2019ലെ ഏകദിന ലോകകപ്പില്‍ പാക്കിസ്ഥാനെതിരെ അടക്കം അഞ്ച് സെഞ്ചുറി അടിച്ച് റെക്കോര്‍ഡിട്ടെങ്കിലും ന്യൂസിലന്‍ഡിനെതിരായ സെമിയില്‍ രോഹിത് റണ്ണെടുക്കാതെ പുറത്തായിരുന്നു.

കറാച്ചി: ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ പാക് നായകന്‍ സല്‍മാന്‍ ബട്ട്. നിര്‍ണായക മത്സരങ്ങളില്‍ സമ്മര്‍ദ്ദത്തെ അതിജീവിക്കുന്നതില്‍ രോഹിത് ശര്‍മ പരാജയമാണെന്ന് സല്‍മാന്‍ ബട്ട് യുട്യൂബില്‍ പറഞ്ഞു. രോഹിത് മഹാനായ കളിക്കാരനാണെന്ന് ഞാന്‍ അംഗീകരിക്കുന്നു. എന്നാല്‍ ചില കളിക്കാരുണ്ട്, ദീര്‍ഘകാലം കളിച്ചാലും സമ്മര്‍ദ്ദഘട്ടങ്ങളില്‍ അവര്‍ക്ക് മികവ് കാട്ടാനാവില്ല. പ്രത്യേകിച്ച് നോക്കൗട്ട് ഘട്ടങ്ങളില്‍. ഇക്കാര്യത്തില്‍ രോഹിത് മെച്ചപ്പെട്ടേ മതിയാവൂ എന്നും സല്‍മാന്‍ ബട്ട് പറഞ്ഞു.

ഐസിസി ടൂര്‍ണമെന്‍റുകളിലെ നോക്കൗട്ട് മത്സരങ്ങളില്‍ രോഹിത്തിന്‍റെ പ്രകടനം വിലയിരുത്തിയാണ് സല്‍മാന്‍ ബട്ടിന്‍റെ വിമര്‍ശനം. 2014ലെ ടി20 ലോകകപ്പ് ഫൈനലില്‍ രോഹിത് 26 പന്തില്‍ 29 റണ്‍സടിച്ചപ്പോള്‍2015ലെ ഏകദിന ലോകകപ്പ് സെമിയില്‍ രോഹിത്തിന് 48 പന്തില്‍ 34 റണ്‍സെടുക്കാനെ കഴിഞ്ഞിരുന്നുള്ളു. 2017ലെ ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ രോഹിത് പൂജ്യത്തിന് പുറത്തായി.

പുള്‍ ഷോട്ട് കളിക്കാന്‍ ശ്രമിച്ച് സ്റ്റംപിന് മുകളില്‍ വീണ് ഹിറ്റ് വിക്കറ്റായി പുറത്തായി പൃഥ്വി ഷാ-വീഡിയോ

2019ലെ ഏകദിന ലോകകപ്പില്‍ പാക്കിസ്ഥാനെതിരെ അടക്കം അഞ്ച് സെഞ്ചുറി അടിച്ച് റെക്കോര്‍ഡിട്ടെങ്കിലും ന്യൂസിലന്‍ഡിനെതിരായ സെമിയില്‍ രോഹിത് റണ്ണെടുക്കാതെ പുറത്തായിരുന്നു. ആ ലോകകപ്പില്‍ ഒമ്പത് കളികളില്‍ 648 റണ്‍സാണ് രോഹിത് നേടിയത്. കഴിഞ്ഞവര്‍ഷം നടന്ന ടി20 ലോകകപ്പ് സെമിയിലാകട്ടെ രോഹിത് 28 പന്തില്‍ 27 റണ്‍സ് മാത്രമാണെടുത്തത്.

ഇഷാന്‍ കിഷനെ രണ്ടാം കീപ്പറായി പരിഗണിക്കുന്ന ഇന്ത്യന്‍ ടീം മാനേജ്മെന്‍റിന്‍റെ തീരുമാനത്തിനത്തെയും ബട്ട് വിമര്‍ശിച്ചിരുന്നു. ഏകദിന ഡബിള്‍ അടക്കം എത്ര മികച്ച പ്രകടനം നടത്തിയാലും താന്‍ രണ്ടാം സ്ഥാനക്കാരനാണെന്ന ചിന്തയാണ് ഇഷാന്‍ കിഷന്‍റെ മനസിലുണ്ടാവുകയെന്ന് ബട്ട് പറഞ്ഞിരുന്നു. ഒരു ഇന്നിംഗ്സില്‍ 1000 റണ്‍സടിച്ചാലും രണ്ടാമനാണെന്ന ചിന്ത കിഷനെ അലട്ടുമെന്നും ബട്ട് വ്യക്തമാക്കി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക