആദ്യ കുട്ടിയുടെ മാതാപിതാക്കളാക്കുന്നതിന്റെ സന്തോഷം സമാനതകളില്ലാത്തതാണ്. ഡയപ്പറുകള്‍ മാറ്റുന്ന നൈറ്റ് വാച്ചമാന്റെ പുതിയ റോള്‍ ആസ്വദിക്കൂ എന്നായിരുന്നു സച്ചിന്റെ ട്വീറ്റ്.

രഹാനെ അച്ഛനായ വാര്‍ത്ത ഹര്‍ഭജന്‍ സിംഗാണ് ട്വീറ്റിലൂടെ ആദ്യം ആരാധകരെ അറിയിച്ചത്. തന്റെ ബാല്യകാല സുഹൃത്തായ രാധികയെ 2014ലാണ് രഹാനെ വിവാഹം കഴിച്ചത്.