ഏഷ്യ കപ്പിൽ ഇന്ത്യക്കെതിരെ അര്‍ധസെഞ്ചുറി നേടിയ ശേഷം ബാറ്റുകൊണ്ട് വെടിയുതിര്‍ക്കുന്ന ആംഗ്യം കാണിച്ചത് തൻ്റെ സംസ്കാരത്തിൻ്റെ ഭാഗമാണെന്നും രാഷ്ട്രീയ ലക്ഷ്യങ്ങളില്ലെന്നും പാക് ഓപ്പണര്‍ സാഹിബ്സാദ ഫര്‍ഹാന്‍.

ദുബായ്: ഏഷ്യ കപ്പിൽ ഇന്ത്യക്കെതിരായ സൂപ്പര്‍ ഫോര്‍ പോരാട്ടത്തില്‍ അര്‍ധസെഞ്ചുറി നേടിയശേഷം ബാറ്റുകൊണ്ട് ഗ്യാലറിയിലേക്ക് വെടിയുതിര്‍ത്ത് സെഞ്ചുറി ആഘോഷിച്ചതില്‍ മാച്ച് റഫറിക്ക് മുമ്പാകെ വിചിത്ര വിശദീകരണവുമായി പാക് ഓപ്പണര്‍ സാഹിബ്സാദ ഫര്‍ഹാന്‍. ഇന്ത്യയുടെ പരാതിയില്‍ ഐസിസി മാച്ച് റഫറി റിച്ചി റിച്ചാര്‍ഡ്സണ് മുമ്പാകെ വാദം കേള്‍ക്കലിന് എത്തിയപ്പോഴായിരുന്നു ഫര്‍ഹാന്‍റെ വിചിത്രവാദം.

ബാറ്റ് കൊണ്ടു വെടിയുതിർക്കുന്നത് പോലെ കാണിച്ചത് സംസ്കാരത്തിന്‍റെ ഭാഗമാണെന്നാണ് ഫര്‍ഹാന്‍ മാച്ച് റഫറിക്ക് മുമ്പാകെ വിശദീകരിച്ചത്. ആ ആഘോഷത്തിന് ഇന്ത്യയുമായുള്ള പാകിസ്ഥാന്‍റെ സമീപകാല സംഘർഷങ്ങളുമായി ബന്ധമില്ല. പത്താനായ താൻ തോക്കുമായി ആഘോഷിക്കുന്നത് പതിവാണ്. വിവാഹചടങ്ങുകളിലും വെടിയുതിർക്കാറുണ്ടെന്നും ഫർഹാൻ മാച്ച് റഫിക്ക് മുമ്പാകെ വിശദീകരിച്ചു. ആഘോഷത്തിന് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യങ്ങളില്ലാതിരുന്നതിനാൽ നടപടി എടുക്കരുത് എന്നും ഐസിസി മാച്ച് റഫറിയോട് ഫർഹാൻ അഭ്യർത്ഥിച്ചു. താന്‍ മാത്രമല്ല, ഇന്ത്യൻ താരങ്ങളായ വിരാട് കോലിയും എം എസ് ധോണിയുപം മുമ്പ് സമാനമായ രീതിയില്‍ ആഘോഷിച്ചിട്ടുണ്ടെന്നും ഫര്‍ഹാന്‍ പറഞ്ഞു. ഇതോടെ ഫർഹാനെതിരായ നടപടി മാച്ച് റഫറി താക്കീതിൽ ഒതുക്കി.

റൗഫിനും സൂര്യക്കും പിഴശിക്ഷ

ഇന്ത്യക്കെതിരായ മത്സരത്തില്‍ വിവാദ ആംഗ്യം കാട്ടിയ പാക് പേസർ ഹഹാരിസ് റൗഫിനെതിരെയും പെരുമാറ്റച്ചട്ട ലംഘനത്തിന്‍റെ പേരില്‍ ഐസിസി മാച്ച് റഫറി നടപടിയെടുത്തിരുന്നു. പഹല്‍ഗാം ഭീകരാക്രമണത്തെ തുടര്‍ന്ന് ഇന്ത്യ നടത്തിയ ഓപ്പറേഷന്‍ സിന്ദൂര്‍ സൈനിക നടപടിക്കിടെ ഇന്ത്യയുടെ ആറ് യുദ്ധവിമാനങ്ങള്‍ പാകിസ്ഥാന്‍ വെടിവെച്ചിട്ടുവെന്ന അവകാശവാദത്തെ സൂചിപ്പിക്കാനായി റൗഫ് 6-0 എന്ന് വിരലുകള്‍ കൊണ്ട് കാണിച്ചിരുന്നു. ഇതിന്‍റെ പേരില്‍ ഹാരിസിന് മാച്ച് ഫീയുടെ 50 ശതമാനം പിഴ ചുമത്തിയിരുന്നു.

ഗ്രൂപ്പ് ഘട്ടത്തില്‍ പാകിസ്ഥാനെതിരെ ജയിച്ചശേഷം വിജയം ഇന്ത്യയുടെ ധീര സൈനികര്‍ക്കും പഹല്‍ഗാമിലെ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ക്കുമായി സമര്‍പ്പിക്കുന്നുവെന്ന് പറഞ്ഞ ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാര്‍ യാദവിനെതിരെ പാകിസ്ഥാന്‍ നല്‍കിയ പരാതിയില്‍ മാച്ച് ഫീയുടെ 30 ശതമാനം പിഴയൊടുക്കാന്‍ മാച്ച് റഫറി ശിക്ഷിച്ചിരുന്നു. എന്നാല്‍ ഫര്‍ഹാന്‍റെ വിശദീകരണം അംഗീകരിച്ച ഐസിസി മാച്ച് റഫറി ശിക്ഷ താക്കീതില്‍ ഒതുക്കുകയായിരുന്നു.YouTube video player

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക