ആദ്യ ഏകദിനത്തില്‍ ആര് കളിക്കുമെന്ന് പ്രവചിച്ചിരിക്കുകയാണ് വെറ്ററന്‍ ഇന്ത്യന്‍ ക്രിക്കറ്ററും കമന്റേറ്ററുമായ ദിനേശ് കാര്‍ത്തിക്. സഞ്ജുവിനേക്കാള്‍ സാധ്യത കിഷനാണെന്നാണ് കാര്‍ത്തിക് പറയുന്നത്.
ബാര്‍ബഡോസ്: വെസ്റ്റ് ഇന്‍ഡീസിനെതിരെ ആദ്യ ഏകദിനത്തിനൊരുങ്ങുകയാണ് ഇന്ത്യ. പ്രധാന ആശയക്കുഴപ്പം വിക്കറ്റില്‍ പിന്നില്‍ ആരെന്നുള്ളത്. റിഷഭ് പന്ത്, കെ എല്‍ രാഹുല്‍ എന്നിവരുടെ അഭാവത്തില്‍ മലയാളി താരം സഞ്ജു സാംസണ്‍, ഇഷാന്‍ കിഷന്‍ എന്നിവരാണ് ടീമിലുള്ള വിക്കറ്റ് കീപ്പര്‍മാര്‍. ആദ്യ ഏകദിനത്തില്‍ ആര് കളിക്കുമെന്നുള്ളതാണ് പ്രധാന ചോദ്യം. ടെസ്റ്റ് പരമ്പരയില്‍ അര്‍ധ സെഞ്ചുറി നേടിയ കിഷന്‍ മികച്ച ഫോമിലാണ്. ഏകദിന ഫോര്‍മാറ്റില്‍ സഞ്ജുവും മികച്ച പ്രകടനം പുറത്തെടുക്കുന്നു.
ഇതിനിടെ ആദ്യ ഏകദിനത്തില്‍ ആര് കളിക്കുമെന്ന് പ്രവചിച്ചിരിക്കുകയാണ് വെറ്ററന്‍ ഇന്ത്യന്‍ ക്രിക്കറ്ററും കമന്റേറ്ററുമായ ദിനേശ് കാര്‍ത്തിക്. സഞ്ജുവിനേക്കാള്‍ സാധ്യത കിഷനാണെന്നാണ് കാര്‍ത്തിക് പറയുന്നത്. അദ്ദേഹത്തിന്റെ വാക്കുകള്‍... ''ഇഷാന്‍ കിഷനും സഞ്ജു സാംസണും തമ്മിലാണ് മത്സരം. സഞ്ജുവിനേക്കാള്‍ സാധ്യത കിഷന് തന്നെയാണ്. കാരണം, ഇടങ്കയ്യന്മാരില്ലെന്നുള്ളത് തന്നെയാണ്. അതുകൊണ്ടുതന്നെ ഇഷാന്‍ കളിച്ചേക്കും.'' കാര്‍ത്തിക് പറഞ്ഞു.
ഏകദിനത്തില്‍ സഞ്ജുവിന്റേയും കിഷന്റേയും പ്രകടനം വിലയിരുത്തി നിരവധി കമന്റുകള്‍ വരുന്നുണ്ട്. കിഷനേക്കാള്‍ എന്തുകൊണ്ടും യോഗ്യന്‍ സഞ്ജുവെന്നാണ് ആരാധകര്‍ പറയുന്നത്. ഇതുവരെയുള്ള കണക്കുകളും ആരാധകര്‍ നിരത്തുന്നു. 11 മത്സരങ്ങളാണ് സഞ്ജു ഇന്ത്യക്കായി കളിച്ചിട്ടുള്ളത് 66 ശരാശരിയില്‍ 330 റണ്‍സാണ് സമ്പാദ്യം. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ പുറത്താവാതെ നേടിയ 86 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. ഇഷാന്‍ 14 മത്സരങ്ങളാണ് കളിച്ചത്. 42.5 ശരാശരിയില്‍ നേടിയത് 510 റണ്‍സ്. ബംഗ്ലാദേശിനെതിരെ നേടിയ 210 റണ്‍സാണ് ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍.
നേരത്തെ, വിന്‍ഡീസിനെതിരെ രണ്ടാം ടെസ്റ്റിന് ശേഷം ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയും ഇഷാനെ കുറിച്ച് പറഞ്ഞിരുന്നു. ''കഴിവുള്ള താരമാണ് ഇഷാന്‍. വളരെ കുറച്ച് മത്സരങ്ങളില്‍ നിന്നുതന്നെ കഴിവ് തെളിയിച്ച താരമാണ് കിഷന്‍. ബംഗ്ലാദേശിനെതിരെ ഏകദിനത്തില്‍ ഇരട്ട സെഞ്ചുറി നേടാന്‍ കിഷനായി. അവന് വീണ്ടും വീണ്ടും അവസരങ്ങള്‍ നല്‍കേണ്ടതുണ്ട്. ഇടങ്കയ്യനായ കിഷാന് കൂടുതല്‍ ആക്രമിച്ച് കളിക്കാന്‍ സാധിക്കും.'' രോഹിത് പറഞ്ഞു.
