'സഞ്ജുവിന്‍റെ സ്ഥിരതയ്ക്കെതിരെ എപ്പോഴും ചോദ്യമുയര്‍ന്നിട്ടുണ്ട്. എന്നാല്‍ ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ പരമ്പരയില്‍ സഞ്ജു സ്ഥിരത തെളിയിച്ചു'.
മുംബൈ: എന്നും തനിക്കെതിരെ വിമര്‍ശകര്‍ വിരല്‍ചൂണ്ടിയ സ്ഥിരതയില്ലായ്‌മയെന്ന പഴി സഞ്ജു സാംസണ്‍ മായ്ച്ചുകളഞ്ഞിരിക്കുകയാണ് ഇപ്പോള്‍. ന്യൂസിലന്‍ഡ് എയ്‌ക്കെതിരായ മിന്നും ഫോം ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ഏകദിനങ്ങളിലും തുടരുകയായിരുന്നു സഞ്ജു. പ്രോട്ടീസ് പരമ്പരയിലെ മൂന്ന് മത്സരങ്ങളിലും നോട്ടൗട്ടായി ടീമിന് കരുത്തായ സഞ്ജുവിന്‍റെ സ്ഥിരതയെ പ്രശംസിക്കുകയാണ് ഇന്ത്യന്‍ മുന്‍ ഓപ്പണര്‍ വസീം ജാഫര്‍.
സഞ്ജു സാംസണ്‍ എന്നെ ഏറെ ആകര്‍ഷിച്ചു. സഞ്ജുവിന്‍റെ സ്ഥിരതയ്ക്കെതിരെ എപ്പോഴും ചോദ്യമുയര്‍ന്നിട്ടുണ്ട്. എന്നാല്‍ ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ പരമ്പരയില്‍ സഞ്ജു സ്ഥിരത തെളിയിച്ചു. ആദ്യ മത്സരത്തില്‍ ഇന്ത്യയെ ജയിപ്പിക്കാനായില്ലെങ്കിലും രണ്ടാം മത്സരത്തില്‍ മത്സരം ഫിനിഷ് ചെയ്യുകയും മൂന്നാം മത്സരത്തിലും നോട്ടൗട്ടാവുകയും ചെയ്തു. ടി20യില്‍ മികച്ചതല്ലെങ്കിലും ടെസ്റ്റിലും ഏകദിനത്തിലും വിക്കറ്റ് കീപ്പറായി റിഷഭ് പന്തിന് ഭിഷണിയുണ്ടെന്ന് തോന്നുന്നില്ല. കെ എല്‍ രാഹുല്‍ കീപ്പ് ചെയ്യും, സഞ്ജു മികച്ച പ്രകടനം കാഴ്‌ചവെക്കുന്നു എന്നതൊക്കെ ശരിതന്നെ. എന്നാല്‍ ഏകദിനത്തില്‍ റിഷഭിനെ മാറ്റുമെന്ന് കരുതുന്നില്ല. റിഷഭ് പന്തിന്‍റെ പ്രകടനത്തെ ആശ്രയിച്ചല്ല, സ്വന്തം മികവിലാണ് സഞ്ജു ടീമില്‍ നില്‍ക്കേണ്ടത് എന്നും വസീം ജാഫര്‍ ഇഎസ്‌പിഎന്‍ ക്രിക്‌ഇന്‍ഫോയില്‍ പറഞ്ഞു.
വിരാട് കോലി, രോഹിത് ശര്‍മ്മ, കെ എല്‍ രാഹുല്‍, റിഷഭ് പന്ത് തുടങ്ങിയ മുന്‍നിര ബാറ്റര്‍മാരുടെ അഭാവത്തിലും ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പര ഇന്ത്യ നേടിയപ്പോള്‍ സഞ്ജുവിന്‍റെ പ്രകടനം നിര്‍ണായകമായിരുന്നു. നേരത്തെ വെസ്റ്റ് ഇന്‍ഡീസ്, സിംബാബ്‌വെ പര്യടനങ്ങളില്‍ മികവ് കാട്ടിയിട്ടും സഞ്ജുവിനെ ടി20 ലോകകപ്പ് ടീമില്‍ ഉള്‍പ്പെടുത്താതിരുന്നത് വലിയ വിമര്‍ശനത്തിന് വഴിവെച്ചിരുന്നു. അടുത്ത വര്‍ഷം നടക്കുന്ന ഏകദിന ലോകകപ്പില്‍ സഞ്ജു കളിക്കുമോ എന്നതാണ് അടുത്ത ആകാക്ഷ.
എനിക്ക് ടീം മാനേജ്മെന്‍റില്‍ നിന്ന് കൃത്യമായ നിര്‍ദേശമുണ്ട്, പുതിയ റോളിനെക്കുറിച്ച് സഞ്ജു സാംസണ്‍
