വരാനിരിക്കുന്ന ദുലീപ് ട്രോഫിക്കുള്ള സൗത്ത് സോണ്‍ ടീമിനെ പ്രഖ്യാപിച്ചു. ഇന്ത്യയുടെ ടി20 താരം തിലക് വര്‍മ്മ ടീമിനെ നയിക്കുമ്പോള്‍, കേരളത്തില്‍ നിന്ന് പേസര്‍ എം ഡി നിധീഷ് മാത്രമാണ് ടീമില്‍ ഇടംപിടിച്ചത്.

ഹൈദരാബാദ്: വരാനിരിക്കുന്ന ദുലീപ് ട്രോഫിക്കുള്ള 15 അംഗ സൗത്ത് സോണ്‍ ടീമിന്റെ ക്യാപ്റ്റനായി ഇന്ത്യയുടെ ടി20 വൈസ് ക്യാപ്റ്റന്‍ തിലക് വര്‍മ്മയെ തെരഞ്ഞെടുത്തു. ആഗസ്റ്റ് 23 മുതല്‍ സെപ്റ്റംബര്‍ 10 വരെ ബെംഗളൂരുവിലെ ബിസിസിഐ സെന്റര്‍ ഓഫ് എക്സലന്‍സിലാണ് ടൂര്‍ണമെന്റ്. ആന്ധ്ര ബാറ്റര്‍ റിക്കി ഭുയ് ആണ് ടീമിന്റെ വൈസ് ക്യാപ്റ്റന്‍. ആന്ധ്രയില്‍ നിന്നുള്ള പരിചയസമ്പന്നനായ ലെവല്‍ 2 കോച്ച് എം എന്‍ വിക്രം വര്‍മയെ ടീമിന്റെ മുഖ്യ പരിശീലകനായി നിയമിച്ചു. സിംബാബ്വെയ്ക്കെതിരായ ടി20 പരമ്പര 3-0ത്തിന് സ്വന്തമാക്കിയ ഇന്ത്യന്‍ ടീമില്‍ തിലക് വര്‍മ അംഗമായിരുന്നു.

വെറ്ററന്‍ താരം കരുണ്‍ നായര്‍, 2025/26 രഞ്ജി ട്രോഫിയില്‍ 950 റണ്‍സുമായി ടോപ് സ്‌കോററായ കര്‍ണാടകയുടെ ആര്‍. സ്മരണ്‍, ഹൈദരാബാദിന്റെ കെ. ഹിമതേജ തുടങ്ങിയ പ്രമുഖര്‍ ടീമിലുണ്ട്. ശ്രീലങ്ക എ ടീമിനെതിരെയുള്ള പരമ്പര വിജയിച്ച ഇന്ത്യ എ ടീമില്‍ അംഗമായിരുന്ന ഷെയ്ഖ് റഷീദ്, ഗോവയുടെ അഭിനവ് തേജ്റാന എന്നിവരും ടീമില്‍ ഇടംനേടിയിട്ടുണ്ട്. ശ്രീലങ്കന്‍ പര്യടനത്തിലെ ഇന്ത്യ എ ടീമിലുണ്ടായിരുന്ന തമിഴ്നാടിന്റെ എന്‍. ജഗദീശനാണ് വിക്കറ്റ് കീപ്പിംഗ് ചുമതല.

ഇടംകൈയ്യന്‍ സ്പിന്നര്‍ തനയ് ത്യാഗരാജന്‍, ലെഗ് സ്പിന്നര്‍ ശ്രേയസ് ഗോപാല്‍ എന്നിവരാണ് സ്പിന്‍ ഡിപ്പാര്‍ട്ട്‌മെന്റിനെ നയിക്കുന്നത്. കെ സായ് തേജ, ത്രിപുരണ വിജയ്, വിദ്വത് കാവേരപ്പ, എം ഡി നിധീഷ് എന്നിവരാണ് പേസ് ബൗളിംഗ് നിരയിലുള്ളത്. കേരളാ ടീമില്‍ നിന്ന് ടീമിലെത്തിയ ഒരേയൊരു താരമാണ് നീധീഷ്.

സൗത്ത് സോണ്‍ സ്‌ക്വാഡ്: തിലക് വര്‍മ (ക്യാപ്റ്റന്‍), റിക്കി ഭുയ് (വൈസ് ക്യാപ്റ്റന്‍), അഭിനവ് തേജ്റാന, ഷെയ്ഖ് റഷീദ്, കെ എം ഹിമതേജ, ആര്‍ സ്മരണ്‍, എന്‍ ജഗദീശന്‍ (വിക്കറ്റ് കീപ്പര്‍), കരുണ്‍ നായര്‍, തനയ് ത്യാഗരാജന്‍, ശ്രേയസ് ഗോപാല്‍, കെ സായ് തേജ, ടി വിജയ്, വിദ്വത് കാവേരപ്പ, എച്ച് അമന്‍ ഖാന്‍, എം ഡി നിധീഷ്.

ആന്ധ്ര ക്രിക്കറ്റ് അസോസിയേഷന്‍ സെക്രട്ടറി സന സതീഷ് ബാബുവിന്റെ നേതൃത്വത്തിലാണ് സെലക്ഷന്‍ കമ്മിറ്റി യോഗം ചേര്‍ന്നത്. ആന്ധ്ര രഞ്ജി ട്രോഫി മുന്‍ താരം ആര്‍ വി ചന്ദ്രമൗലി പ്രസാദ് അധ്യക്ഷനായ പാനലില്‍ തമിഴ്നാട്, കര്‍ണാടക, ഹൈദരാബാദ്, ഗോവ, പോണ്ടിച്ചേരി, കേരളം എന്നീ ഏഴ് ദക്ഷിണേന്ത്യന്‍ സംസ്ഥാന ഘടകങ്ങളില്‍ നിന്നുള്ള പ്രതിനിധികളും പങ്കെടുത്തിരുന്നു.

സൗത്ത് സോണിന്റെ മത്സരക്രമം

കഴിഞ്ഞ പതിപ്പില്‍ ഫൈനലില്‍ എത്തി ചാമ്പ്യന്മാരായ സെന്‍ട്രല്‍ സോണിനോട് പരാജയപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ സൗത്ത് സോണിന് നേരിട്ട് സെമിഫൈനലില്‍ പ്രവേശനം ലഭിച്ചിട്ടുണ്ട്. ആഗസ്റ്റ് 30ന് നടക്കുന്ന ക്വാര്‍ട്ടര്‍ ഫൈനല്‍ 2-ലെ വിജയികളെയാണ് സൗത്ത് സോണ്‍ തങ്ങളുടെ ആദ്യ മത്സരത്തില്‍ നേരിടുക.

YouTube video player