Asianet News MalayalamAsianet News Malayalam

സച്ചിന് ഇറങ്ങാനായില്ല, ലക്ഷ്മണ്‍ കുളിക്കുന്നു, അന്ന് ഗാംഗുലി ടൈംഡ് ഔട്ട് നിന്ന് രക്ഷപ്പെട്ടത് തലനാരിഴക്ക്

എന്നാല്‍ ആ റെക്കോര്‍ഡ് ആദ്യം പേരിലാക്കേണ്ടിയിരുന്ന കളിക്കാരന്‍ ശരിക്കും മാത്യൂസ് ആയിരുന്നില്ല. ഇന്ത്യയുടെ മുന്‍ നായകന്‍ സൗരവ് ഗാംഗുലിയായിരുന്നു. 2007ലെ ഇന്ത്യ-ദക്ഷിണാഫ്രിക്ക കേപ്‌ടൗണ്‍ ടെസ്റ്റിലായിരുന്നു നാടകീയ സംഭവം.

Sachin was not allowed, Laxman was taking a shower, Ganguly escapes Timed Out in 2007
Author
First Published Nov 7, 2023, 8:44 AM IST

മുംബൈ: ശ്രീലങ്കന്‍ താരം ഏയ്ഞ്ചലോ മാത്യൂസിനെ ബംഗ്ലാദേശ് നായകന്‍ ഷാക്കിബ് അല്‍ ഹസന്‍ ടൈംഡ് ഔട്ട് വിളിച്ച് പുറത്താക്കിയതിനെക്കുറിച്ചാണ് ഇപ്പോള്‍ ക്രിക്കറ്റ് ലോകത്ത് ചര്‍ച്ച. ഷാക്കിബ് ചെയ്തത് ക്രിക്കറ്റിന്‍റെ മാന്യതക്ക് നിരക്കുന്നതല്ലെന്നും എന്നാല്‍ നിയമം അനുവദിക്കുന്നത് മാത്രമെ ഷാക്കിബ് ചെയ്തിട്ടുള്ളൂവെന്നും വാദപ്രതിവാദങ്ങളുമായി ആരാധകരും ഒപ്പമുണ്ട്. അതെന്തായാലും 148 വര്‍ഷത്തെ ക്രിക്കറ്റ് ചരിത്രത്തില്‍ ടൈംഡ് ഔട്ടാവുന്ന ആദ്യ ബാറ്ററെന്ന നാണക്കേട് എന്തായാലും ഏയ്ഞ്ചലോ മാത്യൂസിന്‍റെ പേരിലായി.

എന്നാല്‍ ആ റെക്കോര്‍ഡ് ആദ്യം പേരിലാക്കേണ്ടിയിരുന്ന കളിക്കാരന്‍ ശരിക്കും മാത്യൂസ് ആയിരുന്നില്ല. ഇന്ത്യയുടെ മുന്‍ നായകന്‍ സൗരവ് ഗാംഗുലിയായിരുന്നു. 2007ലെ ഇന്ത്യ-ദക്ഷിണാഫ്രിക്ക കേപ്‌ടൗണ്‍ ടെസ്റ്റിലായിരുന്നു നാടകീയ സംഭവം. ടെസ്റ്റിന്‍റെ നാലാം ദിനം രണ്ടാം ഇന്നിംഗ്സില്‍ ഇന്ത്യക്ക് ഓപ്പണര്‍മാരായ വീരേന്ദര്‍ സെവാഗിനെയും വസീം ജാഫറിനെയും അതിവേഗം നഷ്ടമായി. നാലാ നമ്പറില്‍ ബാറ്റിംഗിന് ഇറങ്ങേണ്ടിയിരുന്നത് സച്ചിന്‍ ടെന്‍ഡുല്‍ക്കറായിരുന്നു. എന്നാല്‍ സച്ചിന്‍ ഇറങ്ങാനൊരുങ്ങവെ നാലാം അമ്പയര്‍ ഇടപെട്ടു. തലേദിവസം സച്ചിന്‍ 12 മിനിറ്റോളം ഗ്രൗണ്ടില്‍ നിന്ന് വിട്ടു നിന്നതിനാല്‍ നാലാം ദിനം അത്രയും സമയം കഴിഞ്ഞെ ഫീല്‍ഡില്‍ ഇറങ്ങാനാവു എന്ന് അമ്പയര്‍ ചൂണ്ടിക്കാട്ടി.

ടൈംഡ് ഔട്ടാക്കി നാണംകെടുത്തിയ ഷാക്കിബിനെ പുറത്താക്കി മാത്യൂസിന്‍റെ മധുരപ്രതികാരം-വീഡിയോ

ഇതോടെ സച്ചിന് പകരം ഇറങ്ങേണ്ടിയിരുന്നത് അടുത്ത ബാറ്ററായിരുന്ന വിവിഎസ് ലക്ഷ്മണ്‍ ആയിരുന്നെങ്കിലും തുടക്കത്തിലെ വിക്കറ്റ് വീഴ്ച അപ്രതീക്ഷിതമായതിനാല്‍ ലക്ഷ്മണ്‍ ഈ സമയം ബാത്‌റൂമില്‍ കുളിക്കുകയായിരുന്നു. ഇതോടെ ആറാമനായി ക്രീസിലെത്തേണ്ട സൗരവ് ഗാംഗുലി നാലാം നമ്പറില്‍ ഇറങ്ങാന്‍ നിര്‍ബന്ധിതനായി.

എന്നാല്‍ ഗാംഗുലി പാഡൊക്കെ ധരിച്ച് ഇറങ്ങിയപ്പോഴേക്കും ആറ് മിനിറ്റിലധികം എടുത്തു. ഐസി സി നിയമപ്രകാരം ടെസ്റ്റില്‍ ബാറ്റര്‍ ക്രീസിലെത്താന്‍ മൂന്ന് മിനിറ്റില്‍ കൂടുതല്‍ സമയമെടുത്താല്‍ ടൈംഡ് ഔട്ടിന് അപ്പീല്‍ ചെയ്യാമെങ്കിലും ദക്ഷിണാഫ്രിക്കന്‍ നായകന്‍ ഗ്രെയിം സ്മിത്ത് അപ്പീല്‍ ചെയ്തില്ല. അങ്ങനെ ടൈംഡ് ഔട്ടിലൂടെ പുറത്താവുന്ന ആദ്യ കളിക്കാരനെന്ന നാണക്കേടില്‍ നിന്ന് ഗാംഗുലി രക്ഷപ്പെട്ടു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Follow Us:
Download App:
  • android
  • ios