വസീം ജാഫറിന്‍റെ സ്‌ക്വാഡില്‍ വിക്കറ്റ് കീപ്പറായി രാജസ്ഥാന്‍ റോയല്‍സിന്‍റെ മലയാളി താരം സഞ്ജു സാംസണ്‍ ഇടംപിടിച്ചു
മുംബൈ: ഐപിഎല്ലിന്(IPL 2022) ശേഷം ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ നടക്കുന്ന ടി20 പരമ്പരയ്‌ക്കുള്ള(IND vs SA 2022) ഇന്ത്യന്‍ ടീം(Team India) എങ്ങനെയായിരിക്കുമെന്നത് വലിയ ആകാംക്ഷയാണ്. ഐപിഎല്‍ മികവോടെ സഞ്ജു സാംസണ്‍(Sanju Samson) അടക്കമുള്ള യുവതാരങ്ങള്‍ ആരൊക്കെ ടീമിലെത്തും എന്നതാണ് ആകാംക്ഷ കൂട്ടുന്നത്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഇന്ത്യന്‍ സ്‌ക്വാഡിനെ മുന്‍ ഓപ്പണര്‍ വസീം ജാഫര്‍(Wasim Jaffer) തെരഞ്ഞെടുത്തപ്പോള്‍ ആരാധകര്‍ക്ക് സന്തോഷിക്കാനേറെയുണ്ട്.
രാജസ്ഥാന്‍ റോയല്‍സിന്‍റെ മലയാളി താരം സഞ്ജു സാംസണ്‍ വിക്കറ്റ് കീപ്പറായി വസീം ജാഫറിന്‍റെ സ്‌ക്വാഡിലുണ്ട്. പഞ്ചാബ് കിംഗ്‌സിന്‍റെ ശിഖര്‍ ധവാനും ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്‍റെ റുതുരാജ് ഗെയ്‌ക്‌വാദുമാണ് ടീമിന്‍റെ ഓപ്പണര്‍മാര്‍. മൂന്നാം ഓപ്പണറായി ഡല്‍ഹി ക്യാപിറ്റല്‍സിന്‍റെ പൃഥ്വി ഷായുമുണ്ട്. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനായി മികച്ച ഇന്നിംഗ്‌സുകള്‍ കാഴ്‌ചവെച്ച രാഹുല്‍ ത്രിപാഠിക്കും ഇടമുണ്ട്. ഗുജറാത്ത് ടൈറ്റന്‍സിനായി മിന്നും പ്രകടനത്തോടെ ഓള്‍റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യ ഇന്ത്യന്‍ ടീമില്‍ മടങ്ങിയെത്തുമെന്ന് ജാഫര്‍ പ്രവചിക്കുന്നു. പാണ്ഡ്യയാണ് ജാഫറിന്‍റെ ടീമിന്‍റെ നായകനെന്നതും സവിശേഷത.
വിക്കറ്റ് കീപ്പര്‍ സ്ഥാനത്ത് രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍ സഞ്ജു സാംസണിനൊപ്പം റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ താരം ദിനേശ് കാര്‍ത്തിക്കുമുണ്ട്. സീസണില്‍ ആര്‍സിബിയുടെ മികച്ച ഫിനിഷറായി തിളങ്ങുകയാണ് ഡികെ. മുംബൈ ഇന്ത്യന്‍സിന്‍റെ തിലക് വര്‍മയാണ് മധ്യനിരയിലെ മറ്റൊരു സാന്നിധ്യം. രാജസ്ഥാന്‍ റോയല്‍സിന്‍റെ യുസ്‌വേന്ദ്ര ചാഹല്‍, ഡല്‍ഹി ക്യാപിറ്റല്‍സിന്‍റെ അക്‌സര്‍ പട്ടേല്‍ എന്നിവരാണ് ജാഫറിന്‍റെ ടീമിലെ സ്‌പിന്നര്‍മാര്‍. ആര്‍സിബിയുടെ ഹര്‍ഷല്‍ പട്ടേല്‍, സണ്‍റൈസേഴ്‌സിന്‍റെ ഭുവനേശ്വര്‍ കുമാര്‍, ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സിന്‍റെ ആവേഷ് ഖാന്‍ എന്നിവരാണ് പേസര്‍മാര്‍. ലഖ്‌നൗവിന്‍റെ മൊഹ്‌സീന്‍ ഖാന്‍, സണ്‍റൈസേഴ്‌സിന്‍റെ ടി നടരാജന്‍ എന്നിവരിലൊരാളെക്കൂടി പേസറായി ഉള്‍പ്പെടുത്തണം എന്നും മുന്‍താരം വാദിക്കുന്നു.
വസീം ജാഫറിന്‍റെ സ്‌ക്വാഡ്: ശിഖര്‍ ധവാന്‍, റുതുരാജ് ഗെയ്‌ക്‌വാദ്, പൃഥ്വി ഷാ, രാഹുല്‍ ത്രിപാഠി, ഹര്‍ദിക് പാണ്ഡ്യ(ക്യാപ്റ്റന്‍), സഞ്ജു സാംസണ്‍(വിക്കറ്റ് കീപ്പര്‍), തിലക് വര്‍മ്മ, ദിനേശ് കാര്‍ത്തിക്(വിക്കറ്റ് കീപ്പര്‍), യുസ്‌വേന്ദ്ര ചാഹല്‍, അക്‌സര്‍ പട്ടേല്‍, ഹര്‍ഷല്‍ പട്ടേല്‍, ഭുവനേശ്വര്‍ കുമാര്‍, ആവേഷ് ഖാന്‍, മൊഹ്‌സീന്‍ ഖാന്‍/ടി നടരാജന്‍.
IPL 2022 : ഓസീസ് താരങ്ങളുടെ ഒരു കാര്യം! ബെയ്‌ല്‍സിലെ ഭാഗ്യം ഗ്ലെന്‍ മാക്‌സ്‌വെല്ലിനും
