15 കാരനായ യുവതാരം വൈഭവ് സൂര്യവംശിയെ അനാവശ്യമായി സമ്മർദ്ദത്തിലാക്കാതെ സ്വാഭാവിക ശൈലിയിൽ കളിക്കാൻ അനുവദിക്കണമെന്ന് സനത് ജയസൂര്യ പറഞ്ഞു. കൂടാതെ അഭിഷേക് ശർമ്മയുടെ ബാറ്റിംഗ് മികവിനെയും അദ്ദേഹം പ്രശംസിച്ചു.

മുംബൈ: 15 കാരനായ യുവതാരം വൈഭവ് സൂര്യവംശിയെ അനാവശ്യ പ്രതീക്ഷ നല്‍കി സമ്മര്‍ദ്ദത്തിലാക്കാതെ, അവന്റെ സ്വാഭാവിക ശൈലിയില്‍ കളിക്കാന്‍ അനുവദിക്കണമെന്ന് ശ്രീലങ്കന്‍ മുന്‍ ക്യാപ്റ്റന്‍ സനത് ജയസൂര്യ. ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഭാവിയിലേക്കുള്ള മികച്ച നിക്ഷേപമാണ് വൈഭവ് എന്നും, അവന്റെ പ്രതിഭയെ വളര്‍ത്താനും സ്വന്തം ശൈലിയില്‍ തിളങ്ങാനുള്ള സ്വാതന്ത്ര്യം നല്‍കാനും ശ്രദ്ധിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇന്ത്യന്‍ സോഫ്റ്റ്ബോള്‍ ക്രിക്കറ്റ് ലീഗ് ടീമുകളായ മുംബൈ റോയല്‍സ്, മഹാരാഷ്ട്ര സൂപ്പര്‍ സ്‌ട്രേക്കേഴ്സ് എന്നിവയുടെ ജേഴ്സി ലോഞ്ച് ചടങ്ങിനിടെ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ജയസൂര്യ.

വൈഭവിന് ഇനിയും ഏറെ ദൂരം സഞ്ചരിക്കാനുണ്ടെങ്കിലും മികച്ച വാഗ്ദാനമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ത്യയുടെ യുവബാറ്റിംഗ് നിരയെ പ്രശംസിച്ച ജയസൂര്യ, അഭിഷേക് ശര്‍മ്മയുടെ ഓള്‍-റൗണ്ട് ബാറ്റിംഗ് മികവിനെയും പ്രത്യേകമായി എടുത്തുപറഞ്ഞു. ഗ്രൗണ്ടിന്റെ എല്ലാ ഭാഗത്തേക്കും ഷോട്ട് പുകയ്ക്കാനുള്ള അഭിഷേകിന്റെ കഴിവാണ് അദ്ദേഹത്തിന്റെ ഏറ്റവും വലിയ കരുത്തെന്ന് ജയസൂര്യ വ്യക്തമാക്കി. ഇന്ത്യന്‍ താരങ്ങള്‍ വളരെ കഠിനാധ്വാനം ചെയ്യുന്നുണ്ടെന്നും നിലവില്‍ മികച്ച ക്രിക്കറ്റാണ് കാഴ്ചവെക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഡിസംബറില്‍ ഇന്ത്യക്കെതിരെ നടക്കാനിരിക്കുന്ന വൈറ്റ് ബോള്‍ പരമ്പരയ്ക്കായുള്ള തയ്യാറെടുപ്പുകളിലാണ് ശ്രീലങ്കന്‍ ടീം. ഇംഗ്ലണ്ടും പാകിസ്ഥാനും ഉള്‍പ്പെട്ട ട്രൈ-സീരീസിന്റെ ഫൈനലില്‍ പ്രവേശിച്ച ശ്രീലങ്കന്‍ ടീമിന് ഈ പ്രകടനങ്ങള്‍ വലിയ ആത്മവിശ്വാസം നല്‍കുമെന്നും ജയസൂര്യ പ്രത്യാശ പ്രകടിപ്പിച്ചു. അടുത്തിടെ ഇംഗ്ലണ്ടിനെതിരെ 430 റണ്‍സിന്റെ കൂറ്റന്‍ ലക്ഷ്യം പിന്തുടര്‍ന്ന് വിജയം സ്വന്തമാക്കാന്‍ ലങ്കന്‍ ടീമിന് കഴിഞ്ഞിരുന്നു.

വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ ബാറ്റ്സ്മാന്‍മാരുടെ ആധിപത്യം വര്‍ദ്ധിച്ചുവരുന്നതിനെയും അദ്ദേഹം സ്വാഗതം ചെയ്തു. വലിയ ലക്ഷ്യങ്ങള്‍ പിന്തുടര്‍ന്ന് വിജയിക്കാന്‍ ടീമുകള്‍ക്ക് കഴിയുന്നത് മത്സരങ്ങളെ കൂടുതല്‍ ആവേശകരമാക്കുന്നുണ്ടെന്നും, എന്തു സംഭവിക്കാമെന്ന അവസ്ഥയാണ് ഇന്നുള്ളതെന്നും ജയസൂര്യ കൂട്ടിച്ചേര്‍ത്തു.

YouTube video player