11-ാം നമ്പര്‍ ജേഴ്‌സിയുമായിട്ടാണ് സഞ്ജു ഗ്രൗണ്ടിലിറങ്ങിയത്. എന്നാല്‍ സഞ്ജുവിന്റെ പേരിന് പകരം സമ്മി (SAMMY) എന്നാണ് ഉപയോഗിച്ചിരുന്നത്.

ഹൈദരാബാദ്: എവിടെ നിര്‍ത്തിയോ അവിടെ നിന്ന് തുടങ്ങുകയാണ് സഞ്ജു സാംസണ്‍. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ അവസാന ടി20യില്‍ സെഞ്ചുറി നേടിയാണ് സഞ്ജു അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് ചെറിയ ഇടവേളയെടുത്തത്. പിന്നെ പൊങ്ങിയത് കേരളത്തിന് വേണ്ടി സയ്യിദ് മുഷ്താഖ് അലി ടി20 ടൂര്‍ണമെന്റ് കളിക്കാനാണ്. ടീമിനെ നയിക്കുന്ന സഞ്ജു സര്‍വീസസിനെതിരെ ആദ്യ മത്സരത്തില്‍ തന്നെ 75 റണ്‍സ് അടിച്ചെടുത്തു. ഓപ്പണറായെത്തിയ സഞ്ജു 45 പന്തില്‍ നിന്നാണ് ഇത്രയും റണ്‍സ് അടിച്ചെടുത്തത്.

ഇതിനിടെ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുന്നത് സഞ്ജുവിന്റെ ജേഴ്‌സിക്ക് പിന്നിലെ പുതിയ പേരാണ്. 11-ാം നമ്പര്‍ ജേഴ്‌സിയുമായിട്ടാണ് സഞ്ജു ഗ്രൗണ്ടിലിറങ്ങിയത്. എന്നാല്‍ സഞ്ജുവിന്റെ പേരിന് പകരം സമ്മി (SAMMY) എന്നാണ് ഉപയോഗിച്ചിരുന്നത്. എന്താണ് പേരിന് പിന്നിലെന്ന് വ്യക്തമായിട്ടില്ല. സഞ്ജുവിന്‍റെ അച്ഛന്‍റെ പേരിലേയും (സാംസണ്‍ വിശ്വനാഥ്) അമ്മയുടെ പേരിലും (ലിജി വിശ്വനാഥ് - Lijy Viswanath) അക്ഷരങ്ങള്‍ കൂട്ടി പുതിയ SAMMY എന്ന പേരുണ്ടാക്കിയതാവാം എന്നാണ് കരുതുന്നത്. സഞ്ജുവിന്റെ പേര് സംബന്ധിച്ചത് പല താരത്തിലുള്ള അഭിപ്രായങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. ഐപിഎല്ലില്‍ സഞ്ജു നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സും പേരിനെ കുറിച്ചുള്ള പോസ്റ്റിട്ടുണ്ട്. ചില രസകരമായ പോസ്റ്റുകള്‍ വായിക്കാം...

Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…

സഞ്ജുവിന്റെ കരുത്തില്‍ മത്സരം കേരളം ജയിച്ചിരുന്നു. മൂന്ന് വിക്കറ്റിനാണ് കേരളം ജയിച്ചത്. ഹൈദരാബാദ്, രാജീവ്ഗാന്ധി ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ സര്‍വീസസ് ഉയര്‍ത്തിയ 150 റണ്‍സ് വിജയക്ഷ്യം 18.1 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ കേരളം മറികടന്നു. നേരത്തെ അഞ്ച് വിക്കറ്റെടുത്ത അഖില്‍ സ്‌കറിയയാണ് സര്‍വീസസിനെ ഒതുക്കിയത്. നിധീഷ് എം ഡിക്ക് രണ്ട് വിക്കറ്റുണ്ട്.

മികച്ച തുടക്കമാണ് കേരളത്തിന് ലഭിച്ചത്. ഓപ്പണിംഗ് വിക്കറ്റില്‍ സഞ്ജു - രോഹന്‍ സഖ്യം 73 റണ്‍സ് ചേര്‍ത്തു. വിശാല്‍ ഗൗറിന് വിക്കറ്റ് നല്‍കിയാണ് രോഹന്‍ മടങ്ങുന്നത്. അതേ ഓവറില്‍ വിഷ്ണു വിനോദും (4) മടങ്ങി. ഇതോടെ രണ്ടിന് 77 എന്ന നിലയിലായി കേരളം. പിന്നാലെ മുഹമ്മദ് അസറുദ്ദീനൊപ്പം 44 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി സഞ്ജു. എന്നാല്‍ അടുത്തടുത്ത ഓവറുകളില്‍ ഇരുവരും മടങ്ങി. ആദ്യം അസറിനെ (11) അമിത് ശുക്ല പുറത്താക്കി. പിന്നാലെ സഞ്ജു പുല്‍കിത് നാരംഗിന്റെ പന്തില്‍ ലോംഗ് ഓഫില്‍ ക്യാച്ച് നല്‍കി. 

മൂന്ന് സിക്സും 10 ഫോറും ഉള്‍പ്പെടുന്നായിരുന്നു സഞ്ജുവിന്റെ ഇന്നിംഗ്സ്. ക്യാപ്റ്റന്‍ കൂടിയായ സഞ്ജു ആദ്യ ഓവറില്‍ തന്നെ 18 റണ്‍സ് അടിച്ചെടുത്തു. തുടര്‍ന്നെത്തിയ സച്ചിന്‍ ബേബിക്കും (6), അബ്ദുള്‍ ബാസിത്തിനും (1), അഖില്‍ (1) തിളങ്ങാനായില്ല. എന്നാല്‍ സല്‍മാന്‍ നിസാര്‍ (17), സിജോമോന്‍ ജോസഫ് (0) എന്നിവര്‍ കേരളത്തെ വിജയത്തിലേക്ക് നയിച്ചു. പുല്‍കിത് നാല് വിക്കറ്റ് വീഴ്ത്തി.