രാഹുലിനെ പുറത്തിരുത്തി രോഹിത് ശര്‍മയ്‌ക്കൊപ്പം ഇഷാന്‍ കിഷനെ ഓപ്പണറാക്കണമെന്ന് വാദിക്കുന്നവരുമുണ്ട്. മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റനും ഇപ്പോള്‍ കമന്റേറ്ററുമായ മൈക്കല്‍ വോണ്‍ ആ അഭിപ്രായക്കാനാണ്.

അഹമ്മദാബാദ്: ഇംഗ്ലണ്ടിനെതിരെ നിര്‍ണായകമായ അഞ്ചാം ടി20യില്‍ ഇന്ത്യയുടെ പ്ലയിംഗ് ഇലവന്‍ എന്തായിരിക്കുമെന്നാണ് ക്രിക്കറ്റ് ആരാധകര്‍ ചിന്തിക്കുന്നത്. ഇന്ത്യയുടെ ടീം മാനേജ്‌മെന്റ് ആവട്ടെ ആരെ കളിപ്പിക്കും ആരെ പുറത്തിരിത്തുമെന്നുള്ള ആശയകുഴപ്പത്തിലാണ്. മോശം ഫോമിലുള്ള ഓപ്പണര്‍ കെ എല്‍ രാഹുലിന് മറ്റൊരു അവസരം കൂടി ലഭിക്കുമെന്നാണ് വിലയിരുത്തല്‍. 

എന്നാല്‍ രാഹുലിനെ പുറത്തിരുത്തി രോഹിത് ശര്‍മയ്‌ക്കൊപ്പം ഇഷാന്‍ കിഷനെ ഓപ്പണറാക്കണമെന്ന് വാദിക്കുന്നവരുമുണ്ട്. മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റനും ഇപ്പോള്‍ കമന്റേറ്ററുമായ മൈക്കല്‍ വോണ്‍ ആ അഭിപ്രായക്കാനാണ്. അദ്ദേഹത്തിന്റെ അഭിപ്രായത്തോടെ യോജിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം സഞ്ജയ് മഞ്ജരേക്കറും. 

പരിക്ക് പൂര്‍ണമായും മാറിയെങ്കില്‍ കിഷനെ കളിപ്പിക്കണമെന്നാണ് മഞ്ജരേക്കറുടെ അഭിപ്രായം. ''പരമ്പരയിലെ ആദ്യ നാല് മത്സരങ്ങളിലും രാഹുലിന് തന്റെ സ്വതസിദ്ധമായ പ്രകടനം പുറത്തെടുക്കാന്‍ സാധിച്ചിട്ടില്ല. എന്നിരുന്നാലും അദ്ദേഹത്തെ പുറത്തിരിത്തുമെന്ന് ഞാന്‍ കരുതുന്നില്ല. ഫോം വീണ്ടെടുക്കാന്‍ രാഹുലിന് വീണ്ടും അവസരം നല്‍കും. ഇക്കാര്യം ക്യാപ്റ്റന്‍ നേരത്തെ സൂചിപ്പിച്ചതാണ്. അതുകൊണ്ടുതന്നെ ഇഷാന്‍ പുറത്തിരിക്കേണ്ടിവരും.

രാഹുലിനെ കളിപ്പിക്കണം എന്നുള്ളതുകൊണ്ട് കിഷനെ പരിക്കിന്റെ പേര് പറഞ്ഞ് ഒഴിവാക്കിയേക്കാം. എന്നാല്‍ അവന്‍ ടീമില്‍ വേണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്.'' മഞ്ജരേക്കര്‍ വ്യക്തമാക്കി. ബോളിങ് നിരയില്‍ മാറ്റത്തിന്റെ ആവശ്യമില്ലെന്നും മഞ്ജരേക്കര്‍ പറഞ്ഞു. വാഷിംഗ്ടണ്‍ സുന്ദറിന് പകരം രാഹുല്‍ തെവാട്ടിയയെ കളിപ്പിക്കുന്നത് ഗുണം ചെയ്യില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.