ടീമിനെ ജയിപ്പിക്കാനായില്ലെങ്കിലും അവിശ്വസനീയ പോരാട്ടവുമായി കയ്യടിവാങ്ങിയ കറന്‍ ഒരു റെക്കോര്‍ഡുമായാണ് പുനെ സ്റ്റേഡിയത്തില്‍ നിന്ന് മടങ്ങിയത്. 

പുനെ: ഇംഗ്ലണ്ടിനെതിരായ മൂന്നാം ഏകദിനത്തില്‍ ടീം ഇന്ത്യ സ്വപ്‌നം പോലും കണ്ടിരുന്നിരിക്കില്ല സാം കറന്‍ ഇങ്ങനൊക്കെ ചെയ്തുകളയുമെന്ന്. 330 റണ്‍സെന്ന വമ്പന്‍ വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ഇംഗ്ലണ്ട് ഒരവസരത്തില്‍ 168-6 എന്ന നിലയിരുന്നെങ്കില്‍ 50 ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ 322 റണ്‍സിലേക്ക് ടീമിനെ കറന്‍ എത്തിച്ചു. ടീമിനെ ജയിപ്പിക്കാനായില്ലെങ്കിലും അവിശ്വസനീയ പോരാട്ടവുമായി കയ്യടിവാങ്ങിയ കറന്‍ ഒരു റെക്കോര്‍ഡുമായാണ് പുനെ സ്റ്റേഡിയത്തില്‍ നിന്ന് മടങ്ങിയത്. 

അര്‍ധ സെഞ്ചുറി നേടിയ ഡേവിഡ് മലാന്‍ പുറത്തായതോടെ 26-ാം ഓവറിലാണ് സാം കറന്‍ ക്രീസിലെത്തുന്നത്. ഈസമയം 168-6 എന്ന നിലയില്‍ തകര്‍ച്ച നേരിടുകയായിരുന്നു ഇംഗ്ലണ്ട്. ഇന്ത്യ അനായാസം ജയിക്കുമെന്ന് തോന്നിച്ച നിമിഷങ്ങള്‍. എന്നാല്‍ മത്സരം അവസാന ഓവറിലെ ആവേശപ്പോരിലേക്ക് നീട്ടി ഇരുപത്തിരണ്ടുവയസുകാരനായ കറന്‍റെ ഒറ്റയാള്‍ പോരാട്ടം. 45 പന്തില്‍ അര്‍ധ സെഞ്ചുറി തികച്ച താരം പിന്നീട് ബൗണ്ടറികളുമായി ഇംഗ്ലണ്ടിനെ ജയത്തിന് അരികെയെത്തിക്കുകയായിരുന്നു. 

ഇംഗ്ലീഷ് ഇന്നിംഗ്‌സിലെ അമ്പതാം ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ ജയത്തിന് ഏഴ് റണ്‍സ് മാത്രം അകലെയായിരുന്നു ഇംഗ്ലണ്ട്. കറന് 83 പന്തില്‍ ഒന്‍പത് ബൗണ്ടറിയും മൂന്ന് സിക്‌സും സഹിതം 95* റണ്‍സെടുത്ത് പുറത്താകാതെ നിന്നു. ഏകദിനത്തില്‍ എട്ടാം നമ്പറിലോ അതിന് താഴെയോ ഒരു ബാറ്റ്സ്‌മാന്‍റെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ എന്ന റെക്കോര്‍ഡിനൊപ്പമെത്തി ഇതോടെ കറന്‍. ഇംഗ്ലീഷ് സഹതാരം ക്രിസ് വോക്‌സ് 2016ല്‍ ലങ്കയ്‌ക്കെതിരെ 83 പന്തില്‍ പുറത്താകാതെ 95 റണ്‍സ് നേടിയതാണ് നേരത്തെയുണ്ടായിരുന്ന റെക്കോര്‍ഡ്.

അവിശ്വസനീയം! കൈവിട്ട കളിക്കിടെ റോള്‍ മോഡലായി കോലി, കാണാം വണ്ടര്‍ ക്യാച്ച്