റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരെ സെഞ്ചുറി നേടിയ ഗുജറാത്ത് ടൈറ്റന്‍സ് ഓപ്പണര്‍ സായ് സുദര്‍ശന്‍ ഐപിഎല്ലില്‍ പുതിയ റെക്കോര്‍ഡ് സ്വന്തമാക്കി. 47-ാം ഇന്നിംഗ്സില്‍ 2000 റണ്‍സ് തികച്ച സുദര്‍ശന്‍, ഏറ്റവും വേഗത്തില്‍ ഈ നേട്ടം കൈവരിക്കുന്ന താരമെന്ന ക്രിസ് ഗെയിലിന്റെ റെക്കോര്‍ഡാണ് മറികടന്നത്. 

ബെംഗളൂരു: റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരെ സെഞ്ചുറി നേടിയതോടെ ഗുജറാത്ത് ടൈറ്റന്‍സ് ഓപ്പണര്‍ സായ് സുദര്‍ശന് ചരിത്ര നേട്ടം. തകര്‍പ്പന്‍ സെഞ്ച്വറിയോടെ (58 പന്തില്‍ 100) തിളങ്ങിയ സുദര്‍ശന്‍, ഐപിഎല്ലില്‍ ഏറ്റവും വേഗത്തില്‍ 2000 റണ്‍സ് തികയ്ക്കുന്ന താരമെന്ന റെക്കോര്‍ഡും സ്വന്തമാക്കി. തന്റെ 47-ാം ഇന്നിംഗ്സിലാണ് സായ് സുദര്‍ശന്‍ ഈ നാഴികക്കല്ല് പിന്നിട്ടത്. ഇതിഹാസ താരം ക്രിസ് ഗെയിലിന്റെ റെക്കോര്‍ഡാണ് ഇതോടെ പഴങ്കഥയായത്. 48 ഇന്നിംഗ്സുകളില്‍ നിന്നായിരുന്നു ഗെയ്ല്‍ മുന്‍പ് ഈ നേട്ടം കൈവരിച്ചിരുന്നത്. സീസണിന്റെ തുടക്കത്തില്‍ ഫോം കണ്ടെത്താന്‍ പ്രയാസപ്പെട്ട സുദര്‍ശന്‍, നിര്‍ണ്ണായക മത്സരത്തില്‍ തന്നെ തന്റെ മികവ് പുറത്തെടുത്തു.

ഏറ്റവും വേഗത്തില്‍ 2000 ഐപിഎല്‍ റണ്‍സ് തികച്ച താരങ്ങള്‍

സായ് സുദര്‍ശന്‍ - 47 ഇന്നിംഗ്സ്

ക്രിസ് ഗെയ്ല്‍ - 48 ഇന്നിംഗ്സ്

ഷോണ്‍ മാര്‍ഷ് - 52 ഇന്നിംഗ്സ്

റുതുരാജ് ഗെയ്ക്വാദ് - 57 ഇന്നിംഗ്സ്

കെഎല്‍ രാഹുല്‍ - 60 ഇന്നിംഗ്സ്

പന്തുകളുടെ കാര്യത്തില്‍, ഏറ്റവും വേഗത്തില്‍ 2000 ഐപിഎല്‍ റണ്‍സ് എന്ന നേട്ടം കൈവരിക്കുന്ന ആറാമത്തെ ഇന്ത്യന്‍ ബാറ്റ്സ്മാനാണ് സുദര്‍ശന്‍.

1193 - അഭിഷേക് ശര്‍മ്മ

1211 - വീരേന്ദര്‍ സെവാഗ്

1306 - റിഷഭ് പന്ത്

1326 - യശസ്വി ജയ്സ്വാള്‍

1353 - യൂസഫ് പത്താന്‍

1361 - സായ് സുദര്‍ശന്‍

സീസണിലെ തങ്ങളുടെ അവസാന ഹോം മത്സരത്തില്‍ ടോസ് നേടിയ ആര്‍സിബി ക്യാപ്റ്റന്‍ രജത് പാട്ടിദാര്‍ ഫീല്‍ഡിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. മുംബൈ ഇന്ത്യന്‍സിനോട് കഴിഞ്ഞ മത്സരത്തില്‍ നേരിട്ട 99 റണ്‍സിന്റെ കനത്ത തോല്‍വിക്ക് ശേഷം വിജയവഴിയില്‍ തിരിച്ചെത്താനാണ് ഗുജറാത്ത് ലക്ഷ്യമിടുന്നത്. ഗുജറാത്ത് ടൈറ്റന്‍സിനായി വെസ്റ്റ് ഇന്‍ഡീസ് താരം ജേസണ്‍ ഹോള്‍ഡര്‍ ഈ മത്സരത്തില്‍ അരങ്ങേറ്റം കുറിച്ചു.

YouTube video player