മുംബൈ: ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പരയ്ക്കുള്ള ടീമില്‍ നിന്ന് മലയാളി താരം സഞ്ജു വി സാംസണെ ഒഴിവാക്കി. പതിനാറംഗ ടീമിനെയാണ് പ്രഖ്യാപിച്ചത്. കായിക ക്ഷമത പരിശോധനയില്‍ പരാജയപ്പെട്ട ഹാര്‍ദിക് പാണ്ഡ്യക്കും ടീമില്‍ അവസരം ലഭിച്ചിട്ടില്ല. മുഹമ്മദ് ഷമി ടീമിലേക്ക് മടങ്ങിയെത്തിയതാണ് മറ്റൊരു പ്രത്യേകത. ഋഷബ് പന്ത് ടീമില്‍ സ്ഥാനം നിലനിര്‍ത്തി.

ശ്രീലങ്കയ്‌ക്കെതിരായ പരമ്പരയില്‍ വിശ്രമത്തിലായിരുന്നു രോഹിത് ശര്‍മ ടീമിലേക്ക് മടങ്ങിയെത്തി. ഇതോടെ സഞ്ജുവിന് സ്ഥാനം തെറിക്കുകയായിരുന്നു. ബംഗ്ലാദേശ്, വെസ്റ്റ് ഇന്‍ഡീസ്, ശ്രീലങ്ക എന്നിവര്‍ക്കെതിരായ പരമ്പരയില്‍ ടീമിലുണ്ടായിരുന്നു സഞ്ജു. എന്നാല്‍ ലങ്കയ്‌ക്കെതിരെ അവസാന ടി20യില്‍ മാത്രമാണ് 25കാരന് കളിക്കാന്‍ സാധിച്ചത്. രണ്ട് പന്ത് നേരിട്ട താരം ആറ് റണ്‍സുമായി പുറത്താവുകയായിരുന്നു.

നാല് സ്പിന്നര്‍മാര്‍ ടീമില്‍ സ്ഥാനം നേടി. രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്, യൂസ്‌വേന്ദ്ര ചാഹല്‍, വാഷിംഗ്ടണ്‍ സുന്ദര്‍ എന്നിവരാണ് സ്പിന്നര്‍മാര്‍. നാല് സ്‌പെഷ്യലിസ്റ്റ് പേസര്‍മാരും ടീമിലുണ്ട്.

ടീം ഇന്ത്യ: വിരാട് കോലി (ക്യാപ്റ്റന്‍), രോഹിത് ശര്‍മ (വൈസ് ക്യാപ്റ്റന്‍), കെ എല്‍ രാഹുല്‍, ശിഖര്‍ ധവാന്‍, ശ്രയസ് അയ്യര്‍, മനീഷ് പാണ്ഡെ, ഋഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), ശിവം ദുബെ, കുല്‍ദീപ് യാദവ്, യൂസ്‌വേന്ദ്ര ചാഹല്‍, വാഷിംഗ്ടണ്‍ സുന്ദര്‍, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, നവ്ദീപ് സൈനി, രവീന്ദ്ര ജഡേജ, ഷാര്‍ദുല്‍ ഠാകൂര്‍.