മുംബൈ: ലോകകപ്പില്‍ തോറ്റിട്ടും ഇന്ത്യന്‍ നായകനായി വിരാട് കോലിയെ നിലനിര്‍ത്തിയതില്‍ രൂക്ഷ വിമര്‍ശനമാണ് ഇതിഹാസ താരം സുനില്‍ ഗാവസ്‌കര്‍ മുന്നോട്ടുവെച്ചത്. വിരാട് കോലിയുടെ തന്നിഷ്ടത്തിന് സെലക്‌ടര്‍മാര്‍ കൂട്ടുനിൽക്കുന്നുവെന്നായിരുന്നു മുന്‍ താരത്തിന്‍റെ കുറ്റപ്പെടുത്തല്‍. എന്നാല്‍ കോലിയെയും സെലക്‌ടര്‍മാരെയും ചോദ്യം ചെയ്‌ത ഗാവസ്‌കറിനോട് വിയോജിക്കുകയാണ് മറ്റൊരു മുന്‍ താരമായ സഞ്‌ജയ് മഞ്‌ജരേക്കര്‍.

'കോലിയെ നായകനായി നിലനിര്‍ത്തിയതില്‍ അദേഹത്തെയും സെലക്‌ടര്‍മാരെയും കുറിച്ചുള്ള ഗാവസ്‌കറിന്‍റെ നിലപാടിനോട് എല്ലാ ബഹുമാനത്തോടെയും വിയോജിക്കുന്നു. ലോകകപ്പില്‍ വളരെ മോശം പ്രകടനമല്ല ടീം ഇന്ത്യ കാഴ്‌ചവെച്ചത്. ഏഴ് മത്സരങ്ങളില്‍ ജയിച്ചപ്പോള്‍ രണ്ടെണ്ണം മാത്രമാണ് തോറ്റത്. സെമിയില്‍ തലനാരിഴയ്‌ക്കായിരുന്നു പരാജയം. ഔന്നത്യത്തെക്കാള്‍ സമഗ്രതയാണ് സെലക്‌ടര്‍മാര്‍ക്ക് വേണ്ടതെന്നും' മഞ്‌ജരേക്കര്‍ ട്വീറ്റ് ചെയ്തു. 

'ലോകകപ്പില്‍ തോറ്റിട്ടും കോലിയെ നായകപദവിയിൽ നിന്ന് നീക്കണോയെന്ന ആലോചന പോലും ഉണ്ടായില്ല. ലോകകപ്പില്‍ പരാജയപ്പെട്ടതിന്‍റെ പേരില്‍ ദിനേശ് കാര്‍ത്തിക്കിനെ ഒഴിവാക്കിയെങ്കില്‍ കോലിക്കെങ്ങനെ നായകനായി തുടരാന്‍ കഴിയുമെന്നും' ഗാവസ്‌കര്‍ ചോദിച്ചിരുന്നു. ഔന്നത്യമുള്ള മുന്‍ താരങ്ങള്‍ സെലക്ടര്‍മാരാകണമെന്നും ഗാവസ്‌കര്‍ ആവശ്യപ്പെട്ടു. വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമില്‍ നായകനായി കോലിയെ നിലനിര്‍ത്തിയതാണ് ഗാവസ്‌കറെ ചൊടിപ്പിച്ചത്.