അടുത്ത മാസം നടക്കുന്ന ഏഷ്യാ കപ്പിനുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ ഈ മാസം പ്രഖ്യാപിക്കും. സഞ്ജു സാംസൺ, ശ്രേയസ് അയ്യർ എന്നിവർ ടീമിൽ ഉറപ്പിക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.
മുംബൈ: അടുത്ത മാസം നടക്കുന്ന ഏഷ്യാ കപ്പിനുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ ഈ മാസം മൂന്നാ വാരം പ്രഖ്യാപിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ ആരൊക്കെ ടീമിലെത്തുമെന്നറിയാനുള്ള ആകാംക്ഷയിലാണ് ആരാധകര്‍. വിക്കറ്റ് കീപ്പറായി സഞ്ജു സാംസണ്‍ സ്ഥാനം നിലനിര്‍ത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. റിഷഭ് പന്തിന് പരിക്കേറ്റതും ഇഷാന്‍ കിഷന്‍ ഐപിഎല്ലില്‍ നിറം മങ്ങിയതും സഞ്ജുവിന്‍റെ സാധ്യത കൂട്ടുന്നു. രണ്ടാം വിക്കറ്റ് കീപ്പറായി ഐപിഎല്ലില്‍ ആര്‍സിബിക്കായി തിളങ്ങിയ ജിതേഷ് ശര്‍മയും തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
അതേസമയം ഐപിഎല്ലില്‍ പഞ്ചാബ് കിംഗ്സിനായി ശ്രേയസ് അയ്യര്‍ ടി20 ടീമില്‍ തിരിച്ചെത്തുമെന്നാണ് കരുതുന്നത്. ക്യാപ്റ്റനായും ബാറ്ററായും തിളങ്ങിയ ശ്രേയസ് ഐപിഎല്ലില്‍ 17 മത്സരങ്ങളില്‍ നിന്ന് 604 റണ്‍സടിച്ചിരുന്നു. ടി20 റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തെത്തിയ അഭിഷേക് ശര്‍മയും സഞ്ജു സാംസണും തന്നെ ഓപ്പണിംഗില്‍ തുടരുമോ എന്ന കാര്യം സംശയമാണ്. ഐപിഎല്ലില്‍ 559 റണ്‍സടിച്ച യശസ്വി ജയ്സ്വാള്‍ ഏഷ്യാ കപ്പിനുള്ള ടീമില്‍ തിരിച്ചെത്തിയാല്‍ സഞ്ജു മധ്യനിരയിലേക്ക് മാറേണ്ടിവരും. അതേസമയം, ബംഗ്ലാദേശിനെതിരെയും ദക്ഷിണാഫ്രിക്കക്കെതിരെയുമായി മൂന്ന് സെഞ്ചുറി നേടിയ സഞ്ജുവിനെ ഓപ്പണിംഗില്‍ നിന്ന് മാറ്റുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.
യശസ്വി ജയ്സ്വാളും അഭിഷേക് ശര്‍മയും ഓപ്പണര്‍മാരായാല്‍ സഞ്ജുവിന് മൂന്നാം നമ്പറിലെങ്കിലും അവസരം നല്‍കേണ്ടിവരും. ഐപിഎല്ലില്‍ 759 റണ്‍സുമായി ഓറഞ്ച് ക്യാപ് നേടിയ സായ് സുദര്‍ശനും ഓപ്പണിംഗിലോ മൂന്നാം നമ്പറിലോ അവസരം കാത്തിരിക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് നാലാം നമ്പറിലേക്ക് ഇറങ്ങേണ്ടിവരുമെന്നാണ് കരുതുന്നത്. അതേസമയം, ഐപിഎല്ലില്‍ 650 റണ്‍സടിച്ച ടെസ്റ്റ് ടീം നായകന്‍ ശുഭ്മാൻ ഗില്ലിന് ടി20 ടീമില്‍ ഇടമുണ്ടാകില്ലെന്നാണ് സൂചന. അഭിഷേകും യശസ്വിസും സഞ്ജുവും ടീമിലുണ്ടായാല്‍ ഗില്ലിനെ ഓപ്പണറായി കളിപ്പിക്കാനാവില്ല. ദക്ഷിണാഫ്രിക്കയില്‍ സെഞ്ചുറികളുമായി തിളങ്ങിയ തിലക് വര്‍മയും ഹാര്‍ദ്ദിക് പാണ്ഡ്യയും അക്സര്‍ പട്ടേലും ടീമില്‍ തിരിച്ചെത്തുമ്പോള്‍ റിങ്കു സിംഗ് പുറത്താകുമോ എന്നും ആരാധകര്‍ ഉറ്റുനോക്കുന്നു.
ഐപിഎല്ലില്‍ തിളങ്ങാന്‍ കഴിയാതിരുന്നത് റിങ്കുവിന് തിരിച്ചടിയാണ്. ഐപിഎല്ലില്‍ ആര്‍സിബിക്കായി ഓള്‍ റൗണ്ടറായി തിളങ്ങിയ ക്രുനാല്‍ പാണ്ഡ്യയെ പരിഗണിക്കുമോ എന്നും കണ്ടറിയണം. പേസര്‍മാരായ ജസ്പ്രീത് ബുമ്രക്കും മുഹമ്മദ് സിറാജിനും വിശ്രമം അനുവദിച്ചാല്‍ അര്‍ഷ്ദീപ് സിംഗിനാകും പേസ് നിരയെ നയിക്കാനുള്ള ചുമതല. ഹര്‍ഷിത് റാണയും രണ്ടാം പേസറായി ടീമിലെത്തും. സ്പിന്‍ നിരയില്‍ വരുണ്‍ ചക്രവര്‍ത്തി-കുല്‍ദീപ് യാദവ്-അക്സര്‍ പട്ടേല്‍ സഖ്യം തുടരും.


