അഞ്ച് മത്സരങ്ങളില്‍ നിന്ന് 285 റണ്‍സാണ് സഞ്ജുവിന്റെ സമ്പാദ്യം. ഒന്നാം സ്ഥാനത്ത് 347 റണ്‍സുമായി അഹമ്മദ് ഇമ്രാന്‍.

തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗ് റണ്‍വേട്ടക്കാരില്‍ രണ്ടാം സ്ഥാനത്ത് തുടര്‍ന്ന് കൊച്ചി ബ്ലൂ ടൈഗേഴ്‌സിന്റെ സഞ്ജു സാസംണ്‍. ഇതുവരെ അഞ്ച് മത്സരങ്ങളില്‍ നിന്ന് (നാല് ഇന്നിംഗ്‌സുകള്‍) 285 റണ്‍സാണ് സഞ്ജു അടിച്ചെടുത്തത്. 71.25 ശരാശരിയും 182.69 സ്‌ട്രൈക്ക് റേറ്റും സഞ്ജുവിനുണ്ട്. ഇന്ന് ട്രിവാന്‍ഡ്രം റോയല്‍സിനെതിരെ 62 റണ്‍സ് നേടിയതോടെയാണ് സഞ്ജുവിന്റെ നേട്ടം 282 ലെത്തിയത്. ഒരു സെഞ്ചുറി രണ്ട് അര്‍ധ സെഞ്ചുറിയുമാണ് സഞ്ജുവിന്റെ അക്കൗണ്ടില്‍.

ആദ്യ മത്സരത്തില്‍ റോയല്‍സിനെതിരെ സഞ്ജുവിന് ബാറ്റ് ചെയ്യാന്‍ അവസരം ലഭിച്ചിരുന്നില്ല. ആലപ്പി റിപ്പിള്‍സിനെതിരെ രണ്ടാം മത്സരത്തില്‍ 22 പന്തില്‍ 12 റണ്‍സുമായി പുറത്തായി. പിന്നീട് കൊല്ലം സെയ്‌ലേഴ്‌സിനെതിരെ ഓപ്പണറായി ക്രീസിലെത്തിയ സഞ്ജു 51 പന്തില്‍ 121 റണ്‍സാണ് അടിച്ചെടുത്തത്. കഴിഞ്ഞ ദിവസം തൃശൂര്‍ ടൈറ്റന്‍സിനെതിരെ 46 പന്തില്‍ 89 റണ്‍സും സഞ്ജു നേടി. എന്തായാലും ഈ മിന്നുന്ന പ്രകടനം ഏഷ്യാ കപ്പിനൊരുങ്ങുന്ന താരത്തിന്റെ ആത്മവിശ്വാസം വര്‍ധിപ്പിക്കുമെന്ന് ഉറപ്പാണ്.

അതേസമയം, തൃശൂര്‍ ടൈറ്റന്‍സിന്റെ അഹമ്മദ് ഇമ്രാന്‍ ഒന്നാം സ്ഥാനത്ത് തുടരുന്നു. അഞ്ച് മത്സരങ്ങളില്‍ നിന്ന് 347 റണ്‍സാണ് ഇമ്രാന്‍ നേടിയത്. സഞ്ജുവിനേക്കാള്‍ 62 റണ്‍സ് അധികം. ട്രിവാന്‍ഡ്രം റോയല്‍സ് ക്യാപ്റ്റന്‍ കൃഷ്ണ പ്രസാദ് മൂന്നാം സ്ഥാനത്താണ്. ആറ് മത്സരങ്ങള്‍ കളിച്ച കൃഷ്ണ പ്രസാദ് ഇതുവരെ നേടിയത് 217 റണ്‍സ്. കാലിക്കറ്റ് ഗ്ലോബ്‌സറ്റാര്‍സ് ക്യാപ്റ്റന്‍ രോഹന്‍ കുന്നുമ്മല്‍ നാലാം സ്ഥാനത്താണ് അഞ്ച് മത്സരങ്ങളില്‍ 205 റണ്‍സ് രോഹന്‍ നേടി. കൊല്ലം സെയ്‌ലേഴ്‌സിന്റെ വിഷ്ണു വിനോദ് അഞ്ചാമത്. അഞ്ച് മത്സരങ്ങളില്‍ നിന്ന് 203 റണ്‍സാണ് വിഷ്ണു നേടിയത്.

വിക്കറ്റ് വേട്ടക്കാരില്‍ ഗ്ലോബ്‌സ്റ്റാര്‍സിന്റെ അഖില്‍ സ്‌കറിയയാണ് മുന്നില്‍. അഞ്ച് മത്സരങ്ങളില്‍ നിന്ന് വീഴ്ത്തിയത് 15 വിക്കറ്റ്. ബ്ലൂ ടൈഗേഴ്‌സിന്റെ മുഹമ്മദ് ആഷിഖ് (11), ടൈറ്റന്‍സിന്റെ സിബിന്‍ ഗിരീഷ് (8) എന്നിവര്‍ രണ്ടും മൂന്നും സ്ഥാനങ്ങളിലാണ്.

YouTube video player