ഫ്രാഞ്ചൈസിക്കൊപ്പം തുടരാന്‍ ആഗ്രഹിക്കുന്നില്ലെന്ന് സഞ്ജു മാനേജ്‌മെന്റിനെ അറിയിച്ചു.
ജയ്പൂര്‍: രാജസ്ഥാന്‍ റോയല്‍സ് വിടാനൊരുങ്ങി ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍. ഫ്രാഞ്ചൈസിക്കൊപ്പം തുടരാന്‍ ആഗ്രഹിക്കുന്നില്ലെന്ന് സഞ്ജു മാനേജ്‌മെന്റിനെ അറിയിച്ചതായി ക്രിക്ക് ബസ് റിപ്പോര്‍ട്ട് ചെയ്തു. നേരത്തെ, സഞ്ജു ടീമിനൊപ്പം തുടരുമെന്നുള്ള രീതിയില്‍ ദേശീയ മാധ്യമങ്ങള്‍ വാര്‍ത്തകള്‍ നല്‍കിയിരുന്നു. അതിന് നേരെ വിപരീതമായിട്ടാണ് ഇപ്പോള്‍ കാര്യങ്ങള്‍ നടക്കുന്നത്. താരലേലത്തിന് മുമ്പ് തന്നെ റിലീസ് ചെയ്യണമെന്നോ, അതുമല്ലെങ്കില്‍ ട്രേഡ് ചെയ്യണമെന്നോ ആണ് സഞ്ജു രാജസ്ഥാന്‍ റോയല്‍സിനോട് ആവശ്യപ്പെട്ടിട്ടുള്ളത്.
എന്നാല്‍ സഞ്ജുവിന് അത്ര പെട്ടന്ന് മാറാന്‍ കഴിയില്ല. അതിന് നിയമങ്ങളുണ്ട്. താരത്തെ വിട്ടുകൊടുക്കാന്‍ രാജസ്ഥാനും താല്‍പര്യമില്ല. താരത്തിന്റെ താല്‍പര്യ പ്രകാരം മാത്രം ഫ്രാഞ്ചൈസി വിടാന്‍ ആവില്ല. ഫ്രഞ്ചൈസി കൂടി ഇക്കാര്യത്തില്‍ സമ്മതം മൂളണം. നിയമ പ്രകാരം 2027 സീസണിന്റെ അവസാനം വരെ നീണ്ടുനില്‍ക്കുന്നതാണ് ഇപ്പോഴത്തെ കരാര്‍. ഇക്കാലയളവില്‍ സഞ്ജു ടീമിനൊപ്പം തുടരണമെന്നാണ്. ഇനി ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് ഫ്രാഞ്ചൈസിയാണ്. ടീമിന്റെ ഭാഗമാകാന്‍ ആഗ്രഹിക്കാത്ത ഒരു കളിക്കാരനെ നിലനിര്‍ത്തുമോ എന്നുള്ളത് പ്രധാന ചോദ്യമാണ്.
2015 മുതല്‍ റോയല്‍സും സാംസണും തമ്മില്‍ ദീര്‍ഘകാല ബന്ധം നിലനില്‍ക്കുന്നു. രാജസ്ഥാന് സസ്‌പെന്‍ഷന്‍ കിട്ടിയ രണ്ട് വര്‍ഷങ്ങളില്‍ (2016, 2017) മാത്രമാണ് സഞ്ജു മറ്റൊരു ഫ്രാഞ്ചൈസിക്ക് വേണ്ടി കളിച്ചത്. സഞ്ജുവിനെ സ്വന്തമാക്കാന്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് പരസ്യമായി താല്‍പ്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. പൂര്‍ണ്ണമായും പണമടച്ചുള്ള ഒരു വണ്‍-വേ ട്രേഡ് ആയിരിക്കും രാജസ്ഥാന്‍ ക്യാമ്പ് ആഗ്രഹിക്കുന്നത്. ചെന്നൈ മാത്രമല്ല, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും സഞ്ജുവിന് പിന്നാലെയുണ്ട്.
2025 സീസണിനിലെ മുഴുവന്‍ മത്സരങ്ങളിലും സഞ്ജുവിന് കളിക്കാന്‍ സാധിച്ചിരുന്നില്ല. പരിക്കിനെ തുടര്‍ന്ന് ചില മത്സരങ്ങള്‍ നഷ്ടമായി. ടീം സീസണിലൊന്നാകെ നിരാശപ്പെടുത്തിയതോടെയാണ് സഞ്ജു പോകുമെന്നുള്ള വാര്‍ത്തകള്‍ വന്നത്. മാത്രമല്ല യശസ്വി ജയ്സ്വാള്‍, റിയാന്‍ പരാഗ് എന്നിവരുടെ വളര്‍ച്ചയും സഞ്ജു വിടുമെന്നുള്ള വാര്‍ത്തകള്‍ക്ക് ചൂടുപകര്‍ന്നു.

