മുംബൈ: ബംഗ്ലാദേശിനെതിരായ പരമ്പരയ്ക്കായുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിക്കാന്‍ മണിക്കൂറുകള്‍ മാത്രമാണ് ബാക്കിയുള്ളത്. മൂന്ന് ടി20യും രണ്ട് ടെസ്റ്റുമാണ് ബംഗ്ലാദേശ് ഇന്ത്യയില്‍ കളിക്കുക. ടീമിനെ തിരഞ്ഞെടുക്കുന്നതിന് മുമ്പുതന്നെ ക്രിക്കറ്റ് ആരാധകര്‍ ഉറ്റുനോക്കുന്നത് വിരാട് കോലി, ഋഷഭ് പന്ത്, സഞ്ജു സാംസണ്‍ എന്നിവരിലേക്കാണ്. പരമ്പരയില്‍ കോലിക്ക് വിശ്രമം അനുവദിക്കന്‍ സാധ്യതയേറെയാണ്.

മോശം ഫോമില്‍ കളിക്കുന്ന ഋഷഭ് പന്ത് ടീമില്‍ സ്ഥാനം നിലനിര്‍ത്തുമോ എന്നാണ് കണ്ടറിയേണ്ടത്. പന്തിനെ ടീമില്‍ നിന്ന് തഴഞ്ഞാല്‍ മലയാളി താരം സഞ്ജു സാംസണിന് അവസരം തെളിയും. എന്നാല്‍ ഇപ്പോള്‍ പുറത്തുവരുന്ന വിവരം ടി20 ലോകകപ്പ് മുന്നില്‍ നില്‍ക്കെ പന്തിന് ഒരവസരം കൂടി നല്‍കുമെന്നാണ്. സഞ്ജുവിനെ ബാക്ക്അപ്പ് വിക്കറ്റ് കീപ്പറാക്കി ടീമില്‍ ഉള്‍പ്പെടുത്താനാണ് സെലക്ഷന്‍ കമ്മിറ്റി ശ്രമിക്കുന്നത്. വിജയ് ഹസാരെ ട്രോഫിയില്‍ തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്തതോടെ താരത്തെ ടീമില്‍ ഉള്‍പ്പെടുത്തണമെന്ന് ആവശ്യമുയര്‍ന്നിരുന്നു.

ടി20 പരമ്പരയില്‍ കോലിക്ക് വിശ്രമം അനുവദിച്ചേക്കും. രോഹിത് ശര്‍മയാണ് ഇന്ത്യയെ നയിക്കുക. കോലിയുടെ ജോലിഭാരം കുറക്കുന്നതിന്റെ ഭാഗമായിട്ടാണിത്. എന്നാല്‍ ടെസ്റ്റ് പരമ്പരയിലേക്ക് തിരിച്ചെത്തിയേക്കും. ശിവം ദ്യൂബെയേയും ടീമില്‍ ഉള്‍പ്പെടുത്താന്‍ സാധ്യതയേറെയാണ്. ഹാര്‍ദിക് പാണ്ഡ്യക്ക് പകരമായിട്ടാണ് യുവതാരം ടീമിലെത്തുക.