ടീമിലെത്തുമെന്ന് നേരത്തെ നിര്‍ദേശം ലഭിച്ചിരുന്നതായി സഞ്ജു പറഞ്ഞു.

തിരുവനന്തപുരം: ബംഗ്ലാദേശിനെതിരായ ടി20 പരമ്പരയില്‍ അവസാന മത്സരത്തില്‍ സെഞ്ചുറി നേടിയ ശേഷം കഴിഞ്ഞ ദിവസമാണ് സഞ്ജു സാംസണ്‍ കേരളത്തില്‍ തിരിച്ചെത്തിയത്. രഞ്ജി ട്രോഫി കളിക്കുന്ന കേരള ക്യാംപ് സഞ്ജു സന്ദര്‍ശിച്ചിരുന്നു. കര്‍ണാടകയ്‌ക്കെതിരായ രഞ്ജി ട്രോഫി മത്സരത്തിനുള്ള കേരളാ ടീമിലും സഞ്ജു ഇടം നേടി. ബംഗ്ലാദേശിനെതിരായ ഇന്നിംഗ്‌സ് വലിയ ആത്മവിശ്വാസമാണ് സഞ്ജുവിന് നല്‍കിയത്. ബംഗ്ലാദേശിനെതിരെ പുറത്തെടുത്ത പ്രകടനത്തിന് മുമ്പുള്ള തയ്യാറെടുപ്പുകളെ കുറിച്ച് സംസാരിക്കുകയാണ് സഞ്ജു.

ടീമിലെത്തുമെന്ന് നേരത്തെ നിര്‍ദേശം ലഭിച്ചിരുന്നതായി സഞ്ജു പറഞ്ഞു. താരത്തിന്റെ വാക്കുകള്‍... ''പരമ്പരയ്ക്ക് മൂന്ന് ആഴ്ച്ചകള്‍ക്ക് മുമ്പ് തന്നെ എനിക്ക് ടീമിലുണ്ടാവുമെന്നുള്ള നിര്‍ദേശം ലഭിച്ചിരുന്നു. മൂന്ന് ടി20 മത്സരത്തിലും ഓപ്പണറായി തന്നെ കളിക്കുമെന്ന് എനിക്ക് ഉറപ്പ് ലഭിച്ചു. തയ്യാറായിരിക്കാനും പറഞ്ഞു. അതുകൊണ്ടുതന്നെ കാര്യമായ തയ്യാറെടുപ്പ് നടത്തി. ശ്രീലങ്കന്‍ പര്യടനത്തിന് ശേഷം ഒരുമാസം ഇടവേള ലഭിച്ചിരുന്നു. ഈ സമയത്ത് കുടുംബവുമായി കൂടുതല്‍ സമയം ചെലവഴിക്കാന്‍ സാധിച്ചു. അതിനിടെ ദുലീപ് ട്രോഫിയില്‍ കളിക്കാന്‍ അവസരം ലഭിച്ചു. അവിടെ നന്നായി കളിക്കാന്‍ സാധിച്ചു. ആ സെഞ്ചുറി എന്റെ ആത്മവിശ്വാസം വര്‍ധിപ്പിച്ചു. എന്നാല്‍ വെള്ള പന്തുകളും ചുവന്ന പന്തുകളും വലിയ അന്തരമുണ്ട്. ദുലീപ് ട്രോഫി കഴിഞ്ഞ ഉടനെ രാജസ്ഥാന്‍ റോയല്‍സിന്റെ ക്യാംപിലേക്ക് പോയി. അവിടെ നാല് ദിവസം രാഹുല്‍ ദ്രാവിഡിന്റെ കീഴില്‍ പരിശീലിച്ചു.'' ഇതെല്ലാം പരമ്പരയില്‍ എനിക്ക് ഗുണം ചെയ്‌തെന്ന് സഞ്ജു പറഞ്ഞു.

ബാറ്റിംഗ് പൊസിഷനെ കുറിച്ചും സഞ്ജു സംസാരിച്ചു. ''ഞാന്‍ ഇനിയും ഓപ്പണറായി തുടരുമെന്ന് ഉറപ്പ് പറയാന്‍ കഴിയില്ല. ഒന്ന് മുതല്‍ ആറാം സ്ഥാനത്ത് വരെ കളിക്കാനുള്ള ആത്മവിശ്വാസം എനിക്കുണ്ട്. ഞാന്‍ എവിടെ കളിക്കണമെന്നള്ള കാര്യത്തില്‍ ഇപ്പോഴും ചര്‍ച്ച നടന്നുകൊണ്ടിരിക്കുയാണ്. ചുവന്ന പന്തുകളില്‍ കളിക്കണമെന്ന് എനിക്ക് നിര്‍ദേശമുണ്ടായിരുന്നു. നിശ്ചിത ഓവര്‍ ക്രിക്കറ്റ് മാത്രം കളിക്കുന്നതിന് അപ്പുറത്ത് ടെസ്റ്റും കൂടി കളിക്കാനാണ് എനിക്ക് താല്‍പര്യം. അത്തരത്തിലുള്ള പ്രകടനങ്ങള്‍ നടത്തണം. തീര്‍ച്ചയായും അവസരം വരുമെന്ന് കരുതുന്നു.'' സഞ്ജു വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു.

ബംഗ്ലാദേശിനെതിരെ സെഞ്ചുറി അടിച്ചശേഷം കൂടുതല്‍ സന്തോഷം തോന്നിയത് മറുവശത്തുനിന്ന് സൂര്യകുമാര്‍ തന്നെ ഹെല്‍മെറ്റ് ഊരി ആഘോഷിക്കാനായി ഓടി വന്നപ്പോഴാണ്. സെഞ്ചുറി അടിച്ചശേഷം എന്തു ചെയ്യണം എന്നാലോചിച്ചു ഞാന്‍ നില്‍ക്കുമ്പോഴാണ് ഹെല്‍മെറ്റൊക്കെ ഊരി സെഞ്ചുറി ആഘോഷിക്കാനായി സൂര്യ അടുത്തെത്തിയിരിക്കുന്നത്. ഒരു ക്യാപ്റ്റന്റെ ഭാഗത്തുനിന്ന് അത്രവലിയ പിന്തുണ കിട്ടുന്നത് ഒരു കളിക്കാരന്റെ ഭാഗ്യമാണെന്നും സഞ്ജു കൊച്ചിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.