വെല്ലിങ്ടണ്‍: ന്യൂസിലന്‍ഡ് പര്യടനത്തില്‍ പൂര്‍ണ പരാജയമായതോടെ മലയാളി താരം സഞ്ജു സാംസണ്‍ ഒരിക്കല്‍കൂടി ചര്‍ച്ചയാവുകയാണ്. സഞ്ജുവിന് വേണ്ടി വിരാട് കോലി വിശ്രമമെടുത്തിട്ടും രോഹിത് ശര്‍മ മൂന്നാമനായി ഇറങ്ങിയിട്ടും അവസരം മുതലാക്കാനായില്ല. പുറത്തായി രീതിയില്‍ താരത്തിനെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നു. ഇനി ലോകകപ്പ് ടീമില്‍ ഇടം നേടാന്‍ സഞ്ജു അല്‍പം ബുദ്ധിമുട്ടേണ്ടിവരും. ഐപിഎല്‍ മാത്രമാണ് ഇനി താരത്തിന് പ്രതീക്ഷ.

ഓസ്‌ട്രേലിയിയല്‍ ഒക്ടോബറില്‍ നടക്കുന്ന ലോകകപ്പിനുള്ള ടീമില്‍ സഞ്ജുവിന് ഇടം ഉണ്ടാകുമോയെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. കെ എല്‍ രാഹുലിന് പുറമേ ഒരു സ്‌പെഷ്യലിസ്റ്റ് കീപ്പറെ ലോകകപ്പ് ടീമില്‍ ഉള്‍പ്പെടുത്താനാണ് നിലവിലെ ആലോചന. സഞ്ജുവിന് പുറമെ എം എസ് ധോണി, ഋഷഭ് പന്ത്, ദിനേശ് കാര്‍ത്തിക് എന്നിവരുടെ പേരുകളാണ് പരിഗണനയില്‍. 

ഇന്ത്യയുടെ അടുത്ത ടി20 പരമ്പര ജൂണില്‍ ശ്രീലങ്കയ്‌ക്കെതിരെയാണ്. അതിന് മുന്‍പുള്ള ഐപിഎല്ലില്‍ സ്ഥിരതയാര്‍ന്ന പ്രകടനം നടത്താനായാല്‍ സഞ്ജു ലോകകപ്പ് ടീമില്‍ ഇടംകണ്ടെത്തിയേക്കും. സെലക്ഷന്‍ കമ്മിറ്റിയിലെ മാറ്റങ്ങളും നിര്‍ണായകമാണ്. ഫീല്‍ഡില്‍ മികച്ച പ്രകടനം നടത്തുമെന്നത്  ഓസ്‌ട്രേലിയയിലെ വലിയ ഗ്രൗണ്ടുകളില്‍ സഞ്ജുവിനെ പരിഗണിക്കാന്‍ കാരണമായേക്കും.