ഗില്‍ വരാനിരിക്കുന്ന ഏകദിന ലോകകപ്പില്‍ ഓപ്പണര്‍ സ്ഥാനം ഉറപ്പിച്ചുകഴിഞ്ഞു എന്നാണ് മിക്കവരുടേയും വിശ്വാസം
റായ്‌പൂര്‍: ഏകദിന ക്രിക്കറ്റില്‍ മിന്നും ഫോമിലാണ് ടീം ഇന്ത്യയുടെ ഓപ്പണര്‍ ശുഭ്‌മാന്‍ ഗില്‍. ശ്രീലങ്കയ്ക്ക് എതിരായ പരമ്പരയിലെ അവസാന മത്സരത്തില്‍ സെഞ്ചുറി(97 പന്തില്‍ 116) നേടിയ ഗില്‍ ന്യൂസിലന്‍ഡിന് എതിരായ ആദ്യ ഏകദിനത്തില്‍ ഇരട്ട സെഞ്ചുറി(149 പന്തില്‍ 208) അടിച്ചുകൂട്ടിയിരുന്നു. രണ്ടാം മത്സരത്തില്‍ ഇന്ന് 40* റണ്‍സുമായി പുറത്താകാതെ നിന്നു. എഴുപതിലധികം ശരാശരിയോടെ ബാറ്റ് വീശുന്ന ഗില്‍ വരാനിരിക്കുന്ന ഏകദിന ലോകകപ്പില്‍ ഓപ്പണര്‍ സ്ഥാനം ഉറപ്പിച്ചുകഴിഞ്ഞു എന്നാണ് മിക്കവരുടേയും വിശ്വാസം. എന്നാല്‍ ഇക്കാര്യത്തില്‍ സംശയം പ്രകടിപ്പിക്കുന്ന ഇന്ത്യന്‍ മുന്‍ താരം സഞ്ജയ് ബാംഗര്‍, മറ്റൊരു പേര് കൂടി ലോകകപ്പിലെ ഓപ്പണര്‍ സ്ഥാനത്ത് വച്ചുനീട്ടുന്നു.
'ഇഷാന്‍ കിഷനും ഉള്ളതിനാല്‍ ശുഭ്മാന്‍ ഗില്ലായിരിക്കും ഓപ്പണര്‍ എന്ന കാര്യത്തില്‍ എനിക്ക് ഉറപ്പില്ല. കിഷന്‍ ഇടംകൈയനാണ്, അദേഹവും ഇരട്ട സെഞ്ചുറി നേടിയിട്ടുണ്ട്. പ്രായത്തിലും ഇരുവരും തമ്മില്‍ സാമ്യതകളുണ്ട്. കിഷന് 24ഉം ഗില്ലിന് 23ഉം ആണ് പ്രായം' എന്നും സഞ്ജയ് ബാംഗര്‍ സ്റ്റാര്‍ സ്‌പോര്‍ട്‌സിലെ ചര്‍ച്ചയില്‍ പറഞ്ഞു.
ഏകദിന ലോകകപ്പില്‍ ഒരു ഓപ്പണര്‍ രോഹിത് ശര്‍മ്മയായിരിക്കും എന്നുറപ്പാണ്. രണ്ടാം ഓപ്പണറായി സ്ഥാനം പിടിക്കാന്‍ ശുഭ്‌മാന്‍ ഗില്ലും ഇഷാന്‍ കിഷനും തമ്മിലാണ് പോരാട്ടം. ഇഷാന്‍ അടുത്തിടെ ഏകദിന ഡബിള്‍ തികച്ചിരുന്നു. ബംഗ്ലാദേശിനെതിരായ മൂന്നാം ഏകദിനത്തില്‍ 131 പന്തില്‍ 210 റണ്‍സ് നേടുകയായിരുന്നു ഇഷാന്‍.
ഏകദിന ഫോര്‍മാറ്റില്‍ മികച്ച ഫോമില്‍ കളിക്കുന്ന ശുഭ്‌മാന്‍ ഗില്ലിന് ഓപ്പണര്‍ സ്ഥാനത്ത് മുന്‍തൂക്കം ഉണ്ടെന്നാണ് വിലയിരുത്തല്‍. ഇതിനകം 20 ഏകദിന ഇന്നിംഗ്‌സുകളില്‍ 71.38 ശരാശരിയിലും 107.33 സ്‌ട്രൈക്ക് റേറ്റിലും മൂന്ന് സെഞ്ചുറികളും അഞ്ച് ഫിഫ്റ്റികളും സഹിതം 1142 റണ്‍സ് ഗില്‍ നേടി. 2022 മുതല്‍ 64(53), 43(49), 98*(98), 82*(72), 33(34), 130(97), 3(7), 28(26), 49(57), 50(65), 45*(42), 13(22), 70(60), 21(12), 116(97), 208(149) & 40*(53) എന്നിങ്ങനെയാണ് ഗില്ലിന്‍റെ ഏകദിന സ്കോറുകള്‍. ഏകദിനത്തില്‍ ഏറ്റവും വേഗത്തില്‍ ആയിരം റണ്‍സ് നേടുന്ന ഇന്ത്യന്‍ ബാറ്റര്‍ എന്ന നേട്ടം അടുത്തിടെ ഗില്‍ സ്വന്തമാക്കിയിരുന്നു.
ഹഗ്ഗിംഗ് ഡേയില്‍ ഹിറ്റ്‌മാന് കുട്ടി ആരാധകന്‍റെ ആലിംഗനം; അതും സിക്‌സിന് പിന്നാലെ മൈതാനത്തിറങ്ങി
