ഏഷ്യാ കപ്പിനുള്ള ഇന്ത്യൻ ടീമിൽ ഇടം പ്രതീക്ഷിക്കുന്നതായി സഞ്ജു സാംസൺ. കേരള ക്രിക്കറ്റ് ലീഗ് യുവതാരങ്ങൾക്ക് മികച്ച അവസരമാണെന്നും സഞ്ജു ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
തിരുവനന്തപുരം: ഏഷ്യാ കപ്പിനുള്ള ഇന്ത്യൻ ടീമിനെ സെലക്ടര്‍മാര്‍ ഇന്ന് പ്രഖ്യാപിക്കാനിരിക്കെ ടീമില്‍ ഇടം കിട്ടുമെന്നാണ് പ്രതീക്ഷയെന്ന് മലയാളി താരം സഞ്ജു സാംസണ്‍. ഇന്ത്യക്കായി വീണ്ടും കളിക്കാന്‍ കാത്തിരിക്കുകയാണെന്നും സഞ്ജു ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. കേരള ക്രിക്കറ്റ് ലീഗ് കേരളത്തിലെ താരങ്ങള്‍ക്ക് മികച്ച അവസരമാണ് ഒരുക്കുന്നതെന്നും സഞ്ജു പറഞ്ഞു.ഏഷ്യാ കപ്പിനുള്ള ഇന്ത്യൻ ടീമിനെ സെലക്ടര്‍മാര്‍ ഇന്നുച്ചക്ക് പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഓപ്പണര്‍ സ്ഥാനത്ത് സഞ്ജുവിന് പകരം യശസ്വി ജയ്സ്വാള്‍, ശുഭ്മാന്‍ ഗില്‍ അടക്കമുള്ള താരങ്ങളളെ പരിഗണിക്കണമെന്ന ചര്‍ച്ചകള്‍ക്കിടെയാണ് സഞ്ജുവിന്‍റെ പ്രതികരണം.
ബംഗ്ലദേശിനും ദക്ഷിണാഫ്രിക്കക്കുമെതിരായ പരമ്പരകളില്‍ സെഞ്ചുറികൾ നേടിയെങ്കിലും ഇടയ്ക്കുള്ള മത്സരങ്ങളില്‍ പൂജ്യത്തിന് പുറത്തായത് വലിയ കാര്യമായി എടുക്കുന്നില്ല. റിസ്ക് കൂടുതലുള്ള കളിയാണ് എന്‍റെ ശൈലി. അതിന് അതിന്‍റേതായ ഗുണങ്ങളും ദോഷങ്ങളുമുണ്ട്. നന്നായിട്ട് ചെയ്യുമ്പോ ആളുകള്‍ നന്നായെന്ന് പറയും. മോശമായിട്ട് ചെയ്യുമ്പോ മോശമെന്നും പറയും. അത് ഉള്‍ക്കൊണ്ടാല്‍ പ്രശ്നമില്ല. അതൊക്കെ ഈ കളിയുടെ ഭാഗമാണ്. എനിക്ക് അഹങ്കാരം കൂടിയെന്ന് പറഞ്ഞവരുണ്ട്. ഇന്ത്യൻ ടീമിലെത്താൻ തന്‍റേടം വേണമെന്ന് പറഞ്ഞത് ചിലർ കേൾക്കാൻ വേണ്ടി തന്നെയാണ്.
കെസിഎൽ കേരള താരങ്ങൾക്ക് മികച്ച അവസരമാണൊരുക്കുന്നത്. വിഘ്നേഷ് പുത്തൂരിനെപ്പോലുള്ള യുവതാരങ്ങള്‍ ഐപിഎല്‍ കളിച്ചു. അവര്‍ ഇനി ഇന്ത്യൻ ടീമിലെത്തണമെങ്കില്‍ ആളുകളുടെ പിന്തുണ വേണം. എന്നെ പിന്തുണച്ചതുപോലെ മറ്റ് യുവതാരങ്ങളെയും മലയാളികള്‍ പിന്തുണക്കണം. ഐപിഎല്‍ ടീം മാറ്റവുമായി ബന്ധപ്പെട്ട പലതരത്തിലുള്ള ചര്‍ച്ചകള്‍ നടക്കുന്നുണ്ടെങ്കിലും ഇപ്പോള്‍ അതിലൊന്നും പ്രതികരിക്കാനില്ലെന്നും സഞ്ജു ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സ് നായകനായ സഞ്ജു അടുത്ത സീസണില്‍ ടീം വിടാന്‍ ആഗ്രഹം പ്രകടിപ്പിച്ചുവെന്നും ചെന്നൈ സൂപ്പര്‍ കിംഗ്സ് അടക്കമുള്ള താരങ്ങള്‍ സഞ്ജുവിനായി രംഗത്തുണ്ടെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു.


