കോലിയു രോഹിത്തും ടീമില്‍ തിരിച്ചെത്തുമെന്ന് ഏറെക്കുറെ ഉറപ്പായിരുന്നു. അടുത്ത ടി20 ലോകകപ്പ് കളിക്കാന്‍ ഇരുവരും ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. കഴിഞ്ഞ ടി20 ലോകകപ്പ് സെമി ഫൈനലില്‍ പരാജയപ്പെട്ട ശേഷം ഇരുവരും ടി20 മത്സരങ്ങള്‍ കളിച്ചിരുന്നില്ല.

മുംബൈ: അഫ്ഗാനിസ്ഥാനെതിരെ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ സഞ്ജു സാംസണും. രോഹിത് ശര്‍മ ക്യാപ്റ്റനായി തിരിച്ചെത്തിയെന്നുള്ളതാണ് പ്രധാന സവിശേഷത. സീനിയര്‍ താരം വിരാട് കോലിയും ടീമിലുണ്ട്. ജൂണില്‍ നടക്കുന്ന ടി20 ലോകകപ്പ് മുന്‍ നിര്‍ത്തിയാണ് ഇരുവരും ടീമിലെത്തിയത്. സഞ്ജുവിനെ കൂടാതെ ജിതേഷ് ശര്‍മയാണ് മറ്റൊരു വിക്കറ്റ് കീപ്പര്‍. ഇഷാന്‍ കിഷനെ ടീമിലേക്ക് പരിഗണിച്ചില്ല. കെ എല്‍ രാഹുലിന് വിശ്രമം അനുവദിച്ചു. മൂന്ന് മത്സരങ്ങള്‍ അടങ്ങുന്ന പരമ്പര ഈ മാസം 11നാണ് ആരംഭിക്കുന്നത്.

കോലിയു രോഹിത്തും ടീമില്‍ തിരിച്ചെത്തുമെന്ന് ഏറെക്കുറെ ഉറപ്പായിരുന്നു. അടുത്ത ടി20 ലോകകപ്പ് കളിക്കാന്‍ ഇരുവരും ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. കഴിഞ്ഞ ടി20 ലോകകപ്പ് സെമി ഫൈനലില്‍ പരാജയപ്പെട്ട ശേഷം ഇരുവരും ടി20 മത്സരങ്ങള്‍ കളിച്ചിരുന്നില്ല. പിന്നീട് ഹാര്‍ദിക് പാണ്ഡ്യയാണ് ഇന്ത്യയെ നയിച്ചത്. ഹാര്‍ദിക്കിന് പരിക്കേറ്റപ്പോള്‍ സൂര്യകുമാര്‍ യാദവിനേയും നായകനാക്കിയിരുന്നു. നിലവില്‍ ഇരുവര്‍ക്കും പരിക്കാണ്. അതുകൊണ്ടുതന്നെ ടീമിലേക്ക് പരിഗണിച്ചില്ല. റുതുരാജ് ഗെയ്കവാദിനും ടീമിലിടം നേടാനായില്ല.

ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മാന്‍ ഗില്‍, യഷസ്വി ജെയ്‌സ്വാള്‍, വിരാട് കോലി, തിലക് വര്‍മ, റിങ്കു സിംഗ്, ജിതേഷ് ശര്‍മ, സഞ്ജു സാംസണ്‍, ശിവം ദുബെ, വാഷിംഗ്ടണ്‍ സുന്ദര്‍, അക്‌സര്‍ പട്ടേല്‍, രവി ബിഷ്‌ണോയ്, കുല്‍ദീപ് യാദവ്, അര്‍ഷ്ദീപ് സിംഗ്, ആവേഷ് ഖാന്‍, മുകേഷ് കുമാര്‍.

ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ടെസ്റ്റിനിടെ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാര്‍ അജിത് അഗാര്‍ക്കര്‍ രോഹിത്തുമായും കോലിയുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. അവിടെ വച്ചാണ് ലോകകപ്പില്‍ കളിക്കാന്‍ ഇരുവരും സന്നദ്ധത അറിയിച്ചത്. വിരാട് കോലി ടി20 ക്രിക്കറ്റിലെ ഇന്ത്യയുടെ എക്കാലത്തെയും വലിയ റണ്‍വേട്ടക്കാരനാണെങ്കിലും മൂന്നാം നമ്പറിലിറങ്ങി കോലിയുടെ മെല്ലെപ്പോക്ക് നിലവിലെ സാഹചര്യത്തില്‍ ടീമിന് ഗുണകരമാവില്ല എന്നാണ് വിലയിരുത്തലുണ്ടായിരുന്നു.

രോഹിത്തും കോലിയും ടി20 ലോകകപ്പില്‍ വേണം! വാദിച്ച് മുന്‍ ഇന്ത്യന്‍ താരം, കൂടെ ഹാര്‍ദിക്കിനിട്ട് ഒരു കുത്തും