നാഗ്പൂര്‍: ബംഗ്ലാദേശിനെതിരായ ടി20 പരമ്പരക്കിടെയായിരുന്നു മലയാളി താരം സഞ്ജു സാംസണിന്റെ 25-ാം പിറന്നാള്‍ ആഘോഷം. ടീം അംഗങ്ങള്‍ക്കൊപ്പം കേക്ക് മുറിച്ച് പിറന്നാളാഘോഷിക്കുന്ന വീഡിയോ സഞ്ജു തന്റെ ഇന്‍സ്റ്റഗ്രാമിലൂടെ ആരാധകരുമായി പങ്കുവെച്ചിരുന്നു. ലെഗ് സ്പിന്നര്‍ യുസ്‌വേന്ദ്ര ചാഹലായിരുന്നു പിറന്നാളാഘോഷത്തിന്റെ പ്രധാന സംഘാടകന്‍.

ക്യാപ്റ്റന്‍ രോഹിത് ശര്‍മ എത്താത്തതിനാല്‍ കേക്ക് മുറിച്ചശേഷം ആദ്യത്തെ കഷണം ആര്‍ക്കുകൊടുക്കുമെന്ന ആശയക്കുഴപ്പത്തിലായിരുന്നു സഞ്ജു. കേക്ക് കൈയിലെടുത്തശേഷം സഞ്ജു സംശയത്തോടെ തിരിഞ്ഞു നോക്കുന്നതിനിടെ പുറകില്‍ നിന്ന് ആരോ അത് ചാഹലിന്റെ മുഖത്തേക്ക് വലിച്ചെറിയാന്‍ വിളിച്ചുപറഞ്ഞു. അതുകേട്ടപാടെ ആദ്യത്തെ കഷണം കേക്ക്,  ആഘോഷത്തിന് ചുക്കാന്‍ പിടിച്ച് മുന്നില്‍ നിന്നിരുന്ന ചാഹലിന്റെ മുഖത്തേക്ക് തന്നെയെറിഞ്ഞ് സഞ്ജു പണികൊടുക്കുകയും ചെയ്തു.

വീഡിയോ പങ്കുവെച്ച് സഞ്ജു ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത് ഇങ്ങനൊയയിരുന്നു. ചാഹലിന്റെ മുഖത്തേക്ക് എറിയെന്ന് പറഞ്ഞു. ഞാനതുപോലെ തന്നെ ചെയ്തു. ബംഗ്ലാദേശിനെതിരായ ടി20 പരമ്പരയില്‍ ടീമിലുണ്ടായിട്ടും സഞ്ജുവിന് ഒരു മത്സരത്തില്‍ പോലും പ്ലേയിംഗ് ഇലവനില്‍ അവസരം ലഭിച്ചിരുന്നില്ല. ബംഗ്ദാദേശ് പരമ്പര പൂര്‍ത്തിയായതോടെ സയ്യിദ് മുഷ്താഖ് അലി ടി20 ടൂര്‍ണമെന്റില്‍ കേരളത്തിനായി സഞ്ജു ഇന്ന് കളിക്കാനിറങ്ങിയിരുന്നു.