ഓസ്‌ട്രേലിയ എ വനിതകള്‍ക്കെതിരായ ടി20 പരമ്പരയില്‍ ഇന്ത്യ എ വനിതകള്‍ക്ക് രണ്ടാം തോല്‍വി. 

മെല്‍ബണ്‍: ഓസ്‌ട്രേലിയ എ വനിതകള്‍ക്കെതിരെ ടി20 പരമ്പരയില്‍ ഇന്ത്യ എ വനിതകള്‍ക്ക് രണ്ടാം തോല്‍വി. 114 റണ്‍സിന്റെ കൂറ്റന്‍ തോല്‍വിയാണ് ഇന്ത്യ നേരിട്ടത്. ഇന്ന് മൂന്ന് മത്സരങ്ങളുടെ പരമ്പര ഇന്ത്യക്ക് നഷ്ടമാവുകയും ചെയ്തു. 2-0ത്തിന് മുന്നിലാണിപ്പോള്‍ ഓസീസ്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഓസ്‌ട്രേലിയ നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 187 റണ്‍സ് അടിച്ചെടുത്തു. 44 പന്തില്‍ 70 റണ്‍സെടുത്ത അലീസ ഹീലിയാണ് ഓസീസിന്റെ ടോപ് സ്‌കോറര്‍. തഹ്ലിയ വില്‍സണ്‍ 43 റണ്‍സെടുത്തു. മറുപടി ബാറ്റിംഗില്‍ ഇന്ത്യ 15.1 ഓവറില്‍ 73ന് എല്ലാവരും പുറത്തായി. നാല് വിക്കറ്റ് നേടിയ കിം ഗാര്‍ത്താണ് ഇന്ത്യയെ തകര്‍ത്തത്.

ദിനേശ് വൃന്ദ (21), മലയാളി താരം മിന്നു മണി (20) എന്നിവര്‍ക്ക് മാത്രമാണ് ഇന്ത്യന്‍ നിരയില്‍ രണ്ടക്കം കാണാന്‍ സാധിച്ചത്. പവര്‍ പ്ലേയില്‍ തന്നെ നാല് വിക്കറ്റുകള്‍ ഇന്ത്യക്ക് നഷ്ടമായി. അപ്പോള്‍ സ്‌കോര്‍ബോര്‍ഡില്‍ 16 റണ്‍സ് മാത്രമാണ് ഉണ്ടായിരുന്നത്. ആദ്യ ഓവറില്‍ തന്നെ ഉമാ ചേത്രി (0) മടങ്ങി. രണ്ടാം ഓവറില്‍ ഷെഫാലി വര്‍മയും (3) കൂടാരം കയറി. തുടര്‍ന്നെത്തിയ രാഘ്‌വി ബിസ്റ്റ് (5), തനുജ കന്‍വാര്‍ (0) എന്നിവര്‍ ആറാം ഓവറില്‍ അടുത്തടുത്ത പന്തുകളില്‍ പുറത്തായി. ഇതോടെ 5.4 ഓവറില്‍ നാലിന് 16 എന്ന നിലയിലായി ഇന്ത്യ.

പിന്നീട് വൃന്ദ - രാധ യാദവ് (5) സഖ്യം 17 റണ്‍സ് കൂട്ടിചേര്‍ത്തു. ഇതുതന്നെയാണ് ഇന്ത്യന്‍ ഇന്നിംഗ്‌സിലെ ഏറ്റവും മികച്ച കൂട്ടുകെട്ട്. രാധയെ പുറത്താക്കി ടെസ് ഫ്‌ളിന്റോഫ് ഓസീസിനെ വീണ്ടും മത്സരത്തിലേക്ക് കൊണ്ടുവന്നു. പകരമെത്തിയ മലയാളി താരം സജന സജീവിന്‍ (6) ഒരിക്കല്‍കൂടി നിരാശപ്പെടുത്തി. ഇത്തവണ സിയാന ജിഞ്ചറിന്റെ പന്തില്‍ ബൗള്‍ഡാവുകയായിരുന്നു താരം. വൈകാതെ വൃന്ദയും പവലിയനില്‍ തിരിച്ചെത്തി. മറ്റൊരു മലയാളി താരം മിന്നു മണിയുടെ ഇന്നിംഗ്‌സാണ് ഇന്ത്യയെ വലിയ നാണക്കേടില്‍ നിന്ന് രക്ഷിച്ചത്. 15 പന്തുകള്‍ നേരിട്ട മിന്നു മൂന്ന് ബൗണ്ടറികള്‍ നേടി. ഇന്ത്യന്‍ ഇന്നിംഗ്‌സില്‍ ആറ് ബൗണ്ടറികള്‍ മാത്രമാണ് ഉണ്ടായിരുന്നത്. ഫ്‌ളിന്റോഫിനായിരുന്നു മിന്നുവിന്റെ വിക്കറ്റ്. പ്രേമ റാവത്ത് (4), തിദാസ് സദു (1) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍.

നേരത്തെ മികച്ച തുടക്കമായിരുന്നു ഓസീസിന്. ഒന്നാം വിക്കറ്റില്‍ തഹ്ലിയ - ഹീലി സഖ്യം 95 റണ്‍സ് ചേര്‍ത്തു. 11-ാം ഓവറില്‍ രാധ കൂട്ടുകെട്ട പൊളിച്ചു. തഹ്ലിയ പുറത്ത്. തുടര്‍ന്നെത്തിയ അനിക ലിയറോയ്ഡും (35) മികച്ച പ്രകടനം പുറത്തെടുത്തു. ഹീലി - ലിയറോയ്ഡ് സഖ്യം 30 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. 15-ാം ഓവറില്‍ ഹീലി മടങ്ങി. 44 പന്തുകള്‍ നേരിട്ട താരം 12 ബൗണ്ടറികള്‍ നേടി. തുടര്‍ന്ന് ലയറോയ്ഡ് - ക്വര്‍ടിനി വെബ് (13 പന്തില്‍ 26) സഖ്യം 28 റണ്‍സും കൂട്ടിചേര്‍ത്തു. ലിയറോയ്ഡ് 18ാം ഓവറില്‍ മടങ്ങി. നിക്കോള്‍ ഫാള്‍ട്ടം (8) അവസാന ഓവറിലും പുറത്തായി. വെബ് പുറത്താവാതെ നിന്നു. രാധ രണ്ട് വിക്കറ്റ് നേടി. രണ്ട് ഓവര്‍ എറിഞ്ഞ മിന്നു 31 റണ്‍സ് വിട്ടുകൊടുത്തു. വിക്കറ്റൊന്നും നേടാന്‍ സാധിച്ചില്ല. സജന രണ്ട് ഓവറില്‍ 17 റണ്‍സും വിട്ടുകൊടുത്തു. താരത്തിനും വിക്കറ്റൊന്നും നേടാന്‍ സാധിച്ചില്ല.

YouTube video player