രണ്ടാം ടെസ്റ്റില്‍ ഇന്ത്യയുടെ പ്രതീക്ഷകള്‍ കെ എല്‍ രാഹുലിലും റിഷഭ് പന്തിലുമാണെന്ന് മുന്‍ ഇന്ത്യന്‍ താരം സഞ്ജയ് മഞ്ജരേക്കര്‍.
ബര്‍മിംഗ്ഹാം: ബുധനാഴ്ച്ച ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന് ഇറങ്ങുകയാണ് ഇന്ത്യ. അഞ്ച് മത്സരങ്ങളുള്ള പരമ്പരയില്‍ ഇന്ത്യ 1-0ത്തിന് പിന്നിലാണ്. ലീഡ്‌സില്‍ നടന്ന ആദ്യ ടെസ്റ്റില്‍ പരാജയപ്പെടുകയായിരുന്നു ഇന്ത്യ. ഇന്ത്യന്‍ പേസര്‍ ജസ്പ്രിത് ബുമ്ര കളിക്കുമെന്നാണ് അറിയുന്നത്. ബുമ്രക്ക് വിശ്രമം നല്‍കുമെന്ന് വാര്‍ത്തകള്‍ ഉണ്ടായിരുന്നെങ്കിലും അദ്ദേഹം പരിശീലനത്തില്‍ സജീവമായി പങ്കെടുത്തിരുന്നു. അതുകൊണ്ടുതന്നെ കളിക്കാനുള്ള സാധ്യത ഏറെ കൂടുതലാണ്.
ഇപ്പോള്‍ രണ്ടാം ടെസ്റ്റില്‍ ഇന്ത്യയുടെ പ്രതീക്ഷകളെ കുറിച്ച് സംസാരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം സഞ്ജയ് മഞ്ജരേക്കര്‍. കെ എല്‍ രാഹുല്‍, റിഷഭ് പന്ത് എന്നിവരെ കുറിച്ചാണ് മഞ്ജരേക്കര്‍ സംസാരിക്കുന്നത്. അദ്ദേഹത്തിന്റെ വാക്കുകള്‍... ''പന്തിനെ കുറിച്ച് സംസാരിക്കുന്നതിന് കെ എല്‍ രാഹുലിലേക്ക് വരാം. കഴിഞ്ഞ ടെസ്റ്റില്‍ സെഞ്ചുറി നേടിയിരുന്നു രാഹുല്‍. പരമ്പരയിലുടനീളം ഫോം നിലനിര്‍ത്തുകയല്ലാതെ ഇപ്പോള്‍ അദ്ദേഹത്തിന് മറ്റ് മാര്‍ഗമില്ല. അദ്ദേഹത്തിന്റെ ഫോം ഇന്ത്യന്‍ ടീമിന് നിര്‍ണായകമാണ്. ഇന്ത്യന്‍ ക്രിക്കറ്റിന് അദ്ദേഹത്തെ വളരെയധികം ആവശ്യമുണ്ട്. ഒറ്റ ടെസ്റ്റില്‍ മികവ് പുലര്‍ത്തിയത് കൊണ്ടുമാത്രം രാഹുലിന് മുന്നോട്ട പോകാന്‍ കഴിയില്ല.'' മഞ്ജരേക്കര്‍ പറഞ്ഞു.
പന്തിനെ കുറിച്ച് മഞ്ജരേക്കര്‍ പറഞ്ഞതിങ്ങനെ... ''ബര്‍മിംഗ്ഹാം ടെസ്റ്റിലും പന്ത് ഫോം നിലനിര്‍ത്തുമെന്ന് കരുതുന്നത്. ടെസ്റ്റ് ക്രിക്കറ്റില്‍ ആസ്വദിച്ച് ബാറ്റുചെയ്യുന്നയാളാണ്. ആദ്യ ഇന്നിംഗ്‌സില്‍ സെഞ്ച്വറി നേടിയതിന് ശേഷം രണ്ടാം ഇന്നിംഗ്‌സിലും സെഞ്ചുറി നേടാനുള്ള കഴിവ് പന്തിനുണ്ട്. അതൊരു അസാധാരണ കളിക്കാരന്റെ മുഖമുദ്രയാണ്.'' മഞ്ജരേക്കര്‍ പറഞ്ഞു.
അതേസമയം, ടെസ്റ്റ് കരിയറില്‍ ഒരു പ്രധാന നാഴികക്കല്ല് പിന്നിടാനുള്ള ഒരുക്കത്തിലാണ് യശസ്വി ജയ്സ്വാള്‍. ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും വേഗത്തില്‍ 2,000 റണ്‍സ് തികയ്ക്കുന്ന ഇന്ത്യന്‍ ബാറ്റ്സ്മാന്‍ എന്ന നേട്ടത്തിലേക്കാണ് ഈ ഇടംകൈയ്യന്‍ ഓപ്പണര്‍ അടുക്കുന്നത്. നിലവില്‍ മുന്‍ താരങ്ങള്‍ രാഹുല്‍ ദ്രാവിഡ്, വിരേന്ദര്‍ സെവാഗ് എന്നിവരുടെ പേരിലാമ് റെക്കോഡ്. ഇരുവരും 40 ഇന്നിംഗ്‌സുകളില്‍ നിന്നാണ് നേട്ടം സ്വന്തമാക്കിയത്. 1999ല്‍ ഹാമില്‍ട്ടണില്‍ ന്യൂസിലന്‍ഡിനെതിരെയാണ് ദ്രാവിഡ് ഈ നേട്ടം കൈവരിച്ചത്. 2004ല്‍ ചെന്നൈയില്‍ ഓസ്ട്രേലിയയ്ക്കെതിരായ മത്സരത്തിലാണ് സേവാഗ് അദ്ദേഹത്തോടൊപ്പം ചേര്‍ന്നത്.

