ഷാര്‍ദുല്‍ താക്കൂര്‍ എറിഞ്ഞ 40-ാം ഓവറിലെ രണ്ടാം പന്തില്‍ ആദില്‍ റഷീദിനെ ലോകോത്തര ക്യാച്ചില്‍ പുറത്താക്കി കോലി മാതൃക കാട്ടി. 

പുനെ: ഇംഗ്ലണ്ടിനെതിരായ മൂന്നാം ഏകദിനത്തിൽ ഫീൽഡർമാരുടെ ചോരുന്ന കൈകൾ ടീം ഇന്ത്യയെ വലിയ സമ്മര്‍ദത്തിലാക്കിയിരുന്നു. നാല് ക്യാച്ചുകളാണ് ഇന്ത്യ കൈവിട്ടത്. എന്നാല്‍ ഇതിനിടെ ആരാധകരെ ത്രസിപ്പിച്ച് വിരാട് കോലിയുടെ ഒരു ഒറ്റകൈയന്‍ വണ്ടര്‍ ക്യാച്ചുമുണ്ടായിരുന്നു. 

ആദ്യം പിഴച്ചത് സ്റ്റാര്‍ ഫീല്‍ഡന്‍ എന്ന വിശേഷണമുള്ള ഹാർദിക് പാണ്ഡ്യക്കാണ്. 4.4 ഓവറില്‍ ഭുവനേശ്വർ കുമാറിന്‍റെ പന്തിൽ അപകടകാരിയായ ബെൻ സ്റ്റോക്സിനെ പാണ്ഡ്യ കൈവിട്ടു. കഴിഞ്ഞ മത്സരത്തിലെ പോലെ ആളിക്കത്തിയില്ലെങ്കിലും സ്റ്റോക്‌സ് 35 റണ്‍സ് നേടി. ഇന്ത്യയെ അവസാന നിമിഷം വരെ മുൾമുനയിൽ നിർത്തിയ സാം കറനിനും ലൈഫ് നൽകി ഹാർദിക് പാണ്ഡ്യ. 33.5 ഓവറില്‍ പ്രസിദ്ധ് കൃഷ്ണയുടെ പന്തിൽ ജീവൻ കിട്ടുമ്പോൾ സാമിന്റെ പേരിനൊപ്പം 22 റൺസേ ഉണ്ടായിരുന്നുള്ളൂ.

അവസരം മുതലെടുത്ത സാം കറന്‍ 83 പന്തിൽ മൂന്ന് സിക്‌സും ഒന്‍പത് ഫോറുകളും സഹിതം പുറത്താകാതെ 95 റൺസുമായി അവസാനം വരെ ഇന്ത്യയെ വിറപ്പിച്ചു. നാൽപ്പത്തിയൊൻപതാം ഓവറിലും ക്യാച്ച് കൈവിടാൻ ഇന്ത്യ മത്സരിച്ചു. ഹാർദിക്കിന്റെ ഓവറില്‍ മാര്‍ക് വുഡിനെ ഷാർദുൽ താക്കൂറും, സാം കറനെ ടി. നടരാജനും അടുത്തടുത്ത പന്തുകളിൽ വിട്ടുകളഞ്ഞു. ഇതോടെ ഇന്ത്യ പരാജയമറിയുമെന്ന് തോന്നിയെങ്കിലും അവസാന ഓവറിലെ 14 റണ്‍സ് വിജയലക്ഷ്യം ഇംഗ്ലണ്ടിന് നേടാനാകാതെ വരികയായിരുന്നു. 

പരമ്പര കിട്ടിയിട്ടും കോലി കട്ടക്കലിപ്പില്‍; കാരണം പരസ്യമാക്കി രംഗത്ത് 

ഇന്ത്യന്‍ ഫീൽഡർമാരുടെ കൈകൾ ചോരുന്നതിൽ ക്യാപ്റ്റൻ വിരാട് കോലിയുടെ മുഖത്ത് നിരാശ കാണാമായിരുന്നു. എന്നാല്‍ ഷാര്‍ദുല്‍ താക്കൂര്‍ എറിഞ്ഞ 40-ാം ഓവറിലെ രണ്ടാം പന്തില്‍ ആദില്‍ റഷീദിനെ ലോകോത്തര ക്യാച്ചില്‍ പുറത്താക്കി കോലി മാതൃക കാട്ടി. എക്‌സ്‌ട്രാ കവറിലൂടെ പന്തടിക്കാന്‍ ശ്രമിച്ച റഷീദിനെ ഓടിയെത്തി ഇടത്തേക്കുള്ള നെടുനീളന്‍ ഡൈവില്‍ ഒറ്റകൈയില്‍ കുരുക്കുകയായിരുന്നു കോലി. റഷീദും കറനും സൃഷ്‌ടിച്ച നിര്‍ണായക 57 റണ്‍സ് കൂട്ടുകെട്ട് ഇതോടെ പൊളിക്കാന്‍ ഇന്ത്യക്കായി.

കാണാം കോലിയുടെ ക്യാച്ച്