എട്ട് മത്സരങ്ങളില്‍ 417 റണ്‍സാണ് സായ് ഇതുവരെ നേടിയത്. 52.12 ശരാശരിയിലും 152.19 സ്‌ട്രൈക്ക് റേറ്റിലുമാണ് നേട്ടം.

മുംബൈ: ഐപിഎല്‍ പതിനെട്ടാം സീസണില്‍ റണ്‍വേട്ടക്കാരുടെ പട്ടികയില്‍ ഓറഞ്ച് ക്യാപ്പ് തിരിച്ചുപിടിച്ച് ഗുജറാത്ത് ടൈറ്റന്‍സിന്റെ സായ് സുദര്‍ശന്‍. ഇന്നലെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ 36 പന്തില്‍ 52 റണ്‍സ് നേടിയതോടെയാണ് ഓറഞ്ച് വീണ്ടും സായിയുടെ തലയിലായത്. എട്ട് മത്സരങ്ങളില്‍ 417 റണ്‍സാണ് സായ് ഇതുവരെ നേടിയത്. 52.12 ശരാശരിയിലും 152.19 സ്‌ട്രൈക്ക് റേറ്റിലുമാണ് നേട്ടം. രണ്ടാം സ്ഥാനത്തുള്ള നിക്കോളാസ് പുരാനേക്കാള്‍ 49 റണ്‍സ് കൂടുതല്‍. പുരാനും എട്ട് മത്സരങ്ങള്‍ പൂര്‍ത്തിയാക്കി. 205.59 സ്‌ട്രൈക്ക് റേറ്റിലും 52.57 ശരാശരിയിലും 368 റണ്‍സാണ് സായ് അടിച്ചെടുത്തത്.

കൊല്‍ക്കത്തയ്‌ക്കെതിരെ 41 റണ്‍സുമായി പുറത്താവാതെ നിന്ന് ജോസ് ബട്‌ലര്‍ മൂന്നാം സ്ഥാനത്തേക്ക് കയറി. എട്ട് മത്സരങ്ങളില്‍ 356 റണ്‍സാണ് സമ്പാദ്യം. 71.20 ശരാശരിയുണ്ട് ഗുജറാത്ത് വിക്കറ്റ് കീപ്പര്‍ക്ക്. ബട്‌ലറുടെ വരവോടെ മുംബൈ ഇന്ത്യന്‍സിന്റെ സൂര്യകുമാര്‍ യാദവ് നാലാം സ്ഥാനത്തേക്ക് വീണു. എട്ട് മത്സരങ്ങളില്‍ 333 റണ്‍സാണ് സൂര്യയുടെ സമ്പാദ്യം. ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരെ 30 പന്തില്‍ 68 റണ്‍സെടുത്തിരുന്നു സൂര്യ. റോയല്‍ ചലഞ്ചേഴ്സ് സീനിയര്‍ താരം വിരാട് കോലി അഞ്ചാമതായി.

പഞ്ചാബ് കിംഗ്സിനെതിരായ മത്സരത്തില്‍ 73 റണ്‍സ് നേടിയിരുന്നു കോലി. എട്ട് മത്സരങ്ങില്‍ 322 റണ്‍സാണ് കോലിയുടെ സമ്പാദ്യം. 64.40 ശരാശരിയും 140.00 സ്ട്രൈക്ക് റേറ്റും കോലിക്കുണ്ട്. പഞ്ചാബിനെതിരായ മത്സരത്തിന് മുമ്പ് പത്താം സ്ഥാനത്തായിരുന്നു കോലി. രാജസ്ഥാന്‍ റോയല്‍സിന്റെ യശസ്വി ജയ്‌സ്വാള്‍ ആറാം സ്ഥാനത്ത് തുടരുന്നു. എട്ട് മത്സരങ്ങളില്‍ നിന്ന് 307 റണ്‍സാണ് ജയ്‌സ്വാള്‍ നേടിയത്. കൊല്‍ക്കത്തയ്‌ക്കെതിരെ 90 റണ്‍സ് നേടിയ ശുഭ്മാന്‍ ഗില്‍ ഏഴാം സ്ഥാനത്തെത്തി. എട്ട് മത്സരങ്ങളില്‍ 305 റണ്‍സാണ് ഗില്‍ നേടിയത്. 

ലക്‌നൗവിന്റെ മിച്ചല്‍ മാര്‍ഷ് എട്ടാം സ്ഥാനത്തുണ്ട്. ഏഴ് മത്സരം കളിച്ച താരം 299 റണ്‍സ് നേടി. ലക്‌നൗവിന്റെ തന്നെ എയ്ഡന്‍ മാര്‍ക്രം ഒമ്പതാം സ്ഥാനത്ത്. എട്ട് മത്സങ്ങളില്‍ 274 റണ്‍സാണ് സമ്പാദ്യം. ഗുജറാത്ത് ടൈറ്റന്‍സിനെതിരെ 50 റണ്‍സ് നേടിയ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ക്യാപ്റ്റന്‍ അജിന്‍ക്യ രഹാനെ പത്താം സ്ഥാനത്തേക്ക് കയറി. എട്ട് മത്സരങ്ങളില്‍ 271 റണ്‍സ് നേടിയിട്ടുണ്ട് രഹാനെ. കെ എല്‍ രാഹുല്‍ (266), ശ്രേയസ് അയ്യര്‍ (263) എന്നിവര്‍ യഥാക്രമം 11, 12 സ്ഥാനങ്ങളില്‍. ഏഴ് മത്സരങ്ങളില്‍ 224 റണ്‍സെടുത്ത സഞ്ജു സാംസണ്‍ ആദ്യ പതിനഞ്ചില്‍ പോലുമില്ല. 

അടുത്ത ഏകദിന ലോകകപ്പിനുള്ള പദ്ധതികളെല്ലാം പാളി! അഭിഷേക് നായരോട് നന്ദി പറഞ്ഞ് രോഹിത് ശര്‍മ

അതേസമയം, പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനം ഭദ്രമാക്കി ഗുജറാത്ത് ടെറ്റന്‍സ്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ വിജയത്തിന് പിന്നാലെ അവര്‍ക്കിപ്പോള്‍ 12 പോയിന്റായി. എട്ട് മത്സരം കളിച്ചപ്പോള്‍ ആറിലും ജയം. രണ്ട് മത്സരങ്ങള്‍ പരാജയപ്പെടുകയും ചെയ്തു. ഡല്‍ഹി ക്യാപിറ്റല്‍സാണ് രണ്ടാം സ്ഥാനത്ത്. ഏഴ് മത്സരങ്ങളില്‍ 10 പോയിന്റാണ് അവര്‍ക്ക്. അഞ്ച് ജയവും രണ്ട് തോല്‍വിയും. ഇന്ന് ലക്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരെ വലിയ റണ്‍റേറ്റില്‍ ജയിക്കാന്‍ സാധിച്ചാല്‍ ഗുജറാത്തിനെ മറികടന്ന് ഡല്‍ഹിക്ക് ഒന്നാമതെത്താം. 

കഴിഞ്ഞ മത്സരത്തില്‍ പഞ്ചാബ് കിംഗ്‌സിനെ തോല്‍പ്പിച്ച റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു മൂന്നാം സ്ഥാനത്തുണ്ട്. എട്ട് മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ ആര്‍സിബിക്ക് 10 പോയിന്റാണുള്ളത്. അഞ്ച് ജയവും മൂന്ന് തോല്‍വിയും. പഞ്ചാബ് നാലാം സ്ഥാനത്താണ്.