ഐപിഎല്‍ ചരിത്രത്തിലെ റണ്‍വേട്ടക്കാരില്‍ ആദ്യ പത്തില്‍ ഇടം നേടി സഞ്ജു സാംസണ്‍. 5000 റണ്‍സ് ക്ലബ്ബിന് തൊട്ടരികിലെത്തിയ സഞ്ജു, വിരാട് കോലി, രോഹിത് ശര്‍മ്മ തുടങ്ങിയ ഇതിഹാസ താരങ്ങള്‍ക്കൊപ്പമാണ് ഈ നേട്ടം പങ്കിടുന്നത്.
മുംബൈ: ഐപിഎല്‍ ചരിത്രത്തിലെ റണ്‍വേട്ടക്കാരില്‍ ആദ്യ പത്തില്‍ ഇടം നേടി ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ഓപ്പണര്‍ സഞ്ജു സാംസണ്‍. 2013 മുതല്‍ ഐപിഎല്‍ കളിക്കുന്ന സഞ്ജു 184 മത്സരങ്ങളില്‍ (179 ഇന്നിംഗ്‌സ്) 4997 റണ്‍സാണ് നേടിയത്. മൂന്ന് റണ്‍സ് കൂടി നേടിയാല്‍ സഞ്ജുവിന് 5000 ക്ലബിലെത്താം. അഞ്ച് സെഞ്ചുറികളും 26 അര്‍ധ സെഞ്ചുറികളും സഞ്ജുവിന്റെ അക്കൗണ്ടിലുണ്ട്. 140.87 സ്‌ട്രൈക്ക് റേറ്റിലും 31.82 ശരാശരിയിലുമാണ് സഞ്ജുവിന്റെ നേട്ടം. 119 റണ്‍സാണ് താരത്തിന്റെ ഉയര്‍ന്ന സ്‌കോര്‍. നിലവില്‍ ചെന്നൈക്ക് വേണ്ടി കളിക്കുന്ന സഞ്ജു, മുമ്പ് രാജസ്ഥാന്‍ റോയല്‍സ്, ഡല്‍ഹി ക്യാപിറ്റല്‍സ് എന്നിവര്‍ക്ക് വേണ്ടിയും കളിച്ചിട്ടുണ്ട്. ഈ മൂന്ന് ടീമുകള്‍ക്ക് വേണ്ടിയും സഞ്ജു സെഞ്ചുറി നേടിയെന്നുള്ള മറ്റൊരു സവിശേഷത. സഞ്ജു ഈ ഫോം തുടരുകയാണെങ്കില്‍ എട്ടാം സ്ഥാനത്തെങ്കിലും എത്താനുള്ള സാധ്യതയുണ്ട്.
നിലവില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു സീനിയര്‍ താരം വിരാട് കോലിയാണ് ഒന്നാം സ്ഥാനത്ത്. 273 മത്സരം കളിച്ച കോലി അടിച്ചുകൂട്ടിയത് 8908 റണ്‍സ്. 39.76 ശരാശരിയാണ് കോലിയാണ് കോലി ഇത്രയും റണ്‍സ് അടിച്ചെടുത്തത്. എട്ട് സെഞ്ചുറികളും 65 അര്‍ധ സെഞ്ചുകളിലും കോലി നേടി. പുറത്താവാതെ നേടിയ 113 റണ്‍സാണ് കോലിയുടെ ഉയര്‍ന്ന സ്‌കോര്‍. 2008 പ്രഥമ സീസണ്‍ സീസണ്‍ തൊട്ട് ഐപിഎല്ലിന്റെ ഭാഗമാണ് കോലി. കോലിയെ അടുത്തകാലത്തൊന്നും മറ്റൊരു താരം മറികടക്കില്ലെന്ന് ഉറപ്പിക്കാം.
റണ്‍വേട്ടക്കാരില്‍ മുംബൈ ഇന്ത്യന്‍സിന്റെ മുന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ രണ്ടാമന്‍. 2008 മുതല്‍ ഐപിഎല്ലില്‍ സജീവമായ രോഹിത് ഇതുവരെ 276 മത്സരങ്ങളില്‍ നിന്ന് നേടിയത് 7183 റണ്‍സ്. പുറത്താവാതെ നേടിയ 109 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. രണ്ട് സെഞ്ചുറികളും രോഹിത്തിന്റെ അക്കൗണ്ടിലുണ്ട്. 29.92 ശരാശരിയും 132.60 സ്‌ട്രൈക്ക് റൈറ്റുമാണ് രോഹിത്തിന്. മുംബൈയെ കൂടാതെ ഡക്കണ്‍ ചാര്‍ജേഴ്‌സിന് വേണ്ടിയും രോഹിത് കളിച്ചു. മുന്‍ താരങ്ങളായ ശിഖര്‍ ധവാന്‍ (6769), ഡേവിഡ് വാര്‍ണര്‍ (6565), സുരേഷ് റെയ്‌ന (5528) എന്നിവര്‍ യഥാക്രമം മൂന്ന് മുതല്‍ അഞ്ച് വരെയുള്ള സ്ഥാനങ്ങളില്‍.
ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ഇതിഹാസതാരം എം എസ് ധോണി ആറാം സ്ഥാനത്ത്. 2008 മുതല്‍ കളിക്കുന്ന ധോണി 5439 റണ്‍സാണ് ഇതുവരെ നേടിയത്. 242 ഇന്നിംഗ്‌സുകള്‍ മാത്രാണ് ധോണി കളിച്ചിട്ടുള്ളത്. ചെന്നൈക്ക് പുറമെ റൈസിംഗ് ജയന്റ്‌സിന് വേണ്ടിയും ധോണി കളിച്ചു. 24 അര്‍ധ സെഞ്ചുറി നേടിയ ധോണിക്ക് ഒരു സെഞ്ചുറി പോലും നേടാന്‍ സാധിച്ചിട്ടില്ല. 38.30 ശരാശരിയുണ്ട് ധോണിക്ക്. പുറത്താവാതെ നേടിയ 84 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. 100 ഇന്നിംഗ്‌സുകളില്‍ ധോണി പുറത്തായിട്ടില്ല.
അധികം വൈകാതെ ധോണിയെ കെ എല്‍ രാഹുല്‍ മറികടന്നേക്കും. 151 മത്സരം മാത്രം കളിച്ച രാഹുല്‍ നിലവില്‍ 5427 റണ്‍സുമായി ഏഴാം സ്ഥാനത്താണ്. പുറത്താവാതേ നേടിയ 132 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. അഞ്ച് സെഞ്ചുറികകളും രാഹുല്‍ നേടി. 45.60 എന്ന ഉയര്‍ന്ന ശരാശരിയും രാഹുലിനുണ്ട്. ധോണിയെ മറികടക്കാന്‍ ഇനി രാഹുലിന് വേണ്ടത് 13 റണ്‍സ് മാത്രം. രാഹുലിന് പിന്നില്‍ എട്ടാം സ്ഥാനത്ത് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ക്യാപ്റ്റന്‍ അജിന്‍ക്യ രഹാനെ. 205 മത്സരങ്ങളില്‍ നിന്ന് 5184 റണ്‍സാണ് രഹാനെ നേടിയത്. ഒമ്പതാം സ്ഥാനത്ത് മുന്‍ താരം എബി ഡിവില്ലിയേഴ്‌സാണ്. 184 മത്സരങ്ങളില്‍ 5162 റണ്‍സാണ് ഡിവില്ലിയേഴ്‌സ് നേടിയത്. ഡിവില്ലിയേഴ്‌സിന് പിന്നിലാണ് സഞ്ജു.
