ഐപിഎൽ സീസണിലെ ആദ്യ മത്സരത്തിൽ മുംബൈ ഇന്ത്യൻസ് അവസാനമായി ഒരു വിജയം രുചിച്ചത് 2012-ലാണ്. 

മുംബൈ: ഐപിഎൽ പത്തൊമ്പതാം സീസണിലെ തങ്ങളുടെ ആദ്യ പോരാട്ടത്തിനായി വാംഖഡെ സ്റ്റേഡിയത്തിൽ മുംബൈ ഇന്ത്യൻസ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ നേരിടാൻ ഒരുങ്ങുമ്പോള്‍ ആരാധകരെ ആശങ്കയിലാഴ്ത്തുന്നത് തോറ്രു തുടങ്ങുന്ന മുംബൈയുടെ റെക്കോര്‍ഡാണ്. ഐപിഎൽ ചരിത്രത്തിൽ കഴിഞ്ഞ 13 സീസണുകളായി തങ്ങളുടെ ഉദ്ഘാടന മത്സരത്തിൽ വിജയിക്കാൻ മുംബൈയ്ക്ക് സാധിച്ചിട്ടില്ല.

Add Asianetnews as a Preferred SourcegooglePreferred

ഐപിഎൽ സീസണിലെ ആദ്യ മത്സരത്തിൽ മുംബൈ ഇന്ത്യൻസ് അവസാനമായി ഒരു വിജയം രുചിച്ചത് 2012-ലാണ്. അന്ന് ചെന്നൈയിലെ എം.എ ചിദംബരം സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ചെന്നൈ സൂപ്പർ കിംഗ്സിനെ എട്ട് വിക്കറ്റിന് തകർത്താണ് മുംബൈ തുടങ്ങിയത്. അതിനുശേഷം നടന്ന 13 സീസണുകളിലും (2013 മുതൽ 2025 വരെ) ആദ്യ മത്സരത്തിൽ തോൽക്കാനായിരുന്നു മുംബൈയുടെ വിധി.

കഴിഞ്ഞ സീസണില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനോട് 4 വിക്കറ്റിന് തോറ്റാണ് മുംബൈ തുടങ്ങിയത്. 2024ൽ ഗുജറാത്ത് ടൈറ്റൻസിനോടായിരുന്നു 6 റൺസിന് തോറ്റത്. 2023ലാകട്ടെ ആർസിബിയോട് 8 വിക്കറ്റിന് തോറ്റു. 2022 ഡൽഹി ക്യാപിറ്റൽസിനോട് 4 വിക്കറ്റിന് തോറ്റു. 2021ആർസിബിയോടായിരുന്നു 2 വിക്കറ്റിന് തോറ്റത്. 2020ല്‍ ചെന്നൈ, 2019ല്‍ ഡല്‍ഹി, 2018ല്‍ വീണ്ടും ചെന്നൈ, 2017ലും 2016ലും റൈസിംഗ് പൂനെ സൂപ്പര്‍ ജയന്‍റ്സ്, 2015ലും 2014ലും കൊല്‍ക്കത്ത, 2013ല്‍ ആര്‍സിബി എന്നിങ്ങനെയാണ് മുംബൈ തോറ്റുതുടങ്ങിയ മത്സരങ്ങള്‍.

എതിരാളികളുടെ ഗ്രൗണ്ടിലും സ്വന്തം തട്ടകമായ വാംഖഡെയിലും ഈ പരാജയ പരമ്പര ആവർത്തിച്ചു എന്നത് കൗതുകകരമാണ്. മുംബൈ അവസാനമായി ആദ്യ മത്സരം ജയിച്ചപ്പോള്‍ യുപിഎ സര്‍ക്കാരായിരുന്നു കേന്ദ്രത്തില്‍ അധികാരത്തില്‍. അന്ന് യുപിഐ എന്നോ 5ജി എന്നോ ആളുകള്‍ കേട്ടിട്ടുപോലുമുണ്ടായിരുന്നില്ല. സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ മുംബൈ ടീമില്‍ കളിക്കുന്ന കാലത്തായിരുന്നു അവസാനം മുംബൈ ആദ്യ മത്സരം ജയിച്ചത് എന്നതും കൗതുകകരമാണ്. 

ഹാർദിക് പാണ്ഡ്യയുടെ നേതൃത്വത്തിൽ ഇന്ന് കൊല്‍ക്കത്തക്കെതിരെ ഇറങ്ങുമ്പോള്‍ മുംബൈ ഇന്ത്യൻസ് 13 വർഷത്തെ 'ശാപം' മറികടക്കുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. രോഹിത് ശർമ്മ, സൂര്യകുമാർ യാദവ് തുടങ്ങിയ വമ്പൻ താരനിരയുമായി ഇറങ്ങുന്ന മുംബൈയ്ക്ക് കൊൽക്കത്തയെ തകർത്ത് ഒരു വിജയത്തുടക്കം നൽകാൻ കഴിയുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക