റാഞ്ചി: മുന്‍ ഇന്ത്യന്‍ നായകന്‍ എം എസ് ധോണിയ്ക്ക് സൂപ്പര്‍ ബൈക്കുകളോടുള്ള പ്രിയം പ്രശസ്തമാണ്. കാറുകളുടെയും ബൈക്കുകളുടെയും വലിയ ശേഖരമുള്ള ധോണി പലപ്പോഴും സോഷ്യല്‍ മീഡിയയിലൂടെ അത് ആരാധകരുമായി പങ്കുവെക്കാറുമുണ്ട്. എന്നാല്‍ ധോണിയുടെ ഭാര്യ സാക്ഷി സിംഗ് ധോണി കഴിഞ്ഞ ദിവസം പങ്കുവെച്ച ഒരു വീഡിയോ ആണ് ആരാധകര്‍ ഇപ്പോള്‍ ഏറ്റെടുത്തിരിക്കുന്നത്.

ഫാം ഹൗസിലെ റിംഗ് റോഡില്‍ പാര്‍ക്ക് ചെയ്തിരിക്കുന്ന ധോണിയുടെ ബൈക്കുകളുടെ ശേഖരത്തിന്റെ വീഡിയോ ആണ് സാക്ഷി ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി പങ്കുവെച്ചത്. ഇത് സാക്ഷിയുടെ ആരാധകര്‍ ഇവരുടെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചിരുന്നു. വീഡിയോ കണ്ടാല്‍ ഇതെന്താ, ബൈക്ക് ഷോ റൂമോ എന്ന് ആരാധകര്‍ ചോദിച്ചാല്‍ അവരെ കുറ്റം പറയാനാവില്ല.

ആഡംബര കാറുകളായ ഫെരാരി 599 ജിടിഒ, ഹമ്മര്‍ എച്ച്2, ജിഎംസി സിയേറ എന്നിവ ധോണിയ്ക്ക് സ്വന്തമായുണ്ട്. ഇതിന് പുറമെ സൂപ്പര്‍ ബൈക്കുകളായ കാവസാക്കി നിഞ്ജ-2, കോണ്‍ഫെഡറേറ്റ് ഹെല്‍ക്യാറ്റ്, ബിഎസ്എ, സുസുകി ഹയാബുസ, നോര്‍ട്ടണ്‍ വിന്റേജ് എന്നിവയും ധോണിയ്ക്കുണ്ട്.