ദില്ലി: സയ്യിദ് മുഷ്താഖ് അലി ടി20 മത്സരത്തിനിടെ പരിക്കേറ്റ ഇന്ത്യന്‍ ടി20-ഏകദിന ഓപ്പണര്‍ ശിഖര്‍ ധവാന് ഫിറ്റ്‌നെസ് ടെസ്റ്റ്. ഡിസംബര്‍ ആറിന് വെസ്റ്റ് ഇന്‍ഡീസിനെതിരെ ആരംഭിക്കുന്ന ടി20 പരമ്പരയ്ക്ക് മുമ്പായി താരം ഫിറ്റ്‌നെസ് തെളിയിക്കേണ്ടതുണ്ട്. നാഷണല്‍ ക്രിക്കറ്റ് അക്കാദമിയിലാണ് ഫിറ്റ്‌നെസ് ടെസ്റ്റ്. സയ്യിദ് മുഷ്താഖ് അലിയില്‍ മഹാരാഷ്ട്രയ്‌ക്കെതിരായ മത്സരത്തിലാണ് 33കാരന് പരിക്കേറ്റത്. 

ബാറ്റിങ്ങിനിടെയാണ് ധവാന് പരിക്കേറ്റത്. ക്രീസിലേക്ക് ഡൈവ് ചെയ്യുന്നതിനിടെ ബാറ്റിങ് പാഡിലെ മരകഷ്ണം കാലില്‍ കൊള്ളുകയായിരുന്നു. പിന്നീട് പുറത്തായി പവലിയനിലേക്ക് മടങ്ങുന്നതിനിടെ താരത്തിന്റെ കാലില്‍ നിന്ന് രക്തമൊലിക്കുന്നുണ്ടായിരുന്നു. കാലില്‍ തുന്നലുണ്ടെന്നാണ് മെഡിക്കല്‍ റിപ്പോര്‍ട്ട്. കഴിഞ്ഞ ഐപിഎല്‍ ഫൈനലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ഓപ്പണര്‍ ഷെയ്ന്‍ വാട്‌സണും സമാനരീതിയില്‍ പരിക്കേറ്റിരുന്നു. 

താരത്തിന് ഫിറ്റ്‌നെസ് തെളിയിക്കാന്‍ സാധിച്ചില്ലെങ്കില്‍ പുറത്തിരിക്കേണ്ടി വരും. അങ്ങനെയെങ്കില്‍ മലയാളി താരം സഞ്ജു സാംസണെ ടീമിലേക്ക് തിരിച്ചുവിളിക്കുമെന്നാണ് പുറത്തുവരുന്ന വിവരം. മുംബൈ മിറര്‍ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരുന്നു. നേരത്തെ ബംഗ്ലാദേശിനെതിരായ ടി20 ടീമില്‍ സഞ്ജു ടീമിലുണ്ടായിരുന്നു. എന്നാല്‍ ഒരു മത്സരവും കളിച്ചിരുന്നില്ല. പിന്നാലെ വിന്‍ഡീസിനെതിരായ ടീമിനെ തിരഞ്ഞെടുത്തപ്പോള്‍ സഞ്ജുവിനെ ഒഴിവാക്കിയിരുന്നു.