ദില്ലി: ഇന്ത്യയുടെ പ്രതിരോധ താരം സന്ദേശ് ജിങ്കാൻ ഈ വർഷമാണ് കേരള ബ്ലാസ്റ്റേഴ്സ് വിട്ടത്. പിന്നീട് ഏത് ക്ലബിലേക്കാണെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടില്ലായിരുന്നു. കഴിഞ്ഞ മെയ് മാസത്തിലാണ് താരം ബ്ലാസ്റ്റേഴ്സ് വിടുന്നത്. ആറ് വർഷക്കാലം അദ്ദേഹം ബ്ലാസ്റ്റേഴ്സിനൊപ്പമുണ്ടായിരുന്നു. കേരള ബ്ലാസ്റ്റേഴുമായുള്ള ആത്മബന്ധത്തെ കുറിച്ച് പറയുകയാണ് ജിങ്കാൻ.

ബ്ലാസ്റ്റേഴ്സ് തനിക്ക് രണ്ടാം വീടാണെന്നാണ് ജിങ്കാൻ പറയുന്നത്.  അദ്ദേഹം തുടർന്നു... "ഫുട്ബോൾ ജീവിതത്തിൽ എനിക്ക് എല്ലാം നൽകിയത് ബ്ലാസ്റ്റേഴ്സാണ്. ഞാൻ എന്ന വ്യക്തി രൂപപ്പെടുന്നതും അവിടെയാണ്. എനിക്ക് രണ്ടാം വീടാണ് ബ്ലാസ്റ്റേഴ്സ്. ബ്ലാസ്റ്റേഴ്സിലെ കരിയർ മനോഹരമായ കാലഘട്ടമായിരുന്നു. ഒരു താരമെന്ന നിലയിലും വ്യക്തിയെന്ന നിലയിലും എനിക്ക് വളരാൻ പറ്റി. സൗഹാർദത്തോടെയാണ് അന്നാട്ടിലെ ജനങ്ങളും എന്നോട് പെരുമാറിയത്. 

രാജ്യത്തിനായും ബ്ലാസ്റ്റേഴ്സിനായും അരങ്ങിയ മത്സരങ്ങൾ എനിക്ക് മറക്കാനാവില്ല. ബ്ലാസ്റ്റേഴ്സ് യേഴ്സിയിലെ ആദ്യ മത്സരം ഇപ്പോഴും ഓർക്കുന്നു. അന്ന് ആരാധകർ സ്റ്റേഡിയം നിറച്ചിരുന്നു. ഗ്രൗണ്ട് മുഴുവൻ കുലുങ്ങുന്നത് പോലെയാണ് അന്ന് അനുഭവപ്പെട്ടത്." ജിങ്കാൻ പറഞ്ഞു.

പുതിയ ക്ലബിനെ കുറിച്ചും ജിങ്കാൻ വാചാലനായി. "എവിടെ പോകുമെന്നുള്ള കാര്യത്തിൽ ഇതുവരെ തീരുമാനമായിട്ടില്ല. മൂന്ന് ക്ലബ്ബുകൾ എന്റെ മുന്നിലുണ്ട്. യൂറോപ്പിലേക്ക് പോകുന്ന കാര്യത്തെ കുറിച്ചൊന്നും സംസാരിക്കാറായിട്ടില്ല." ജിങ്കാൻ പറഞ്ഞു.