ദുബായ്: കഴിഞ്ഞ വര്‍ഷം ഐപിഎല്ലിനിടെ ഏറെ പഴിക്കേട്ട ക്യാപ്റ്റനാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ ദിനേശ് കാര്‍ത്തിക്. സ്വന്തം ടീമില്‍ കളിക്കുന്ന ആന്ദ്രേ റസ്സല്‍ തന്നെ കാര്‍ത്തികിനെതിരെ തിരിഞ്ഞിരുന്നു. തന്നെ വാലറ്റത്ത് കളിപ്പിക്കുന്നതിനോട് റസ്സലിന് യോജിപ്പില്ലായിരുന്നു. ഇക്കാര്യം അദ്ദേഹം തുറുന്നുപറയുകയും ചെയ്തു. പ്രകടനത്തിന്റെ കാര്യത്തില്‍ പിറകോട്ട് പോയ കൊല്‍ക്കത്ത അവസാന സീസണില്‍ അഞ്ചാം സ്ഥാനത്തായിരുന്നു. എന്നാലിപ്പോള്‍ ഐപിഎല്‍ തുടങ്ങുന്നതിന് തൊട്ടുമുമ്പ് ക്യാപ്റ്റന്‍ കാര്‍ത്തികിനെ പിന്തുണച്ച് സംസാരിക്കുകയാണ് ടീമിലെ മലയാളി പേസര്‍ സന്ദീപ് വാര്യര്‍.

ഏത് സാഹചര്യത്തിലും മുന്നില്‍ നിന്ന് നയിക്കുന്ന ക്യാപ്റ്റനാണ് കാര്‍ത്തികെന്നാണ് സന്ദീപ് പറയുന്നത്. സന്ദീപ് തുടര്‍ന്നു... ''കളത്തിനകത്തും പുറത്തും ഏറെ സ്വാതന്ത്ര്യം നല്‍കുന്ന ക്യാപ്റ്റനാണ് കാര്‍ത്തിക്. ഏത് മത്സരമായാലും സ്വയം തയ്യാറെടുക്കുകയെന്നാണ് അദ്ദേഹം പറയാറുള്ളത്. എല്ലാത്തിനും പൂര്‍ണത വേണമെന്നും കാര്‍ത്തിക് ആഗ്രഹിക്കാറുണ്ട്. അദ്ദേഹത്തിന് കീഴില്‍ മടങ്ങിയെത്താന്‍ സാധിച്ചതില്‍ ഏറെ സന്തോഷമുണ്ട്.

അവസാന അഞ്ച് മാസമായി ഒരു മത്സരം പോലും ഞാന്‍ കളിച്ചിട്ടില്ല. ക്രിക്കറ്റിലേക്ക് തിരിച്ചെത്തുന്ന സന്തോഷത്തിലാണ്. യുവതാരങ്ങള്‍ക്ക് വലിയ പ്ലാറ്റ്ഫോമാണ് ഐപിഎല്‍. അതിന്റെ ഭാഗമാകാന്‍ സാധിക്കുന്നതില്‍ വലിയ സന്തോഷം. കൊല്‍ക്കത്തയ്‌ക്കൊപ്പം മികച്ച താരങ്ങളുണ്ട്.'' സന്ദീപ് പറഞ്ഞു. 

2013ല്‍ സന്ദീപ് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂറിന്റെ ഭാഗമായിരുന്നു. എന്നാല്‍ കളിക്കാന്‍ അവസരം ലഭിച്ചില്ല. 2019 താരലേലത്തില്‍ ആരും സന്ദീപിനെ വാങ്ങിയില്ലെങ്കിലും കമലേഷ് നാഗര്‍കോട്ടിക്ക് പകരക്കാരനായി കൊല്‍ക്കത്തയിലെത്തുകയായിരുന്നു. ആ നിമിഷത്തെ കുറിച്ചും സന്ദീപ് വാചാലനായി.. ''കഴിഞ്ഞ സീസണില്‍ കൊല്‍ക്കത്തയില്‍ നിന്ന് വിളിവരുമ്പോള്‍ ഞാന്‍ ചെന്നൈയില്‍ ഒരു മത്സരം കണ്ടുകൊണ്ടിരിക്കുകയായിരുന്നു. ട്രയല്‍സിന് വിളിക്കുകയാണെന്നാണ് കരുതിയത്. എന്നാല്‍ ടീമിലേക്കാണ് അറിഞ്ഞപ്പോള്‍ ഏറെസ സന്തോഷം തോന്നി.'' സന്ദീപ് പറഞ്ഞുനിര്‍ത്തി. 

മൂന്ന് ഐപിഎല്‍ മത്സരങ്ങളാണ് സന്ദീപ് കളിച്ചത്. രണ്ട് വിക്കറ്റും അദ്ദേഹം വീഴ്ത്തി. അടുത്ത് രഞ്ജി ട്രോഫിയില്‍ കേരളം വിട്ട് തമിഴ്നാട്ടിലേക്ക് സന്ദീപ് ചേക്കേറിയിരുന്നു.