Asianet News MalayalamAsianet News Malayalam

ഒന്നൊന്നര അരങ്ങേറ്റം! ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ തിളങ്ങിയ 22കാരന്‍ പയ്യന്‍, സായ് സുദര്‍ശന്‍ എലൈറ്റ് പട്ടികയില്‍

അരങ്ങേറ്റത്തില്‍ അര്‍ധ സെഞ്ചുറി നേടിയതോടെ സായ് സുദര്‍ശനെ തേടി ഒരു നേട്ടമെത്തി. ഏകദിനത്തിലെ ആദ്യ മത്സരത്തില്‍ തന്നെ അര്‍ധ സെഞ്ചുറിയോ അതില്‍ കൂടുതലോ റണ്‍സ് നേടുന്ന നാലാമത്തെ മാത്രം ഇന്ത്യന്‍ താരമാണ് 22കാരന്‍.

sai sudharsan into elite list after half century against south africa
Author
First Published Dec 17, 2023, 6:54 PM IST

ജൊഹന്നാസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ആദ്യ ഏകദിനത്തില്‍ എട്ട് വിക്കറ്റിനാണ് ഇന്ത്യ ജയിച്ചത്. ന്യൂ വാണ്‍ഡറേഴ്‌സ് സ്റ്റേഡിയത്തില്‍ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ദക്ഷിണാഫ്രിക്ക 27.3 ഓവറില്‍ 116ന് എന്ന സ്‌കോറിന് പുറത്തായി. അഞ്ച് വിക്കറ്റ് നേടിയ അര്‍ഷ്ദീപ് സിംഗും നാല് പേരെ പുറത്താക്കിയ ആവേഷ് ഖാനുമാണ് ദക്ഷിണാഫ്രിക്കയെ തകര്‍ത്തത്. മറുപടി ബാറ്റിംഗില്‍ ഇന്ത്യ 16.4 ഓവറില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. അരങ്ങേറ്റക്കാരന്‍ സായ് സുദര്‍ശന്‍ (43 പന്തില്‍ പുറത്താവാതെ 55), ശ്രേയസ് അയ്യര്‍ (52) എന്നിവരാണ് വിജയത്തിലേക്ക് നയിച്ചത്.

അരങ്ങേറ്റത്തില്‍ അര്‍ധ സെഞ്ചുറി നേടിയതോടെ സായ് സുദര്‍ശനെ തേടി ഒരു നേട്ടമെത്തി. ഏകദിനത്തിലെ ആദ്യ മത്സരത്തില്‍ തന്നെ അര്‍ധ സെഞ്ചുറിയോ അതില്‍ കൂടുതലോ റണ്‍സ് നേടുന്ന നാലാമത്തെ മാത്രം ഇന്ത്യന്‍ താരമാണ് 22കാരന്‍. റോബിന്‍ ഉത്തപ്പയാണ് ആദ്യതാരം. 2006ല്‍ ഇംഗ്ലണ്ടിനെതിരെ അരങ്ങേറിയ ഉത്തപ്പ 86 റണ്‍സാണ് നേടിയത്. ഇന്ത്യന്‍ ക്യാപ്റ്റന്‍ കെ എല്‍ രാഹുല്‍ അരങ്ങേറ്റത്തില്‍ സെഞ്ചുറി നേടിയിരുന്നു. 2016ല്‍ സിംബാബ്‌വെക്കെതിരെ പുറത്താവാതെ 100 റണ്‍സാണ് രാഹുല്‍ നേടിയത്. അതേ പരമ്പരയില്‍ അരങ്ങേറിയ ഫൈസ് ഫസലും പട്ടികയിലുണ്ട്. പുറത്താവാതെ 55 റണ്‍സ് നേടാന്‍ ഫസലിന് സാധിച്ചിരുന്നു. ഇപ്പോള്‍ സായ് സുദര്‍ശനും. അരങ്ങേറ്റത്തില്‍ 50+ റണ്‍സ് നേടുന്ന 17-ാമത്തെ മാത്രം ഇന്ത്യന്‍ താരമാണ് സായ്.

ജയത്തോടെ മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 1-0ത്തിന് മുന്നിലെത്തി. സ്‌കോര്‍ബോര്‍ഡില്‍ 23 റണ്‍സ് മാത്രമുള്ളപ്പോള്‍ ഇന്ത്യക്ക് റുതുരാജ് ഗെയ്കവാദിന്റെ (5) വിക്കറ്റ് നഷ്ടമായിരുന്നു. എന്നാല്‍ മൂന്നാം വിക്കറ്റില്‍ സായ് - ശ്രേയസ് സഖ്യം നേടിയ 88 റണ്‍സ് വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചു. വിജയത്തിനരികെ ശ്രേയസ് മടങ്ങി. 45 പന്തുകള്‍ നേരിട്ട താരം ഒരു സിക്‌സും ആറ് ഫോറും നേടി. നാലാമനായി ക്രീസിലെത്തിയ തിലക് വര്‍മയെ (1) കൂട്ടുപിടിച്ച് സായ് വിജയം പൂര്‍ത്തിയാക്കി. ഒമ്പത് ഫോറുകള്‍ ഉള്‍പ്പെടുന്നതായിരുന്നു സായിയുടെ ഇന്നിംഗ്‌സ്. മലയാളി താരം സഞ്ജു സാംസണ് ബാറ്റ് ചെയ്യാന്‍ അവസരം ലഭിച്ചില്ല.

നേരത്തെ, 33 റണ്‍സെടുത്ത ആന്‍ഡൈല്‍ ഫെഹ്ലുക്വായോവാണ് പ്രൊട്ടീസ് നിരയില്‍ അല്‍പനേരമെങ്കിലും പിടിച്ചുനിന്നത്. ടോണി ഡി റോര്‍സി (28), എയ്ഡന്‍ മാര്‍ക്രം (12), ടബ്രൈസ് ഷംസി (പുറത്താവാതെ 11) എന്നിവരാണ് ദക്ഷിണാഫ്രിക്കന്‍ നിരയില്‍ രണ്ടക്കം കണ്ട മറ്റുതാരങ്ങള്‍. റീസ ഹെന്‍ഡ്രിക്‌സ് (0), വാന്‍ ഡര്‍ ഡസ്സന്‍ (0), ഹെന്റിച്ച് ക്ലാസന്‍ (6), ഡേവിഡ് മില്ലര്‍ (2), വിയാല്‍ മള്‍ഡര്‍ (0) എന്നിവര്‍ക്ക് തിളങ്ങാനായില്ല. കേശവ് മഹാരാജ് (4), നന്ദ്രേ ബര്‍ഗര്‍ (7) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍.

സൂക്ഷിച്ചുനോക്കേണ്ട, അത് ദക്ഷിണാഫ്രിക്ക തന്നെ; പച്ചക്ക് പകരം ദക്ഷണാഫ്രിക്ക പിങ്ക് ജേഴ്സി ധരിക്കാൻ കാരണം ഇതാണ്

Latest Videos
Follow Us:
Download App:
  • android
  • ios