ഏഷ്യാ കപ്പിലെ മോശം പ്രകടനത്തോടെ പാക് ഓപ്പണർ സയിം അയൂബ് ഒരു കലണ്ടർ വർഷത്തിൽ അഞ്ച് തവണ പൂജ്യത്തിന് പുറത്തായി. ഇതോടെ ഈ അനാവശ്യ റെക്കോഡിൽ ഇന്ത്യൻ താരം സഞ്ജു സാംസണിനൊപ്പം അയൂബ് എത്തി. 

ദുബായ്: ഏഷ്യാ കപ്പില്‍ മോശം ഫോമിലാണ് പാകിസ്ഥാന്‍ ഓപ്പണര്‍ സയിം അയൂബ്. കളിച്ച മൂന്ന് മത്സരങ്ങളിലും അദ്ദേഹം പൂജ്യത്തിന് പുറത്തായി. ഇതോടെ ഒരു അനാവശ്യ പട്ടികയിലും താരം ഉള്‍പ്പെട്ടു. ഒരു കലണ്ടര്‍ വര്‍ഷത്തില്‍ അഞ്ച് തവണ പൂജ്യത്തിന് പുറത്താവുന്ന താരമായിരിക്കുകയാണ് അയൂബ്. കഴിഞ്ഞ ദിവസം യുഎഇക്കെതിരെയും അയൂബ് റണ്‍സെടുക്കാതെ പുറത്തായിരുന്നു. ഇക്കാര്യത്തില്‍ ഇന്ത്യന്‍ താരം സഞ്ജു സാംസണിനൊപ്പമാണ് അയൂബ്. 2024ല്‍ സഞ്ജു അഞ്ച് തവണ പൂജ്യത്തിന് പുറത്തായിട്ടുണ്ട്. 13 ടി20 മത്സരങ്ങള്‍ക്കിടെയാണ് സഞ്ജു അഞ്ച് തവണ റണ്‍സെടുക്കാതെ പുറത്തായത്.

ഒരു കലണ്ടര്‍ വര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ ടി20 മത്സരങ്ങളില്‍ കൂടുതല്‍ തവണ പൂജ്യത്തിന് പുറത്തായതിന്റെ റെക്കോഡ് സിംബാബ്വെയുടെ റിച്ചാര്‍ഡ് ഗാരവയുടെ പേരിലാണ്. 2024 ല്‍, സിംബാബ്വെയ്ക്കായി 20 ടി20 മത്സരങ്ങള്‍ കളിച്ച ഗാരവ ആറ് മത്സരങ്ങളില്‍ നിന്ന് പൂജ്യത്തിന് പുറത്തായി. ടി20യില്‍ തുടര്‍ച്ചയായി ഏറ്റവും കൂടുതല്‍ ഡക്കുകള്‍ പുറത്തായ ബാറ്റര്‍മാരുടെ പട്ടികയില്‍, സഹതാരം അബ്ദുള്ള ഷഫീഖിന് പിന്നില്‍ മാത്രമാണ് അയൂബ് ഉള്ളത്. ടി20യില്‍ പാകിസ്ഥാന് വേണ്ടി ഷഫീഖ് തുടര്‍ച്ചയായി നാല് തവണ പൂജ്യത്തിന് പുറത്തായി.

പാകിസ്ഥാന്റെ ടി20 ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ തവണ പൂജ്യത്തിന് പുറത്തായത് ഉമര്‍ അക്മലാണ്. 84 ടി20 മത്സരങ്ങള്‍ കളിച്ച ഉമര്‍ 10 തവണ റണ്‍സെടുക്കാതെ മടങ്ങി. അതേസമയം 44 മത്സരങ്ങള്‍ കൡച്ച അയൂബ് എട്ട് തവണ റണ്‍സെടുക്കാതെ പുറത്തായിട്ടുണ്ട്.

അതേസമയം, യുഎഇക്കെതിരായ മത്സരത്തില്‍ പാകിസ്ഥാന്‍ 41 റണ്‍സിന് ജയിച്ചിരുന്നു. ടീം സൂപ്പര്‍ ഫോറിലെത്തുകയും ചെയ്തു. പാകിസ്ഥാന്‍ ഉയര്‍ത്തിയ 147 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന യുഎഇ 17.4 ഓവറില്‍ 105 റണ്‍സിന് ഓള്‍ ഔട്ടായി. 20 ഓവറില്‍ ഒമ്പതു വിക്കറ്റ് നഷ്ടത്തിലാണ് പാകിസ്ഥാന്‍ 146 റണ്‍സെടുത്തത്. ഫഖാര്‍ സമാന്റെ അര്‍ധസെഞ്ചുറിയാണ് പാകിസ്ഥാനെ 146ലേക്ക് എത്തിച്ചത്. മറുപടി ബാറ്റിംഗിന് ഇറങ്ങിയ യുഎഇക്ക് തുടക്കം മികച്ചതായിരുന്നു. 35 പന്തില്‍ നിന്ന് 35 റണ്‍സെടുത്ത രാഹുല്‍ ചോപ്രയാണ് യുഎഇ നിരയിലെ ടോപ് സ്‌കോറര്‍. പാകിസ്ഥാന് വേണ്ടി ഷഹീന്‍ അഫ്രീദി, ഹാരിസ് റൗഫ്, അബ്രാര്‍ അഹമ്മദ് എന്നിവര്‍ രണ്ടു വിക്കറ്റ് വീതം നേടി.

YouTube video player