98 മത്സരങ്ങള്‍ കളിച്ച ധോണിയാകട്ടെ, ആകെ നേടിയിട്ടുള്ളത് 52 സിക്സറുകള്‍.

ചെന്നൈ: ഇന്ത്യയുടെ എക്കാലത്തേയും മികച്ച വിക്കറ്റ് കീപ്പര്‍ എം എസ് ധോണിയുടെ റെക്കോഡ് മറികടക്കാന്‍ സഞ്ജു സാംസണ് അവസരം. അന്താരാഷ്ട്ര ട്വന്റി20യില്‍ ഏറ്റവും കൂടുതല്‍ സിക്സര്‍ നേടുന്ന താരങ്ങളുടെ പട്ടികയിലാണ് സഞ്ജു തൊട്ടുപിന്നിലുള്ളത്. ശനിയാഴ്ച്ച ചെന്നൈ, ചെപ്പോക്ക് സ്‌റ്റേഡിയത്തില്‍ ഇംഗ്ലണ്ടിനെതിരെ രണ്ടാം ടി20 മുന്നില്‍ നില്‍ക്കെ സഞ്ജുവിന് വലിയ അവസരമാണ് വന്നുചേര്‍ന്നിരിക്കുന്നത്. 38 ടി20 മത്സരങ്ങള്‍ കളിച്ചിട്ടുള്ള സഞ്ജു ഇതുവരെ 47 സിക്സുകളാണ് നേടിയത്. 

98 മത്സരങ്ങള്‍ കളിച്ച ധോണിയാകട്ടെ, ആകെ നേടിയിട്ടുള്ളത് 52 സിക്സറുകള്‍. ആറ് സിക്സുകള്‍ നേടിയാല്‍ സഞ്ജുവിന് ധോണിയെ മറികടക്കാം. കൊല്‍ക്കത്തയില്‍ നടന്ന ആദ്യ ടി20യില്‍ സഞ്ജു ഒരു സിക്‌സ് നേടിയിരുന്നു. അതേസമയം, ഏറ്റവും കൂടുതല്‍ സിക്സുകള്‍ നേടിയ താരങ്ങളില്‍ രോഹിത് ശര്‍മയാണ് മുന്നില്‍. 159 മത്സരങ്ങളില്‍നിന്ന് 205 സിക്സുകളാണ് രോഹിത് നേടിയത്. രാജ്യാന്തര ട്വന്റി20യില്‍ സിക്സറുകളില്‍ 200ലധികം സിക്സുകള്‍ നേടിയ ഏക താരവും രോഹിത് തന്നെ. 122 മത്സരങ്ങളില്‍ നിന്ന് 173 റണ്‍സ് നേടിയ മുന്‍ കിവീസ് ഓപ്പണര്‍ മാര്‍ട്ടിന്‍ ഗപ്റ്റിലാണ് രണ്ടാമത്. ഇപ്പോഴും സജീവ ക്രിക്കറ്റിലുള്ളവരില്‍ മുന്നിലുള്ള താരം വെസ്റ്റിന്‍ഡീസിന്റെ നിക്കോളാസ് പുരാനാണ്. 106 മത്സരങ്ങളില്‍നിന്ന് 149 സിക്സറുകള്‍. 

ഇംഗ്ലണ്ടിനെതിരെ രണ്ടാം ടി20 ഇന്ത്യ ഒരു മാറ്റം വരുത്തിയേക്കും! ഷമി ചെന്നൈയില്‍ കളിച്ചേക്കും, സാധ്യതാ ഇലവന്‍

അതേസമയം, അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 1-0ത്തിന് മുന്നിലാണ്. കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സില്‍ നടന്ന ആദ്യ മത്സരത്തില്‍ ഇന്ത്യ ഏഴ് വിക്കറ്റിന് ജയിച്ചിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 20 ഓവറില്‍ 132 റണ്‍സിന് ഓള്‍ ഔട്ടായപ്പോള്‍ അഭിഷേക് ശര്‍മയുടെ വെടിക്കെട്ട് അര്‍ധസെഞ്ചുറിയുടെ കരുത്തില്‍ 12.5 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ ലക്ഷ്യം മറികടന്നു. 20 പന്തില്‍ അര്‍ധസെഞ്ചുറി തികച്ച അഭിഷേക് ശര്‍മ 34 പന്തില്‍ 79 റണ്‍സെടുത്ത് ഇന്ത്യയുടെ ടോപ് സ്‌കോററായപ്പോള്‍ തിലക് വര്‍മയും (16 പന്തില്‍ 19) ഹാര്‍ദ്ദിക് പാണ്ഡ്യും (4 പന്തില്‍ 3) പുറത്താകാതെ നിന്നു. സഞ്ജു 20 പന്തില്‍ 26 റണ്‍സെടുത്ത് പുറത്തായപ്പോള്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് പൂജ്യത്തിന് മടങ്ങി. ഇംഗ്ലണ്ടിനായി ജോഫ്ര ആര്‍ച്ചര്‍ രണ്ട് വിക്കറ്റ് വീഴ്ത്തി.

രണ്ടാം ടി20ക്കുള്ള ഇംഗ്ലണ്ട് പ്ലേയിംഗ് ഇലവന്‍ 

ബെന്‍ ഡക്കറ്റ്, ഫില്‍ സാള്‍ട്ട് (വിക്കറ്റ് കീപ്പര്‍), ജോസ് ബട്ട്‌ലര്‍ (ക്യാപ്റ്റന്‍), ഹാരി ബ്രൂക്ക്, ലിയാം ലിവിംഗ്സ്റ്റണ്‍, ജേക്കബ് ബെഥേല്‍, ജാമി ഓവര്‍ട്ടണ്‍, ബ്രൈഡന്‍ കാര്‍സ്, ജോഫ്ര ആര്‍ച്ചര്‍, ആദില്‍ റഷീദ്, മാര്‍ക്ക് വുഡ്. 

ഇന്ത്യയുടെ സാധ്യതാ ഇലവന്‍ 

അഭിഷേക് ശര്‍മ്മ, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), തിലക് വര്‍മ, ഹാര്‍ദിക് പാണ്ഡ്യ, നിതീഷ് കുമാര്‍ റെഡ്ഡി /മുഹമ്മദ് ഷമി, റിങ്കു സിംഗ്, അക്‌സര്‍ പട്ടേല്‍ (വൈസ് ക്യാപ്റ്റന്‍), വരുണ്‍ ചക്രവര്‍ത്തി, അര്‍ഷ്ദീപ് സിംഗ്.