രാജസ്ഥാനുവേണ്ടി ഏഴ് സീസണുകളിലെ 83 മത്സരങ്ങളില്‍ നിന്ന് 3055 റണ്‍സടിച്ച ജോസ് ബട്‌ലറെ കൈവിടാനുള്ള തീരുമാനം ആരാധകരെ ഞെട്ടിച്ചിരുന്നു.

ജയ്പൂര്‍: ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സ് നായകനായ സാംസണിന്‍റെ ടീം മാറ്റം സംബന്ധിച്ച് ഓരോ ദിവസവും പുതിയ റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. വൈഭവ് സൂര്യവന്‍ഷി ഓപ്പണറായി തിളങ്ങിയതും റിയാന്‍ പരാഗിന് ടീം മാനേജ്മെന്‍റിലുള്ള സ്വാധീനവും സഞ്ജു ടീം വിടാന്‍ താല്‍പര്യപ്പെടുന്നതിന് പിന്നിലുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തുവന്നിരുന്നു. എന്നാല്‍ ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം ടീം മാനേജ്മെന്‍റുമായുള്ള അഭിപ്രായ ഭിന്നതയും ടീം മാറ്റത്തിന് സഞ്ജുവിനെ പ്രേരിപ്പിക്കുന്നുണ്ടെന്നാണ് സൂചന. അതിലേറ്റവും പ്രധാനം കഴിഞ്ഞ ഐപിഎല്‍ മെഗാ താരലേലത്തിന് മുമ്പ് ജോസ് ബട്‌ലറെ നിലനിര്‍ത്തേണ്ടെന്ന രാജസ്ഥാന്‍ ടീം മാനേജ്മെന്‍റിന്‍റെ തീരുമാനമാണെന്ന് ക്രിക് ബസ് റിപ്പോര്‍ട്ട് ചെയ്തു. 

രാജസ്ഥാനുവേണ്ടി ഏഴ് സീസണുകളിലെ 83 മത്സരങ്ങളില്‍ നിന്ന് 3055 റണ്‍സടിച്ച ജോസ് ബട്‌ലറെ കൈവിടാനുള്ള തീരുമാനം ആരാധകരെ ഞെട്ടിച്ചിരുന്നു. ജോസ് ബട്‌ലര്‍ക്ക് പകരം ഷിമ്രോണ്‍ ഹെറ്റ്മെയറെയാണ് രാജസ്ഥാന്‍ നിലനിര്‍ത്തിയത്. ജോസ് ബട്‌ലറെ കൈവിട്ടത് ഏറ്റവും ബുദ്ധിമുട്ടേറിയ തീരുമാനമായിരുന്നുവെന്ന് കഴിഞ്ഞ ഐപിഎല്‍ താരലേലത്തിനുശേഷം സഞ്ജു പറഞ്ഞിരുന്നു. ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരക്കിടെ അത്താഴവിരുന്നിന് ബട്‌ലറെ കണ്ടപ്പോള്‍ ഇപ്പോഴും തനിക്ക് അത് ഉള്‍ക്കൊള്ളാനായിട്ടില്ലെന്ന് പറഞ്ഞതായി സഞ്ജു പറഞ്ഞിരുന്നു. ഐപിഎല്ലില്‍ എന്തെങ്കിലും മാറ്റം വരുത്താന്‍ കഴിയുമായിരുന്നെങ്കില്‍ ഓരോ മൂന്നു വര്‍ഷം കൂടുമ്പോഴും കളിക്കാരെ റിലീസ് ചെയ്യുന്ന തീരുമാനം മാറ്റുമായിരുന്നുവെന്നും സഞ്ജു പറഞ്ഞിരുന്നു.

രാജസ്ഥാന്‍ കൈവിട്ട ബട്‌ലറെ മെഗാ താരലേലത്തില്‍ 15.75 കോടി രൂപക്ക് ശുഭ്മാൻ ഗില്ലിന്‍റെ ഗുജറാത്ത് ടൈറ്റന്‍സ് സ്വന്തമാക്കിയിരുന്നു, ഗുജറാത്തിനായി 14 മത്സരങ്ങളില്‍ 538 റണ്‍സടിച്ച് ബട്‌ലര്‍ തിളങ്ങുകയും ചെയ്തു. അതേസമയം, ചെന്നൈ സൂപ്പര്‍ കിംഗ്സിലേക്ക് മാറാനുള്ള സഞ്ജുവിന്‍റെ ശ്രമങ്ങള്‍ രാജസ്ഥാന്‍റെ കര്‍ശന നിബന്ധനകളെ തുടര്‍ന്ന് നടക്കാന്‍ സാധ്യതയില്ലെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. സഞ്ജുവിനെ കൈവിടുമ്പോള്‍ പകരം നായകന്‍ റുതുരാജ് ഗെയ്ക്‌വാദിനെയും രവീന്ദ്ര ജഡേജയെയും ട്രേഡിലൂടെ കൈമറാണമെന്നാണ് രാജസ്ഥാന്‍ ആവശ്യപ്പെട്ടിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക