ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് ജസ്പ്രിത് ബുമ്രയേയും, പാണ്ഡ്യ സഹോദരന്മാരെയും ഒക്കെ സമ്മാനിച്ച മുംബൈ ടീമിന്റെ മറ്റൊരു സംഭാവന. ആദ്യ മത്സരത്തില്‍ തന്നെ സൈക്ക ഞെട്ടിച്ചു.

മുംബൈ: വനിതാ പ്രീമിയര്‍ ലീഗിന്റെ കണ്ടെത്തലാവുകയാണ് മുംബൈ ഇന്ത്യന്‍സ് താരം സൈക്ക ഇഷാഖ്. ഒമ്പത് വിക്കറ്റുമായി ഈ ലെഫ്റ്റ് ആം സ്പിന്നറാണ് ടൂര്‍ണമെന്റിലെ ഇപ്പോഴത്തെ പര്‍പ്പിള്‍ ക്യാപ്പിനുടമ. അടിസ്ഥാന വിലയായ പത്ത് ലക്ഷം രൂപയ്ക്കാണ് മുംബൈ ഇന്ത്യന്‍സ് സൈക്ക ഇഷാഖ് എന്ന ബംഗാളുകാരിയെ ടീമിലെത്തിച്ചത്. കുപ്പത്തൊട്ടിയില്‍ നിന്ന് മാണിക്യം കണ്ടെത്തുന്ന മുംബൈ ടീമിന്റെ മിടുക്ക് ഒരിക്കല്‍ കൂടി തെളിഞ്ഞ നിമിഷം. 

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് ജസ്പ്രിത് ബുമ്രയേയും, പാണ്ഡ്യ സഹോദരന്മാരെയും ഒക്കെ സമ്മാനിച്ച മുംബൈ ടീമിന്റെ മറ്റൊരു സംഭാവന. ആദ്യ മത്സരത്തില്‍ തന്നെ സൈക്ക ഞെട്ടിച്ചു. ഗുജറാത്തിനെതിരെ നാല് വിക്കറ്റ്. ആര്‍സിബിക്കെതിരെയും ,ഡെല്‍ഹി ക്യാപിറ്റല്‍സിനെതിരെയും മിന്നും പ്രകടനം തുടര്‍ന്നു. മൂന്ന് വിക്കറ്റ് പ്രകടനത്തില്‍ ഡെല്‍ഹിക്കെതിരായ മത്സരത്തിലെ താരവുമായി. അച്ഛന്റെ ക്രിക്കറ്റ് പ്രേമമാണ് സൈക്കയേയും ഈ കളിയോട് അടുപ്പിച്ചത്.

ആണ്‍കുട്ടികളൊടാത്തായിരുന്നു ആദ്യകാലത്തെ ക്രിക്കറ്റ് മത്സരങ്ങള്‍. മികവ് തെളിയിച്ചതോടെ ബംഗാള്‍ ടീമിലെത്തി. വൈകാതെ ഇന്ത്യ എ ടീമിലേക്കും. ഇന്ത്യന്‍ ഇതിഹാസതാരവും ബൗളിംഗ് പരിശീലകയുമായി ജുലന്‍ ഗോസാമിയാണ് സൈക്കയെ മുംബൈ ടീമിലെടുക്കാന്‍ നിമിത്തമായത്. സൈക്കയ്ക്ക് ആദ്യമായി ക്രിക്കറ്റ് സമ്മാനിച്ചതും ജുലനാണ്.

തുടക്കം കസറിയതോടെ സൈക്ക വൈകാതെ ഇന്ത്യന്‍ ടീമിലെത്തുമാണ് എല്ലാവരുടെയും കണക്കുകൂട്ടല്‍. തന്റെ അച്ഛന്റെ ഏറ്റവും വലിയ ആഗ്രഹമാണ് താന്‍ ഇന്ത്യന്‍ ടീമില്‍ കളിക്കുന്നതെന്നും ആ സ്വപ്നം നേടിയാല്‍ മരിച്ചുപോയ അദ്ദേഹത്തിനുള്ള എറ്റവും വലിയ ആദരമാകും അതെന്നും സൈക്ക പറയുന്നു.

പ്രഥമ വനിതാ ഐപിഎല്ലിന്റെ പോയിന്റ് പട്ടികയില്‍ മുംബൈ ഇന്ത്യന്‍സാണ് മുന്നില്‍. മൂന്ന് മത്സരങ്ങള്‍ കളിച്ച ടീം മൂന്നിലും ജയിച്ചു. ആറ് പോയിന്റാണ് ടീമിനുള്ളത്. മൂന്നില്‍ രണ്ട് മത്സരങ്ങള്‍ ജയിച്ച ഡല്‍ഹി കാപിറ്റല്‍സാണ് രണ്ടാം സ്ഥാനത്ത്.

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലേക്ക് ഇന്ത്യക്ക് വഴി തെളിയുന്നു; ശ്രീലങ്കക്കെതിരെ ലീഡെടുത്ത് ന്യൂസിലന്‍ഡ്