ലോർഡ്സ് ടെസ്റ്റിലെ തോൽവിയിൽ ശുഭ്മൻ ഗില്ലിനെ വിമർശിച്ച് സഞ്ജയ് മഞ്ജരേക്കർ. ക്രോളിയുമായുള്ള തർക്കം ഗില്ലിന്‍റെ ബാറ്റിംഗിനെ ബാധിച്ചെന്നും കോലിയെ അനുകരിക്കേണ്ടതില്ലെന്നും മഞ്ജരേക്കർ.
ലണ്ടൻ: ഇംഗ്ലണ്ടിനെതിരായ ലോർഡ്സ് ക്രിക്കറ്റ് ടെസ്റ്റിലെ തോൽവിയിൽ ഇന്ത്യൻ നായകൻ ശുഭ്മൻ ഗില്ലിനെ വിമർശിച്ച് മുൻ ഇന്ത്യൻ താരം സഞ്ജയ് മഞ്ജരേക്കർ. ലോർഡ്സ് ടെസ്റ്റിനിടെ ഇംഗ്ലിഷ് ബാറ്റർ സാക് ക്രോളിയുമായി തർക്കിച്ചത് രണ്ടാം ഇന്നിംഗ്സിൽ ഗില്ലിന്‍റെ ബാറ്റിംഗിനെ ബാധിച്ചെന്ന് മഞ്ജരേക്കർ പറഞ്ഞു. എതിർ ടീമിനോട് ദേഷ്യപ്പെട്ടാല്‍ വിരാട് കോലിയുടെ ഏറ്റവും മികച്ച ബാറ്റിങ് പ്രകടനമായിരിക്കും പുറത്തുവരുന്നത്. പക്ഷെ ഗില്ലിന്‍റെ കാര്യം അങ്ങനെയല്ലെന്നും മഞ്ജരേക്കര്‍ ക്രിക് ഇന്‍ഫോയോട് പറഞ്ഞു.
ഗില്ലിന് ഇങ്ങനെ ദേഷ്യപ്പെടുന്ന സ്വഭാവം ഉണ്ടായിരുന്നെങ്കിൽ കുറച്ചു മുൻപു തന്നെ നമ്മൾ അതു കാണുമായിരുന്നു. ക്യാപ്റ്റനായപ്പോൾ പ്രത്യേകമായി ദേഷ്യം കാണിക്കേണ്ടതില്ലെന്നും സഞ്ജയ് മഞ്ജരേക്കർ പറഞ്ഞു. ഒരുപാട് റൺസെടുത്ത് ഒരു കളി ജയിപ്പിക്കുമ്പോൾ അമിത അത്മവിശ്വാസം ഉണ്ടാകരുതെന്നും മുൻ ഇന്ത്യൻ താരം വ്യക്തമാക്കി. എഡ്ഡ്ബാസ്റ്റണില്‍ പൂര്‍ണ നിയന്ത്രണത്തോടെയാണ് ഗില്‍ ബാറ്റ് ചെയ്തത്. എന്നാല്‍ ലോര്‍ഡ്സിലെ രണ്ടാം ഇന്നിംഗ്സില്‍ ബാറ്റിംഗിനായി ക്രീസിലെത്തിയപ്പോള്‍ ഗില്‍ കടുത്ത സമ്മര്‍ദ്ദത്തിലായിരുന്നു. ഇംഗ്ലണ്ട് താരങ്ങള്‍ വാക്കുകള്‍ കൊണ്ട് പ്രകോപിപ്പിക്കുകയും ചെയ്തു. ഇതോടെ നേരിട്ട ഒമ്പത് പന്തില്‍ നാലു പന്തും ഗില്ലിന് തൊടാനായില്ല. ഒരു തവണ റിവ്യു എടുത്ത് രക്ഷപ്പെടുകയും ചെയ്തു.
കളിക്കാരനെന്ന നിലയില്‍ കോലിയെപ്പോലെ സ്വാഭാവികമായി ആക്രമണോത്സുകനല്ല ഗില്‍. അതുകൊണ്ട് ബോധപൂര്‍വം കോലിയെ അനുകരിക്കാന്‍ ശ്രമിക്കേണ്ട കാര്യമില്ല. ഗില്‍ ആക്രമണോത്സുകനായിരുന്നെങ്കില്‍ ക്യാപ്റ്റനാവുന്നതിന് മുമ്പെ നമ്മളത് കാണുമായിരുന്നു. ക്യാപ്റ്റനായി എന്നതുകൊണ്ട് ആക്രമണോത്സുകനാകേണ്ട കാര്യമില്ലെന്നും മഞ്ജരേക്കര്‍ പറഞ്ഞു.
ലോർഡ്സ് ടെസ്റ്റിന്‍റെ മൂന്നാം ദിനം അവസാനിപ്പിക്കുന്നതിന് തൊട്ടുമുൻപായിരുന്നു ഗില്ലും സാക് ക്രോളിയും തർക്കിച്ചത്. ഇംഗ്ലണ്ട് ബാറ്റർ വെറുതെ സമയം കളയുകയാണെന്ന് ആരോപിച്ചായിരുന്നു തർക്കം. പിന്നീട് രണ്ടാം ഇന്നിംഗിസിൽ ബാറ്റു ചെയ്യാനിറങ്ങിയ ഗിൽ ആറു റൺസ് മാത്രമെടുത്ത് പുറത്തായി. മാഞ്ചസ്റ്ററിൽ ബുധനാഴ്ചയാണ് നാലാം ടെസ്റ്റിന് തുടക്കമാവുക. അഞ്ച് ടെസ്റ്റുകളുടെ പരമ്പരയിൽ പ്രതീക്ഷ നിലനിർത്താൻ ഇന്ത്യക്ക് ജയം അനിവാര്യമാണ്. ലോർഡ്സിൽ 22 റൺസിന്‍റെ നാടകീയ ജയം നേടിയ ഇംഗ്ലണ്ട് പരമ്പരയിൽ 2-1ന് മുന്നിലാണ്.


