മുൻ ഇന്ത്യൻ താരം സഞ്ജയ് മഞ്ജരേക്കർ, ഗൗതം ഗംഭീറിന് ശേഷം ഇന്ത്യൻ വൈറ്റ് ബോൾ ടീമിന്റെ പരിശീലകനായി ആശിഷ് നെഹ്റയെ നിർദ്ദേശിച്ചു. ഐപിഎല്ലിൽ ഗുജറാത്ത് ടൈറ്റൻസിനൊപ്പമുള്ള നെഹ്റയുടെ വിജയകരമായ റെക്കോർഡും പ്രായോഗിക സമീപനവും ചൂണ്ടിക്കാട്ടിയാണ് മഞ്ജരേക്കറുടെ ഈ അഭിപ്രായം. 

മുംബൈ: ഐപിഎല്‍ ഫൈനലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനോട് ഗുജറാത്ത് ടൈറ്റന്‍സ് പരാജയപ്പെട്ടെങ്കിലും, മുഖ്യ പരിശീലകന്‍ ആശിഷ് നെഹ്റയുടെ കരിയറിലെ ഗ്രാഫ് ഉയരുകയാണ്. അഞ്ച് വര്‍ഷത്തിനിടെ നാല് തവണ പ്ലേഓഫിലും മൂന്ന് തവണ ഫൈനലിലും ഗുജറാത്തിനെ എത്തിച്ച നെഹ്റയെ, ഇന്ത്യയുടെ നിശ്ചിത ഓവര്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലകനായി ബിസിസിഐ പരിഗണിക്കണമെന്ന് മുന്‍ താരം സഞ്ജയ് മഞ്ജരേക്കര്‍ അഭിപ്രായപ്പെട്ടു. നിലവില്‍ ഗൗതം ഗംഭീറാണ് ഇന്ത്യന്‍ ടീമിന്റെ മുഖ്യ പരിശീലകന്‍.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

2027-ലെ ഏകദിന ലോകകപ്പ് വരെയാണ് അദ്ദേഹത്തിന്റെ കാലാവധിയെങ്കിലും, അത് 2028-ലെ ലോസ് ആഞ്ചലസ് ഒളിമ്പിക്‌സും ടി20 ലോകകപ്പും വരെ നീട്ടാന്‍ സാധ്യതയുണ്ട്. എന്നാല്‍ ഗംഭീറിന് ശേഷം നെഹ്റയെ ഒരു പ്രധാന ഓപ്ഷനായി കാണണമെന്നാണ് മഞ്ജരേക്കര്‍ പറയുന്നത്. മഞ്ജരേക്കറുടെ വാക്കുകള്‍... ''ഇന്ത്യ ഒരു ടി20 പരിശീലകനെ തിരയുകയാണെങ്കില്‍, ഫലം കാണിച്ചുതന്ന ഒരാളാണ് അദ്ദേഹം. മികച്ച റെക്കോര്‍ഡാണ് നെഹ്റയ്ക്കുള്ളത്. അദ്ദേഹം തികച്ചും പ്രായോഗിക ബുദ്ധിയുള്ള ക്രിക്കറ്ററാണ്. കളിയെ വൈകാരികമായി കാണുന്നതിന് പകരം ടീമിന്റെ പ്രശ്‌നങ്ങള്‍ കൃത്യമായി വിശകലനം ചെയ്യാന്‍ അദ്ദേഹത്തിന് കഴിയും.'' മഞ്ജരേക്ക വ്യക്തമാക്കി.

കളിയെ കൃത്യമായി വായിക്കാനുള്ള കഴിവും മറ്റുള്ളവരെ പ്രീണിപ്പിക്കാന്‍ ശ്രമിക്കാത്ത സ്വഭാവവും നെഹ്റയെ വേറിട്ടു നിര്‍ത്തുന്നുവെന്ന് മഞ്ജരേക്കര്‍ കൂട്ടിച്ചേര്‍ത്തു. വിജയങ്ങളുടെ ക്രെഡിറ്റ് സ്വന്തമായി എടുക്കാന്‍ താല്പര്യപ്പെടാതെ പിന്നില്‍ നിന്ന് ജോലി ചെയ്യാനാണ് നെഹ്റ ഇഷ്ടപ്പെടുന്നതെന്നും അദ്ദേഹം നിരീക്ഷിച്ചു.

നെഹ്റയെ ടീമിലെത്തിക്കുകയാണെങ്കില്‍ അത് ബോളിങ് പരിശീലകനായോ കണ്‍സള്‍ട്ടന്റായോ ആകരുത്, മറിച്ച് മുഖ്യ പരിശീലകനായി തന്നെയായിരിക്കണമെന്നും മഞ്ജരേക്കര്‍ സ്‌പോര്‍ട്സ്റ്റാറിന്റെ പോഡ്കാസ്റ്റില്‍ വ്യക്തമാക്കി. 2022ല്‍ ഗുജറാത്ത് ടൈറ്റന്‍സ് കിരീടം നേടുമ്പോള്‍ നെഹ്റയായിരുന്നു പരിശീലകന്‍. 2024-ല്‍ മാത്രമാണ് അദ്ദേഹത്തിന് കീഴില്‍ ടീമിന് പ്ലേഓഫ് നഷ്ടമായത്.

YouTube video player