തിരുവനന്തപുരം: ഇന്ത്യയുടെ ടി20 ടീമില്‍ കളിക്കാന്‍ അവസരം ലഭിച്ചിട്ടും അത്ര മികച്ച പ്രകടനമായിരുന്നില്ല മലയാളി താരം സഞ്ജു സാംസണിന്റേത്. ന്യൂസിലന്‍ഡിനെതിരെ രണ്ട് മത്സരങ്ങളില്‍ കളിക്കാന്‍ അവസരം ലഭിച്ചിട്ടും ബാറ്റിങ്ങില്‍ താരം പരാജയപ്പെട്ടു. താരത്തിന് അനുകൂലമായുണ്ടായ ഒരേയൊരു കാര്യം സീനിയര്‍ താരങ്ങള്‍ക്കൊപ്പം ഡ്രസിങ് റൂം പങ്കിടാന്‍ കഴിഞ്ഞൂവെന്നാണ്. ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിക്കൊപ്പം ഡ്രസിങ് റൂം പങ്കിടാന്‍ പറ്റിയത് വലിയ കാര്യമെന്നാണ് സഞ്ജു പറയുന്നത്. 

ക്യാപ്റ്റനൊപ്പം ഡ്രസിങ് റൂം പങ്കിടാന്‍ പറ്റിയ അനുഭവത്തെ കുറിച്ച് സംസാരിക്കുകയാണ് മലയാളി താരം. ''കോലിക്കൊപ്പം ഞാന്‍ ആദ്യമായിട്ടാണ് ഡ്രസിങ് റൂമില്‍ സമയം ചെലവഴിക്കുന്നത്. എപ്പോഴും സന്തോഷത്തോടെ ഇരിക്കുന്ന വ്യക്തിയാണ് അദ്ദേഹം. എപ്പോഴും ചിരിച്ചുകൊണ്ടിരിക്കും. ഗ്രൗണ്ടിലിറങ്ങിയാല്‍ കോലി പക്വയേറിയ ക്യാപ്്റ്റനാവും. രവി ശാസ്ത്രിയും കോലിയും ഉള്‍പ്പെടുന്ന ഡ്രസിങ് നല്‍കുന്ന പോസിറ്റീവ് എനര്‍ജി വലുതാണ്.

ഓരോ യുവതാരവും വിരാട് കോലിയില്‍ നിന്ന് പലതും പഠിക്കാനുണ്ട്. യുവതാരങ്ങള്‍ക്ക് എന്തെങ്കിലും കോലിയില്‍ നിന്ന് കിട്ടും. ന്യൂസിലന്‍ഡ് പര്യടനത്തിനെ ബാറ്റിങ് ടെക്‌നിക്കുകളെ കുറിച്ചും ശരീരം ഫിറ്റായിരിക്കേണ്ടതിനെ കുറിച്ചും എന്നോട് സംസാരിക്കുമായിരുന്നു. 

കോലിയാണ് എന്റെ റോള്‍ മോഡല്‍. ജിമ്മില്‍ പോലും അദ്ദേഹം കൃത്യത പാലിക്കാറുണ്ട്. ഒരു വിട്ടുവീഴ്ചയ്ക്കും അദ്ദേഹം തയ്യാറാല്ല.'' സഞ്ജു പറഞ്ഞുനിര്‍ത്തി.