മുംബൈ: അടുത്തകാലത്ത് മോശം പ്രകടനങ്ങളാണ് പുറത്തെടുത്തതെങ്കിലും ഇന്ത്യന്‍ യുവതാരങ്ങളായ സഞ്ജു സാംസണിനേയും ഋഷഭ് പന്തിനെയും പുകഴ്ത്തി കമന്റേറ്റര്‍ സഞ്ജയ് മഞ്ജരേക്കര്‍. ഇരുവരും ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഭാവിതാരങ്ങളാണെന്ന് അദ്ദേഹം ട്വിറ്ററില്‍ അഭിപ്രായപ്പെട്ടു. ന്യൂസിലന്‍ഡിനെതിരായ അഞ്ചു മത്സരങ്ങളുടെ ട്വന്റി20 പരമ്പര തൂത്തുവാരി  ഇന്ത്യ ചരിത്രമെഴുതിയതിനു പിന്നാലെയായിരുന്നു മുന്‍ ഇന്ത്യന്‍ താരത്തിന്റെ അഭിപ്രായം.

മഞ്ജരേക്കറുടെ ട്വീറ്റ് ഇങ്ങനെ... ''ഇന്ത്യന്‍ ബാറ്റിങ്ങിന്റെ ഭാവി നിരയില്‍ ഉള്‍പ്പെടുന്ന ഇരുവരും പ്രതിഭയും അസാമാന്യ കരുത്തുമുള്ള താരങ്ങളാണെന്നുള്ളതില്‍ സംശയമൊന്നുമില്ല. ബാറ്റിങ്ങില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി കാണിക്കുന്ന മനോഭാവത്തിന്റെ ചെറിയൊരു അംശം പകര്‍ത്തിയെടുത്താല്‍ മികച്ച താരങ്ങളായി മാറാന്‍ ഇവര്‍ക്ക് സാധിക്കും.'' മഞ്ജരേക്കര്‍.' ്ട്വീറ്റ് വായിക്കാം... 

ഇമ്രാന്‍ ഖാന് കീഴിലെ പാകിസ്ഥാന്‍ ടീമിനെയാണ് കോലിയുടെ ഇപ്പോഴത്തെ ടീം ഓര്‍മിപ്പിക്കുന്നതും മഞ്ജരേക്കര്‍ വ്യക്തമാക്കി. അദ്ദേഹം തുടര്‍ന്നു.. ''പലപ്പോഴും തോല്‍വി ഉറപ്പാക്കിയ ഘട്ടങ്ങളില്‍നിന്നാണ് ഇമ്രാന്റെ പാക് ടീം തിരിച്ചുവന്നിട്ടുണ്ട്. മത്സരങ്ങള്‍ ജയിക്കാന്‍ വ്യത്യസ്തങ്ങളായ വഴികള്‍ തേടിയിരുന്നവരാണ് അവര്‍. ആത്മവിശ്വാസത്തിന്റെ ഏറ്റവും മുകളില്‍ മാത്രമേ ഇത്തരം പ്രകടനങ്ങള്‍ സാധ്യമാകൂ.' അദ്ദേഹം പറഞ്ഞു.

ന്യൂസിലന്‍ഡില്‍ മോശം ദിവസങ്ങളായിരുന്നു മലയാളിതാരം സഞ്ജു സാംസണിന്. രണ്ട് മത്സരങ്ങളില്‍ ഓപ്പണറായി കളിക്കാന്‍ അവസരം ലഭിച്ചെങ്കിലും തിളങ്ങാന്‍ ആയില്ല. ആദ്യ മത്സരത്തില്‍ എട്ടും രണ്ടാം മത്സരത്തില്‍ രണ്ടും റണ്‍സുമാണ് സഞ്ജു നേടിയത്. അതേസമയം, ദീര്‍ഘനാള്‍ ഇന്ത്യയുടെ ലിമിറ്റഡ് ഓവര്‍ ടീമിന്റെ ഭാഗമായിരുന്ന ഋഷഭ് പന്തിന് കിവീസിനെതിരായ പരമ്പരയില്‍ ഒരു മത്സരത്തില്‍പ്പോലും അവസരം ലഭിച്ചിരുന്നില്ല.