ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് ക്യാപ്റ്റനെന്ന നിലയിലും കളിക്കാരനെന്ന നിലയിലും നിറം മങ്ങിയതോടെ അക്ഷറിന്‍റെ പേരും ക്യാപ്റ്റൻ സ്ഥാനത്തേക്ക് ഇനി പരിഗണിക്കാനിടയില്ലെന്നാണ് കരുതുന്നത്.
മുംബൈ: ഐപിഎല്‍ കഴിഞ്ഞതോടെ ഇന്ത്യൻ ടി20 ടീമിന്‍റെ അടുത്ത നായകനായി ആരെത്തുമെന്നാണ് ക്രിക്കറ്റ് ലോകത്തെ പ്രധാന ചര്‍ച്ചാവിഷയം. ടി20 ലോകകപ്പ് കിരീടം നേടിയെങ്കിലും, ക്യാപ്റ്റൻ സൂര്യകുമാർ യാദവിന്‍റെ സമീപകാലത്തെ മോശം ഫോം നായകസ്ഥാനത്തിന് ഭീഷണിയാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. സൂര്യകുമാറിന് പകരക്കാരനായി ശ്രേയസ് അയ്യരുടെയും സഞ്ജു സാംസണിന്‍റെയും പേരുകളാണ് തുടക്കത്തില്‍ ഉയര്‍ന്നു കേട്ടിരുന്നതെങ്കില്‍ ഐപിഎല്‍ കഴിഞ്ഞതോടെ ഇതില്‍ മാറ്റം വന്നതായാണ് സൂചനകള്‍. ഐപിഎല്ലില്‍ രണ്ട് സെഞ്ചുറി അടിച്ച് ചെന്നൈ സൂപ്പര്‍ കിംഗ്സിന്‍റെ ടോപ് സ്കോററായെങ്കിലും ടീമിന് പ്ലേ ഓഫ് യോഗ്യത നേടാനാവാതെ പോയതും നിര്‍ണായക മത്സരങ്ങളില്‍ ഓപ്പണറെന്ന നിലയില്‍ തിളങ്ങാനാവാതെ പോയതും സഞ്ജുവിന് തിരിച്ചടിയാകുമെന്നാണ് കരുതുന്നത്.
ഗുജറാത്തിനെ ഐപിഎല്‍ ഫൈനലിലേക്ക് നയിച്ച ശുഭ്മാൻ ഗില്ലിന്‍റെ പേര് വീണ്ടും ക്യാപ്റ്റൻ സ്ഥാനത്തേക്ത് സജീവമാകുമ്പോള്‍, , ശ്രേയസ് അയ്യർ, ഇഷാൻ കിഷൻ, എന്നിവരുടെ പേരുകളും ഉയർന്നു കേൾക്കുന്നുണ്ട്. ടി20 ലോകകപ്പിൽ ഇന്ത്യക്കായി തകർപ്പൻ പ്രകടനം പുറത്തെടുത്ത് 'പ്ലേയർ ഓഫ് ദി ടൂർണമെന്‍റ്' പുരസ്കാരം സ്വന്തമാക്കിയതോടെയാണ് സഞ്ജുവിന്‍റെ പേര് ഇന്ത്യയുടെ നായക സ്ഥാനത്തേക്ക് ഉയര്‍ന്നത്. ലോകകപ്പിന് പിന്നാലെ സൂര്യകുമാര്‍ ഐപിഎല്ലിലും ഫോം ഔട്ടാവുകയും തുടക്കത്തിലെ പതര്‍ച്ചക്കുശേഷം സഞ്ജു ചെന്നൈക്കായി രണ്ട് സെഞ്ചുറികള്‍ നേടുകയും ചെയ്തതോടെ സഞ്ജു അടുത്ത ഇന്ത്യൻ നായകനാകുമെന്ന് ആരാധകർ ഉറപ്പിച്ചു. എന്നാൽ, ടി20 ഫോർമാറ്റിൽ സഞ്ജുവിന്‍റെ 'സ്ഥിരതയില്ലായ്മ'യിൽ സെലക്ടർമാർക്കും ബിസിസിഐ ഉന്നതർക്കും ഇപ്പോഴും ആശങ്കയുണ്ടെന്ന് ‘ടൈംസ് ഓഫ് ഇന്ത്യ’ റിപ്പോർട്ട് ചെയ്തു.
ലോകകപ്പിൽ അക്സർ പട്ടേലായിരുന്നു സൂര്യകുമാറിന് കീഴില്‍ ഇന്ത്യയുടെ വൈസ് ക്യാപ്റ്റൻ. എന്നാല്‍ ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് ക്യാപ്റ്റനെന്ന നിലയിലും കളിക്കാരനെന്ന നിലയിലും നിറം മങ്ങിയതോടെ അക്ഷറിന്‍റെ പേരും ക്യാപ്റ്റൻ സ്ഥാനത്തേക്ക് ഇനി പരിഗണിക്കാനിടയില്ലെന്നാണ് കരുതുന്നത്. ഹൈദരാബാദിനെ തുടക്കത്തില്‍ നയിച്ച ഇഷാൻ കിഷന്‍റെയും ഗുജറാത്തിനെ ഫൈനലിലെത്തിച്ച ശുഭ്മാന്‍ ഗില്ലിന്‍റെയും ഐപിഎല്ലിന്‍റെ തുടക്കത്തില്‍ തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്ത പഞ്ചാബ് നായകൻ ശ്രേയസ് അയ്യരുടെയും പേരുകളാണ് ഇപ്പോള്‍ സെലക്ടര്‍മാരുടെ സജീവ പരിഗണനയിലുള്ളത്. ലോകകപ്പിലെ മികച്ച പ്രകടനത്തിന്‍റെ ആനുകൂല്യം സഞ്ജുവിനുണ്ടെങ്കിലും, കരിയറിലെ സ്ഥിരതയില്ലായ്മ ബിസിസിഐയിലെ പ്രധാന ഭാരവാഹികളെ പൂർണ്ണമായി തൃപ്തിപ്പെടുത്തിയിട്ടില്ലെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ടില്‍ പറയുന്നു. ചെന്നൈ സൂപ്പർ കിങ്സിനായി ഈ സീസണില്‍ 43.36 ശരാശരിയിലും 165.63 എന്ന സ്ട്രൈക്ക് റേറ്റിലും 477 റൺസാണ് സഞ്ജു നേടിയത്.
