Asianet News MalayalamAsianet News Malayalam

ക്യാപ്റ്റന്‍ സഞ്ജു മുന്നില്‍ നിന്ന് നയിച്ചു; ന്യൂസിലന്‍ഡ് എയ്‌ക്കെതിരെ പരമ്പര തൂത്തുവാരി ഇന്ത്യ എ

ഇന്ത്യ മുന്നോട്ടുവെച്ച 285 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് മോശമല്ലാത്ത തുടക്കമാണ് ന്യൂസിലന്‍ഡ് എ നേടിയത്

Sanju Samson leaded India A won by 106 runs in 3rd ODI against New Zealand A and cleansweep series
Author
First Published Sep 27, 2022, 5:18 PM IST

ചെന്നൈ: സഞ്ജു സാംസണ്‍ ബാറ്റ് കൊണ്ടും രജന്‍ഗദ് ബാവ പന്ത് കൊണ്ടും തിളങ്ങിയപ്പോള്‍ ന്യൂസിലന്‍ഡ് എയ്‌ക്കെതിരായ മൂന്നാം മത്സരവും വിജയിച്ച് ഏകദിന പരമ്പര തൂത്തുവാരി ഇന്ത്യ എ. മൂന്നാം ഏകദിനത്തില്‍ 106 റണ്‍സിനായി സഞ്ജുവിന്‍റെയും സംഘത്തിന്‍റേയും വിജയം. ഇന്ത്യയുടെ 284 റണ്‍സ് പിന്തുടര്‍ന്ന കിവികള്‍ 38.3 ഓവറില്‍ 178ല്‍ പുറത്തായി. നേരത്തെ ആദ്യ ഏകദിനം ഏഴ് വിക്കറ്റിനും രണ്ടാമത്തേത് നാല് വിക്കറ്റിനും ഇന്ത്യ വിജയിച്ചിരുന്നു. ഇതോടെ ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ഏകദിന പരമ്പരയില്‍ സഞ്ജു ടീമിലുണ്ടാകുമെന്ന് ഉറപ്പായി. 

ഇന്ത്യ മുന്നോട്ടുവെച്ച 285 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് മോശമല്ലാത്ത തുടക്കമാണ് ന്യൂസിലന്‍ഡ് എ നേടിയത്. 10-ാം ഓവറില്‍ 20 റണ്‍സുമായി ചാഡ് ബൗസ് പുറത്താകുമ്പോള്‍ ടീം സ്കോര്‍ 52 റണ്‍സുണ്ടായിരുന്നു. സഹ ഓപ്പണറും വിക്കറ്റ് കീപ്പറുമായ ഡെയ്‌ന്‍ ക്ലീവര്‍ 89 പന്തില്‍ 83 റണ്‍സെടുത്ത് പോരാടിയെങ്കിലും സഹ താരങ്ങളുടെ പിന്തുണ കിട്ടിയില്ല. രജന്‍ഗദ് ബാവയുടെ ബൗളിംഗിന് മുന്നില്‍ കാലുറപ്പിക്കാന്‍ കിവീസ് ബാറ്റര്‍മാര്‍ക്കായില്ല. രചിന്‍ രവീന്ദ്ര രണ്ടും മാര്‍ക്ക് ചാപ്‌മാന്‍ 11ഉം റോബര്‍ട്ട് ഒ ഡോറീല്‍ ആറും ടോം ബ്രൂസ് 10 ഉം മൈക്കല്‍ റിപ്പോണ്‍ 29ഉം ലോഗന്‍ വാന്‍ ബീക്ക് ആറും ജേക്കബ് ഡഫ്ഫി ഒന്നും മാത്യു ഫിഷര്‍ അക്കൗണ്ട് തുറക്കാതെയും പുറത്തായി. ഒരു റണ്ണുമായി ജോ വാക്കര്‍ പുറത്താകാതെ നിന്നു. രജന്‍ഗദ് ബാവ 5.3 ഓവറില്‍ 11ന് നാല് വിക്കറ്റും കുല്‍ദീപ് യാദവ് ആറ് ഓവറില്‍ 29ന് രണ്ടും രാഹുല്‍ ചഹാര്‍ 7 ഓവറില്‍ 39ന് രണ്ടും ഋഷി ധവാന്‍ 6 ഓവറില്‍ 27ന് ഒന്നും രാഹുല്‍ ത്രിപാഠി 2 ഓവറില്‍ 9ന് ഒന്നും വിക്കറ്റ് വീഴ്‌ത്തി. 

നേരത്തെ ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. സഞ്ജു (54), ഷാര്‍ദുല്‍ ഠാക്കൂര്‍ (51), തിലക് വര്‍മ (50) എന്നിവര്‍ തിളങ്ങിയപ്പോള്‍ ഇന്ത്യ 49.3 ഓവറില്‍ 284 റണ്‍സ് നേടി. ജേക്കബ് ഡഫ്ഫി, മാത്യു ഫിഷര്‍, മൈക്കല്‍ റിപ്പോണ്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ഓപ്പണിംഗ് വിക്കറ്റില്‍ അഭിമന്യു ഈശ്വരന്‍ (39) - രാഹുല്‍ ത്രിപാഠി (18) സഖ്യം 55 റണ്‍സ് കൂട്ടിചേര്‍ത്ത ശേഷമാണ് മടങ്ങിയത്. പിന്നാലെ സഞ്ജു- തിലക് സഖ്യം 99 റണ്‍സ് കൂട്ടിചേര്‍ത്തതും നിര്‍ണായകമായി. രണ്ട് സിക്‌സും ഒരു ഫോറുമാണ് മലയാളി താരത്തിന്റെ ഇന്നിംഗ്‌സിലുണ്ടായിരുന്നത്. ജേക്കബ് ഡഫ്ഫി, മാത്യു ഫിഷര്‍, മൈക്കല്‍ റിപ്പോണ്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

സഞ്ജു സാംസണ്‍, തിലക് വര്‍മ, ഷാര്‍ദുല്‍ തിളങ്ങി; ന്യൂസിലന്‍ഡ് എയ്‌ക്കെതിരെ ഇന്ത്യ എയ്ക്ക് മികച്ച സ്‌കോര്‍

Follow Us:
Download App:
  • android
  • ios